ബര്‍ലിന്‍ ∙ ജീവനക്കാരുടെ കുറവും വീസ കാലതാമസവും ജർമനിയുടെ ടൂറിസം മേഖലയെ ബാധിക്കുന്നുവെന്നു റിപ്പോർട്ട്. വിദേശ തൊഴിലാളികള്‍ക്കുള്ള വീസ കാലതാമസത്തിന് പുറമേ, ജർമനിയിലെ ധാരാളം ഹോട്ടലുകളും റസ്റ്ററന്റുകളും ജീവനക്കാരുടെ ക്ഷാമം നേരിടുന്നുണ്ട്. ഇതാവട്ടെ രാജ്യത്തെ യാത്രാ, ടൂറിസം വ്യവസായത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനെ മന്ദഗതിയിലാക്കുകയാണ്. ഇതിൽ നിന്നും രക്ഷനേടാൻ, വിദേശ തൊഴിലാളികൾക്കുള്ള വീസ നടപടികൾ രാജ്യം ലളിതമാക്കാനുള്ള സാധ്യത കൂടുതലാണ്.
Read Also: ഫ്രാൻസിസ് മാർപാപ്പ ശനിയാഴ്ച ആശുപത്രിവിടും
ജര്‍മനിയുടെ അഡ്മിനിസ്ട്രേറ്റീവ് പ്രക്രിയ വേഗത്തിലാണെങ്കിൽ വിദേശികള്‍ക്ക് എളുപ്പത്തില്‍ കുടിയേറി ഈ മേഖലയില്‍ ജോലി ചെയ്യുക മാത്രമല്ല രാജ്യത്തിന് പുരോഗതി കൈവരുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, ജർമന്‍ ട്രെയിനികളെ കണ്ടെത്തുന്നത് വെല്ലുവിളിയാണെന്ന് ഈ മേഖലയിലെ പ്രമുഖർ വിലയിരുത്തുന്നു.
കോവിഡ് മഹാമാരിയുടെ സമയത്ത്, പ്രത്യേകിച്ച് കാറ്ററിങ് മേഖലയില്‍ ഹോട്ടലുകളിലും മറ്റും ജീവനക്കാരുടെ കുറവ് രൂക്ഷമായിട്ടുണ്ട്. കൂടാതെ, ജർമന്‍ ഫെഡറല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് നല്‍കിയ സമീപകാല കണക്കുകളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം ജീവനക്കാരുടെ കമ്മി 11.8 ശതമാനമായിരുന്നുവെന്ന് വെളിപ്പെടുത്തി. ഈ മേഖലയിലെ പല ജോലികളും മാനസികമായും ശാരീരികമായും ഞെരുക്കുന്നതാണ്.
അതേസമയം, ബുദ്ധിമുട്ടുകളെക്കുറിച്ചും വീസ കാലതാമസങ്ങളെക്കുറിച്ചും അറിയാമെന്ന് ജർമന്‍ ഫെഡറല്‍ ഫോറിന്‍ ഓഫീസും ശരി വെയ്ക്കുന്നു. നൈപുണ്യമുള്ള തൊഴിലാളികള്‍ക്കും തൊഴില്‍ വിസകള്‍ക്കുമായി ചിലപ്പോള്‍ നീണ്ട കാത്തിരിപ്പിന്റെയും പ്രോസസ്സിംഗ് സമയത്തിന്റെയും പ്രശ്നം ഇതിനകം പരിഹരിച്ചുവരുന്നതായും ഓഫീസ് പറഞ്ഞു.
ഈ വര്‍ഷം ആദ്യം, ജർമനിയിലെ പകുതിയിലധികം കമ്പനികളും വിദഗ്ധ തൊഴിലാളികളുടെ അഭാവത്തെത്തുടര്‍ന്ന് ഒഴിവുകള്‍ നികത്താന്‍ പാടുപെടുകയാണെന്ന് ജർമന്‍ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഡിഐഎച്ച്കെ) പറഞ്ഞു. കൂടാതെ, ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ എംപ്ളോയ്മെന്റ് റിസര്‍ച്ച് നല്‍കിയ ഡാറ്റ, രാജ്യം 1.98 ദശലക്ഷം ജോലി ഒഴിവുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ട് ചെയ്തു.
നിലവിലെ സാഹചര്യം കൈകാര്യം ചെയ്യുന്നതിനായി അധികാരികള്‍ തൊഴില്‍ കുടിയേറ്റ നിയമനിര്‍മ്മാണം ലഘൂകരിക്കുന്നത് അവസാന ഘട്ടത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തെ പല വ്യവസായങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്ന ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനായി, വിദേശികള്‍ക്ക് ജർമനിയില്‍ ആറു മാസത്തേക്ക് താമസിക്കാനും തൊഴില്‍ കണ്ടെത്താനും അനുവദിക്കുന്നതിന് തൊഴിലന്വേഷക വീസ നല്‍കുന്നുണ്ട്.