ഷൈജുവിന്റെ കുടുംബത്തെ സഹായിക്കാൻ യുക്മയും പിഎംസിസിയും സംയുക്തമായി ഫണ്ട് ശേഖരണം ആരംഭിച്ചു

Mail This Article
പ്ലിമത്ത് ∙ യുകെ ഡെവണിന് സമീപം പ്ലിമത്തിൽ കുഴഞ്ഞു വീണു മരിച്ച മലയാളി യുവാവ് ഷൈജു സ്കറിയ ജയിംസിന്റെ (37) കുടുംബത്തെ സഹായിക്കുന്നതിനായി യുക്മ ഫണ്ട് ശേഖരണം ആരംഭിച്ചു. പ്ലിമത്തിലെ മലയാളി അസോസിയേഷനായ പ്ലിമത്ത് മലയാളി കൾച്ചറൽ കമ്മ്യൂണിറ്റിയുടെ സഹകരണത്തോടെയാണ് ഫണ്ട് ശേഖരണം.
18 ന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് പുന്നവേലി സ്വദേശിയായ ഷൈജു പ്ലിമത്ത് ഡെറിഫോർഡ് യൂണിവേഴ്സിറ്റി എൻഎച്ച്എസ് ആശുപത്രിയിൽ കുഴഞ്ഞു വീണു മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രിയിൽ നിന്നും ലഭിച്ച പ്രാഥമിക വിവരം. മരണത്തിന്റെ നാല് ദിവസം മുൻപാണ് ഷൈജുവിന്റെ ഭാര്യ പെൺകുഞ്ഞിന് ജന്മം നൽകിയത്.
ഭാര്യ നിത്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ തന്നെയായിരുന്ന ഷൈജു തിങ്കളാഴ്ചയാണ് മകനെ സ്കൂളിൽ വിടുന്നതിനായി വീട്ടിലേക്ക് മടങ്ങിയത്. മകനെ സ്കൂളിൽ വിട്ട ശേഷം ആശുപത്രിയിൽ മടങ്ങിയെത്തിയ ഷൈജുവിനെ ആശുപത്രിയുടെ ശുചിമുറിയിൽ കുഴഞ്ഞു വീണു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
രണ്ടു വർഷം മുൻപാണ് ഷൈജു യുകെയിൽ എത്തുന്നത്. പ്ലിമത്തിലെ ബട്സ് എന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ഷൈജു യുകെയിൽ എത്തും മുൻപ് കുവൈത്തിൽ ആയിരുന്നു. മൂന്ന് വർഷം മുൻപ് യുകെയിൽ എത്തിയ ഭാര്യ നിത്യ പ്ലിമത്ത് യൂണിവേഴ്സിറ്റി ആശുപത്രിയിലെ ന്യൂറോ സർജറി യൂണിറ്റിലെ നഴ്സാണ്. പ്ലിമത്തിലെ മലയാളി അസോസിയേഷനായ പിഎംസിസിയുടെ സജീവ പ്രവർത്തകരായിരുന്നു ഷൈജുവും കുടുംബവും. ഷൈജുവിന്റെ ഭാര്യ പിഎംസിസി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. .
പുന്നവേലി മുളയംവേലി മുരിക്കനാനിക്കൽ വീട്ടിൽ ജെയിംസ് ജോസഫ് (തങ്കച്ചൻ), ജോളിമ്മ (നടുവിലേ പറമ്പിൽ) എന്നിവരാണ് മാതാപിതാക്കൾ. മക്കൾ: ആരവ്, അന്ന. ഷൈജുവിന്റെ ഭാര്യ നിത്യയുടെ പേരിൽ 25,000 പൗണ്ട് ലക്ഷ്യത്തിലാണ് ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുള്ളതെന്ന് യുക്മ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്, പ്ലിമത്ത് മലയാളി കൾച്ചറൽ കമ്മ്യൂണിറ്റി പ്രസിഡന്റ് സിബി ജോസഫ്, സെക്രട്ടറി ആര്യ വിജയൻ എന്നിവർ അറിയിച്ചു.
താഴെ കാണുന്ന ലിങ്കിലൂടെ യുകെ മലയാളികൾക്ക് ഷൈജുവിന്റെ കുടുംബത്തെ സഹായിക്കാം.