ADVERTISEMENT

പ്രവാസി മലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജൻ ഒരുക്കിയ പ്രഥമ കലാസാംസ്കാരിക വേദി പ്രൗഡ ഗംഭീരമായി തുടങ്ങി. ഏപ്രിൽ 28 നു വൈകുന്നേരം നാലുമണിക്കു വെർച്വൽ പ്ളാറ്റ്ഫോമിലൂടെ ഒരുക്കിയ കലാസാംസ്കാരിക വേദി വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ പ്രസിഡന്റും ധന്യ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ സിഇഒയും ജോൺ മത്തായി ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള ഭദ്രദീപം തെളിച്ചു പ്രവാസികൾക്കായി നവസന്ദേശം പകർന്നപ്പോൾ വെർച്വൽ പ്ളാറ്റ്ഫോമിൽ പങ്കെടുത്തുകൊണ്ടിരുന്ന എല്ലാ പ്രവാസി മലയാളികളും ദീപം തെളിച്ചു കൊണ്ടു ആ സന്ദേശം ഏറ്റുവാങ്ങി. വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ വൈസ് ചെയർമാനും കലാസാംസ്കാരിക രംഗത്തു തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളതുമായ ഗ്രിഗറി മേടയിലാണു ഈ കലാസാംസ്കാരിക വേദി മോഡറേഷൻ ചെയ്യുവാനെത്തിയത്.

ജെയിംസ് പാത്തിക്കലിന്റെ (വൈസ് പ്രസിഡന്റ് ജർമൻ പ്രൊവിൻസ്) ഈശ്വര പ്രാർഥനക്കുശേഷം വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജൻ പ്രസിഡന്റ് ജോളി എം പടയാട്ടിൽ എല്ലാവരേയും സ്വാഗതം ചെയ്തു. യോഗാധ്യക്ഷൻ  ചെയർമാൻ ജോളി തടത്തിൽ, ഗ്ളോബൽ ചെയർമാൻ ഗോപാലപിള്ള തുടങ്ങിയവർ വേൾഡ് മലയാളി കൗൺസിൽ തുടക്കമിട്ട കലാസാംസ്കാരിക വേദിയുടെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിച്ചു. വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജൻ സെക്രട്ടറി ബാബു തോട്ടപ്പള്ളി ആശംസകൾ നേർന്നു. പ്രത്യേക അതിഥികളായി എത്തിയ കൊച്ചിൻ ഇന്റർനാഷനൽ എയർപോർട്ട് ഡയറക്ടർ മനുവും പബ്ലിക് റിലേഷൻ ഓഫീസർ ജയനും എയർപോർട്ടിൽ പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗത്തേയും അവരുടെ സേവനം യാത്രക്കാർക്ക് എങ്ങനെ ലഭ്യമാക്കാം എന്നതിനെക്കുറിച്ചും വിശദമായി സംസാരിച്ചു. 

കൊച്ചിൻ ഇന്റർനാഷനൽ എയർപോർട്ടിൽ ഹൃദയസ്തംഭനം മൂലം മരിച്ച അഭിലാഷ് എന്ന പ്രവാസി മലയാളിക്ക് എയർപോർട്ടിൽ നിന്നു പ്രഥമ ശുശ്രൂഷ കിട്ടുവാൻ വൈകിയെന്ന വാർത്തകൾ കേട്ടു ആശങ്കയിൽ കഴിഞ്ഞിരുന്ന പ്രവാസി മലയാളികൾക്കു ആശ്വാസം പകരുന്ന വാക്കുകളായിരുന്നു മനുവും ജയനും പങ്കുവച്ചത്. മാധ്യമ പ്രവർത്തകനും വേൾഡ് മലയാളി കൗൺസിൽ ജർമൻ പ്രൊവിൻസ് പ്രസിഡന്റുമായ ജോസ് കുമ്പിളുവേലിൽ, വേൾഡ് മലയാളി കൗൺസിൽ ഡോക്ടേഴ്സ് ഫോറം പ്രസിഡന്റ് ഡോ. ജിമ്മി മൊയ്‍ലാൻ, ഗ്ളോബൽ വൈസ് പ്രസിഡന്റ് തോമസ് അറംമ്പൻ കുടി, വേൾഡ് മലയാളി കൗൺസിൽ എൻആർകെ ഫോറം പ്രസിഡന്റ് അബ്ദുൾ ഹാക്കിം, മാധ്യമ പ്രവർത്തകനും പ്രമുഖ സാഹിത്യകാരനും  എഴുത്തുകാരനുമായ കാരൂർ സോമൻ തുടങ്ങിയവരാണ് അഭിലാഷ്  എന്ന യുവാവിന്റെ മരണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിക്കുവാനുള്ള പാനലിൽ ഉണ്ടായിരുന്നത്.

പ്രമുഖ എഴുത്തുകാരിയും വാഗ്മിയും അക്ഷരി ഫൗണ്ടേഷൻ സിഇഒയും വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ വിമൻസ് ഫോം പ്രസിഡന്റുമായ പ്രൊഫസർ ഡോ. ലളിത മാത്യു കലാസാംസ്കാരിക വേദിയിൽ താനെഴുതിയ ഉറങ്ങട്ടെ മുത്തശ്ശി എന്ന കവിത അവതരിപ്പിച്ചു. രാജു കന്നേക്കാട്ടു (ഐയർലണ്ട് പ്രൊവിൻസ്) അവതരിപ്പിച്ച ഗഫൂർക്ക ദോസ്ത് എന്ന കവിതയും ജോൺസൺ, ആൻസി തലശല്ലൂർ (പ്രസിഡന്റ്) വേൾഡ് മലയാളി കൗൺസിൽ (അമേരിക്ക റീജൻ) അവതരിപ്പിച്ച രുഗ്‌മ ഗാനവും ഷൈബു ജോസഫ് കട്ടിക്കാട്ടിന്റെ ഗാനവും ഗായകനും കലാകാരനുമായ സോബിച്ചൻ ചേന്നങ്കരയുടെ ഗാനങ്ങളും കലാസാംസ്കാരിക വേദിയെ പ്രൗഡഗംഭീരമാക്കി.

വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജൻ ട്രഷറർ ഷൈബു ജോസഫ് കട്ടിക്കാട്ടു കൃതജ്ഞത പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിയുന്ന മലയാളികൾക്കായി എല്ലാ മാസത്തിന്റെയും അവസാനത്തെ വെള്ളിയാഴ്ച വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജൻ ഒരുക്കുന്ന ഈ കലാസാംസ്കാരിക വേദിയുടെ അടുത്ത സമ്മേളനം മെയ് 26 –ാം തീയതി ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് (യുകെ ടൈം) വെർച്ചൽ പ്ളാറ്റ് ഫോമിലൂടെ നടക്കുന്നതാണ്. ഈ കലാസാംസ്കാരിക വേദിയിൽ എല്ലാ പ്രവാസി മലയാളികൾക്കും അവർ താമസിക്കുന്ന രാജ്യങ്ങളിൽ നിന്നുകൊണ്ടു തന്നെ ഇതിൽ പങ്കെടുക്കുവാനും അവരുടെ കലാസൃഷ്ടികൾ അവതരിപ്പിക്കുവാനും (കവിതകൾ, ഗാനങ്ങൾ  തുടങ്ങിയവ ആലപിക്കുവാനും) ആശയ വിനിമയങ്ങൾ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.

ജോളി എം. പടയാട്ടിൽ (പ്രസിഡന്റ്) – 04915753181523

ജോളി തടത്തിൽ (ചെയർമാൻ) – 0491714426264

ബാബു തോട്ടപ്പിള്ളി (ജന. സെക്രട്ടറി) –0447577834404

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com