ലണ്ടൻ ∙ ജൂലൈ 15 ന് നനീട്ടനിൽ വച്ച് നടക്കുന്ന യുക്മ ദേശീയ കായികമേളയ്ക്ക് മുന്നോടിയായുള്ള റീജനൽ കായികമേളകൾക്ക് നാളെ (20/05/2023) തുടക്കം കുറിക്കും. റീജിനൽ കായികമേളകളിലെ ആദ്യത്തേത് യോർക്ക്ഷയർ ആൻഡ് ഹംബർ റീജന്റെ ആഭിമുഖ്യത്തിൽ ഹൾ ക്രാൻബ്രൂക്ക് അവന്യുവിലുള്ള സെന്റ് മേരീസ് കോളജ് മൈതാനത്ത് വച്ച് നടത്തപ്പെടും.
യുക്‌മ നാഷനൽ വൈസ് പ്രസിഡൻറ് ലീനുമോൾ ചാക്കോ ഉദ്ഘാടനം ചെയ്യുന്ന മത്സരങ്ങൾക്ക് ഹൾ ഇന്ത്യൻ മലയാളി അസോസിയേഷൻ ആതിഥ്യം വഹിക്കും. യുക്മ റീജിയനൽ പ്രസിഡന്റ് വർഗീസ് ഡാനിയൽ, ദേശീയ സമിതിയംഗം സാജൻ സത്യൻ, സെക്രട്ടറി അമ്പിളി സെബാസ്റ്റ്യൻ, ട്രഷറർ ജേക്കബ് കളപ്പുരക്കൽ, സ്പോർട്സ് കോഓർഡിനേറ്റർ ബാബു സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് സിബി മാത്യു, ജോയിന്റ് സെക്രട്ടറി ജിന്നറ്റ് അവറാച്ചൻ, ജോയിന്റ് ട്രഷറർ ജോസ് വർഗ്ഗീസ്, സങ്കീഷ് മാണി, സജിൻ രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ കായികമേളയുടെ സുഗമമായ നടത്തിപ്പിന് വേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
മേയ് 27 ശനിയാഴ്ച മിഡ്‌ലാൻഡ്സ് റീജനൽ കായികമേള നനീട്ടനിലെ ദ പിംഗിൾസ് സ്റ്റേഡിയത്തിൽ വച്ചും, നോർത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ് റീജനൽ കായികമേളകൾ ജൂൺ 10 ശനിയാഴ്ചയും, ഈസ്റ്റ് ആഗ്ലിയ, സൗത്ത് വെസ്റ്റ് റീജനൽ കായികമേളകൾ ജൂലൈ 1 ശനിയാഴ്ചയും നടത്തപ്പെടും.
കായികമേളയിൽ പങ്കെടുക്കുന്നതിനുള്ള റജിസ്ട്രേഷൻ ഓൺലൈനിൽ ചെയ്യുന്നതിനുള്ള സൗകര്യം ഇതിനോടകം തയാറായി കഴിഞ്ഞു. ജെഎംപി സോഫ്റ്റ് വെയർ ലിമിറ്റഡാണ് കായികമേളയുടെ ഓൺലൈൻ റജിസ്ട്രേഷൻ തയാറാക്കിയിരിക്കുന്നത്.
ജൂലൈ 15 ന് നനീട്ടണിൽ വച്ച് നടക്കുന്ന ദേശീയ കായികമേളയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരികയാണെന്ന് കായികമേളയുടെ ചുമതലയുള്ള യുക്മ ദേശീയ ജോയിന്റ് സെക്രട്ടറിമാരായ പീറ്റർ താണോലിൽ, സ്മിത തോട്ടം, ദേശീയ കായികമേള കോഓർഡിനേറ്റർ സലീന സജീവ് എന്നിവർ അറിയിച്ചു.
യുക്മ റീജനൽ, ദേശീയ കായികമേളകൾ വൻ വിജയമാക്കി തീർക്കുവാൻ യുക്മയിലെ മുഴുവൻ അംഗ അസോസിയേഷനുകളുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് യുക്മ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ് എന്നിവർ അഭ്യർഥിച്ചു