ADVERTISEMENT

ലണ്ടൻ ∙ ബ്രിട്ടനിൽ 47 ദിവസം മാത്രം അധികാരത്തിലിരുന്ന ലിസ് ട്രസ് മന്ത്രിസഭയിൽനിന്നും ഒരാഴ്ചയ്ക്കിടെ രാജിവയ്ക്കേണ്ടി വന്ന ഹോം സെക്രട്ടറിയാണ്  സുവെല്ല ബ്രേവർമാൻ. ഇന്ത്യൻ വംശജയായ ഈ യുവ വനിതാ നേതാവിനെ പക്ഷേ, ഋഷി സുനക് തന്റെ മന്ത്രിസഭയിൽ വീണ്ടും ഹോം സെക്രട്ടറിയാക്കി. ഇപ്പോൾ വീണ്ടും മറ്റൊരു വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ് നിലപാടുകളിൽ കാർക്കശ്യക്കാരിയായ സുവെല്ല. പേഴ്സനൽ ഇ-മെയിലിൽനിന്നും ഒരു എംപിക്ക് ഔദ്യോഗിക രേഖകൾ അയച്ചതായിരുന്നു നേരത്തെ വിവാദമായതും മന്ത്രിക്കസേര തെറിപ്പിച്ചതും. ഇപ്പോൾ ട്രാഫിക് റൂൾ മറികടക്കാൻ കുറുക്കുവഴി തേടി എന്ന ആരോപണമാണ് സുവെല്ല നേരിടുന്നത്. 

 

കുറ്റകരമായ നടപടികളൊന്നും തന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല എന്ന് ഹോം സെക്രട്ടറി പറയുമ്പോഴും  ഗുരുതരമായ കൃത്യവിലോപമോ ഇടപെടലുകളോ ഉണ്ടായോ എന്നന്വേഷിക്കാൻ എത്തിക്സ് അഡ്വൈസറെ ചുമതലപ്പെടുത്തിയിരിക്കുകയാണ് പ്രധാനമന്ത്രി. ഈ അന്വേഷണ റിപ്പോർട്ട് എതിരായാൽ പ്രധാനമന്ത്രിക്ക് സുവെല്ലയെ തള്ളിപ്പറയേണ്ടി വരും. 

 

കുടിയേറ്റം നിയന്ത്രിക്കാൻ ഇമിഗ്രേഷൻ നിയമങ്ങളിൽ സമഗ്രമായ പൊളിച്ചെഴുത്തു നടത്താൻ തയാറെടുക്കുന്ന ഹോം സെക്രട്ടറിക്ക് അതിനു മുമ്പേ പടിയിറങ്ങേണ്ടി വരുമോ എന്നാണ് ബ്രിട്ടനിലെ ഇന്ത്യൻ വിദ്യാർഥികൾ അടക്കമുള്ളവർ ആകാംഷയോടെ  കാത്തിരിക്കുന്നത്. പാർലമെന്റിലും പുറത്തും വിഷയം ഗൗരവമായി എടുക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. 

 

2022ലാണ് സംഭവത്തിന്റെ തുടക്കം. ട്രാഫിക് നിയമം ലംഘിച്ച് അമിതവേഗതയിൽ കാറോടിച്ചതിന് സുവെല്ല പിടിയിലായി. ലൈസൻസിന്റെ മൂന്നു പോയിന്റും പിഴയും അടയ്ക്കേണ്ട കുറ്റം. ഇതിൽനിന്നും തലയൂരാൻ ഒറ്റമാർഗമേ ഉണ്ടായിരുന്നുള്ളൂ. ഡ്രൈവർ ആൻഡ് വെഹിക്കിൾ ലൈസൻസിങ് ഏജൻസി (ഡിവിഎൽഎ.) സംഘടിപ്പിക്കുന്ന ഒരു ദിവസത്തെ ട്രാഫിക് അവെയർനസ് കോഴ്സിൽ പങ്കെടുക്കുക. ഒടുവിൽ കോഴ്സിൽ പങ്കെടുക്കാൻ തന്നെ സുവെല്ല തീരുമാനിച്ചു. അതുവരെ അപാകതകൾ ഒന്നുമില്ല. പക്ഷേ, പലർ പങ്കെടുക്കുന്ന കോഴ്സിൽ പോയിരിക്കാൻ ഹോം സെക്രട്ടറിക്ക് മടി. പകരം തനിക്കു മാത്രമായി ഒരു കോഴ്സ് സംഘടിപ്പിക്കാനാകുമോ  എന്ന് സിവിൽ സർവീസ് ഉദ്യോഗസ്ഥരോട് ഒരന്വേഷണം. കാരണം പറഞ്ഞത് സുരക്ഷാ ഭീഷണിയും. അതോടെ കളി മാറി. ഇത് തങ്ങളുടെ പണിയല്ല, എന്നായി സിവിൽ സർവീസ് ഉദ്യോഗസ്ഥർ. പിന്നീട് ഒരു പടികൂടി കടന്ന് പ്രൈവറ്റ് കോഴ്സിന് സാധ്യതയുണ്ടോയെന്നും സ്പെഷൽ അഡ്വൈസർ വഴി സുവെല്ല അന്വേഷിച്ചു എന്നാണ് ആരോപണം. അതിന് സാധ്യതയില്ലെന്ന് സ്പീഡ് കോഴ്സ് സംഘാടകർ അറിയിച്ചതോടെ പിഴയടച്ച്, പോയിന്റ് കളഞ്ഞ് പ്രശ്നം പരിഹരിച്ചു. 

 

പ്രത്യക്ഷത്തിൽ കാര്യമായ പ്രശ്നങ്ങൾ ഒന്നുമില്ലാത്ത സംഭവമാണെങ്കിലും ബ്രിട്ടനിൽ ഒരു മന്ത്രിക്കു രാജിവയ്ക്കാൻ ഇതുതന്നെ കാരണം അധികമാണ്. നിയമം നിർമിക്കുന്നവർ, നടപ്പിലാക്കേണ്ടവർ, അതിന് പ്രേരിപ്പിക്കേണ്ടവർ ഇവരൊക്കെ ചെയ്യുന്ന ചെറിയ കുറ്റകൃത്യങ്ങളോ, കൃത്യവിലോപങ്ങളോ ഒക്കെ വലിയ പ്രശ്നമാണ്. 

 

നിയമത്തെ മറികടക്കാൻ ഹോം സെക്രട്ടറി കുറുക്കുവഴി തേടി എന്ന വലിയ ആരോപണമാണ് സുവെല്ല നേരിടുന്നത്. എത്തിക്സ് അഡ്വൈസറുടെ കണ്ടെത്തൽ ഇതു ശരിവച്ചാൽ മന്ത്രിസഭയിൽനിന്നും സുവെല്ലയുടെ വഴി പുറത്തേക്കാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com