റോം ∙ നഗരഹൃദയത്തിലെ അതിപുരാതനവും പ്രശസ്തവുമായ ത്രേവി ജലധാരയിലെ വെള്ളത്തിൽ കറുത്ത ചായം കലക്കിയ കാലാവസ്ഥാ പ്രവർത്തകരുടെ നടപടിയിൽ വ്യാപക പ്രതിഷേധം. കാലാവസ്ഥാ പ്രതിസന്ധിയാണ് ഇറ്റലിയുടെ വടക്കൻ എമിലിയ-റൊമാഗ്ന മേഖലയിലെ രൂക്ഷമായ വെള്ളപ്പൊക്കത്തിന് കാരണമെന്നും ഫോസിൽ ഇന്ധനങ്ങൾക്കുള്ള പൊതു സബ്‌സിഡികൾ നിർത്തലാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. 'ഉൾത്തിമ ജെനറത്സിയോണെ' എന്ന ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഒൻപതുപേരുടെ ഒരു സംഘമാണ് ജലധാര മലിനമാക്കിയത്. ഫോസിൽ ഇന്ധനങ്ങൾക്കെതിരെയുള്ള ബാനറുകളുമേന്തി ജലധാരയിലിറങ്ങി ചായംകലക്കിയ സമരക്കാരെ പൊലീസ് ബലംപ്രയോഗിച്ചാണ് നീക്കംചെയ്തത്.

ചരിത്രസ്മാരകങ്ങൾക്കുനേരെ പരിസ്ഥിതി നശീകരണക്കാർ നടത്തുന്ന ആക്രമണങ്ങൾ തുടർസംഭവങ്ങളായി മാറുകയാണെന്നും ഇതു പ്രോത്സാഹിപ്പിക്കാനാകില്ലെന്നും സാംസ്‌കാരിക മന്ത്രി ജെന്നാരോ സാങ്ഗുലിയാനോ പറഞ്ഞു. റോം മേയർ റോബർതോ ഗ്വാൾതിയേരിയും പ്രതിക്ഷേധക്കാരുടെ നടപടിയെ അപലപിച്ചു, ത്രേവി ജലധാരയിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് 300000 ലീറ്റർ ജലം കൂടുതൽ ആവശ്യമാകുമെന്നും കലാപരമായ പൈതൃകങ്ങൾക്കുനേരെയുള്ള ഇത്തരം അസംബന്ധ ആക്രമണങ്ങൾ ആവർത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

റോമിലെ മറ്റൊരു വിനോദസഞ്ചാരകേന്ദ്രമായ സ്പാനിഷ് സ്റ്റെപ്പുകളുടെ ചുവട്ടിലെ ബാർകാസിയ ജലധാരയിലും രണ്ടുമാസംമുൻപ് സമരക്കാർ കറുത്ത ചായം കലക്കിയിരുന്നു. റോമിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ത്രേവി ജലധാര 1762 ൽ ആണ് ഉദ്ഘാടനം ചെയ്തത്. ഓരോ ദിവസവും പതിനായിരക്കണക്കിന് വിനോദസഞ്ചാരികളാണ് ഇവിടെ സന്ദർശനം നടത്തുന്നത്.