കൊളോണ്‍ ∙ കൊളോണ്‍ കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ജര്‍മന്‍കാരുള്‍പ്പടെ 42 അംഗ സംഘം നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയ സംസ്ഥാന നിയമസഭ സന്ദര്‍ശിച്ചു.
മേയ് നാലിന് രാവിലെ 10 മണിയ്ക്ക് പ്രവേശന കവാടത്തിലെത്തിയ സംഘത്തെ നിയമസഭാ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു. സുരക്ഷാ പരിശോധനയ്ക്കു ശേഷം ഇന്‍ഫര്‍മേഷന്‍ ഹാളില്‍ ഇന്‍ഫോ മേധാവി മുള്ളര്‍ഹന്‍സ് ഡ്യുസല്‍ഡോര്‍ഫ് നിയമനിര്‍മാണ സഭയായ അസംബ്ലിയെപ്പറ്റി ഹ്രസ്വമായി വിഡിയോ പ്രദര്‍ശനത്തിന്റെ സഹായത്തോടെ വിശദീകരിച്ചു.
തുടര്‍ന്ന് സംഘം നിയമസഭയിലെ സന്ദര്‍ശക ഗാലറിയില്‍ പ്രവേശിച്ചു. നോർത്ത് റൈൻ വെസ്റ്റ്ഫാലിയ സംസ്ഥാനത്തെ ഈ വര്‍ഷത്തെ മര്‍മപ്രധാനമായ ക്യാബിനറ്റ് കൂടുന്ന ദിവസമായിരുന്നു സന്ദര്‍ശനം. സംസ്ഥാന വിദ്യാഭ്യാസ ബില്ലും അതിന്റെ മറ്റു കാര്യങ്ങളുമായിരുന്നു അന്നത്തെ വിഷയം. ബജറ്റ് അവതരണത്തിനായി നിയമസഭാംഗങ്ങളും മുഖ്യമന്ത്രി ഹെന്‍ഡ്രിക് വ്യുസ്റ്ററും സഹമന്ത്രിമാരും രാവിലെ 9.45 നെത്തിയിരുന്നു. പത്തിനു തന്നെ നിയമസഭാ നടപടി ക്രമങ്ങള്‍ ആരംഭിച്ചു.

സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ഡൊറോത്തി ഫെല്ലെര്‍ ബജറ്റ് അവതരിപ്പിച്ചതിനു ശേഷം അതിന്റെ ചര്‍ച്ചയില്‍ ഭരണപക്ഷവും പ്രതിപക്ഷവും നടത്തിയ വാദപ്രതിവാദങ്ങള്‍ക്ക് മന്ത്രി മറുപടി പറഞ്ഞു. നടപടികള്‍ പൂര്‍ണമായി വീക്ഷിച്ചും വിവിധ രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങളുടെ വിശദീകരണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഏതാണ്ട് ഒരു മണിക്കൂര്‍ നേരം സംഘം സാക്ഷിയായി. നിയമസഭാ മന്ദിരത്തിലെ പ്രസിദ്ധമായ ഓവാസ റസ്റ്ററന്റിൽ പ്രഭാത ഭക്ഷണത്തിന്റെയും ഉച്ചഭക്ഷണത്തിന്റെയും ഘടകങ്ങള്‍ ചേര്‍ന്നുള്ള ബ്രഞ്ച് സല്‍ക്കാരവും ലഭിച്ചു.
തുടര്‍ന്ന് ബ്രൂള്‍ എംഎല്‍എ ജോര്‍ജ് ഗോളാണ്ടിന്റെ ക്യാബിനില്‍ അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംഘാംഗങ്ങളുമായി ചര്‍ച്ചകള്‍ നടത്തി. ജര്‍മനിയെ എല്ലാതലത്തിലും പിടിച്ചുലക്കുന്ന തൊഴിലാളി ക്ഷാമം, ഷോള്‍സ് സര്‍ക്കാരിന്റെ അഭയാർഥി നയവുമെല്ലാം പ്രതിപാദന വിഷയമായിരുന്നു.
കൂടാതെ, വിദേശികളുടെ ജര്‍മനിയിലെ രാഷ്ട്രീയം, പൊലീസിന്റെ സുരക്ഷാ നിയമങ്ങള്‍, മലയാളി രണ്ടാം തലമുറയെ ജര്‍മന്‍ രാഷ്ട്രീയത്തിലേയ്ക്ക് എങ്ങനെ കൊണ്ടുവരാം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കു ശേഷം അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് എംഎല്‍എ ഗോളാണ്ട് മറുപടി പറഞ്ഞു.
ഭവനഭേദനം, മോഷണം, പിടിച്ചുപറി, പോക്കറ്റടി, അടുത്തിടെ ഉണ്ടാകുന്ന അപ്രതീക്ഷിത കത്തിയാക്രമണം തുടങ്ങിയ ക്രിമിനല്‍ വിഷയങ്ങളില്‍ എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും അതിനുവേണ്ട നിയമ സഹായങ്ങളെക്കുറിച്ചും നിയമസഭയിലെ സുരക്ഷാ കമ്മറ്റി അംഗവും ചാന്‍സലര്‍ അംഗലാ മെര്‍ക്കലിന്റെ പാര്‍ട്ടിക്കാരനുമായ എംഎല്‍എ വിവരിച്ചു.

പുതുതായി കുടിയേറുന്ന മലയാളികളുടെ പാര്‍പ്പിട പ്രശ്നം, ജോലി സംബന്ധമായ കാര്യങ്ങള്‍, അവരുടെ പുതിയ പൊതുവിലുള്ള വിവരങ്ങള്‍ എല്ലാം എംഎല്‍എയുടെ ശ്രദ്ധയില്‍പ്പെടുത്തി.
നിയമസഭ സന്ദര്‍ശിയ്ക്കാന്‍ അവസരമൊരുക്കിത്തന്ന എംഎല്‍എയെ പ്രത്യേകം അഭിനന്ദിച്ചുകൊണ്ട് സമാജം പ്രസിഡന്റ് ജോസ് പുതുശേരി പ്രസംഗിച്ചു. സമാജം ജനറല്‍ സെക്രട്ടറി ഡേവീസ് വടക്കുംചേരി നന്ദി പറഞ്ഞു. എംഎല്‍എയ്ക്കും അദ്ദേഹത്തിന്റെ സെക്രട്ടറിയ്ക്കും അദ്ദേഹത്തിന്റെ സെക്രട്ടറിയ്ക്കും സമാജത്തിന്റെ വകയായി ചെറിയ ഉപഹാരവും സമ്മാനിച്ചു. ഫോട്ടോ സെഷനു ശേഷമാണ് എംഎല്‍എ ജോര്‍ജ് ഗോളാണ്ടിനോട് യാത്ര പറഞ്ഞത്.
ഇതിനിനിടയില്‍ നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയ സംസ്ഥാനത്തിന്റെ തൊഴില്‍, ആരോഗ്യ, സാമൂഹികകാര്യ മന്ത്രി കാള്‍ ജോസഫ് ലൗമാനുമായും സംഘം സംസാരിച്ചു. മൂന്നാം തവണയാണ് കൊളോണ്‍ കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നോർത്ത് റൈൻ വെസ്റ്റ്ഫാലിയ സംസ്ഥാനത്തിന്റെ ലാന്റ്ടാഗ് സന്ദര്‍ശനം നടത്തിയത്. ജനസാന്ദ്രതയിൽ ജർമനിയിലെ ഏറ്റവും വലിയ സംസ്ഥാനമാണിത്.
തുടര്‍ന്ന് റൈന്‍ നദിയുടെ തീരത്തുള്ള പാര്‍ക്കില്‍ സംഘം സൗഹൃദം പുതുക്കി. ആള്‍ട്ട്ബിയറും, ലഘുഭക്ഷണവുമായി ഒന്നരമണിക്കൂര്‍ പാര്‍ക്കില്‍ ചെലവഴിച്ച ശേഷമാണ് സ്വഭവനങ്ങളിലേയ്ക്ക് മടങ്ങിയത്.
ഷീബ കല്ലറയ്ക്കല്‍ (ട്രഷറർ), പോൾ ചിറയത്ത് (വൈസ് പ്രസിഡന്റ്), ജോസ് കുമ്പിളുവേലില്‍ (കള്‍ച്ചറല്‍ സെക്രട്ടറി), റോയി സ്കറിയ കറുകമാലില്‍ (സ്പോര്‍ട്സ് സെക്രട്ടറി), ബിന്റോ പുന്നൂസ് കളത്തില്‍എന്നിവരാണ് സമാജത്തിന്റെ മറ്റു കമ്മറ്റിയംഗങ്ങള്‍.