റോം ∙ വെനീസിലെ ചരിത്രപ്രസിദ്ധമായ ഗ്രാന്റ് കനാലിലെ ജലത്തിന് അപ്രതീക്ഷിത നിറംമാറ്റം. അടിയന്തിര അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ. കണ്ണീരുപോലെ തെളിഞ്ഞ കനാലിലെ ഒരുഭാഗത്തെ ജലം കഴിഞ്ഞദിവസം രാവിലെയാണ് ഫ്ലൂറസെന്റ് പച്ച നിറത്തിലേക്ക് മാറിയത്. കനാലിലെ പ്രസിദ്ധമായ റിയാൽതോ പാലത്തിനു സമീപമുള്ള പ്രദേശത്താണ് നിറംമാറ്റം കൂടുതൽ പ്രകടമായത്. തുടർന്ന് കൂടുതൽ പ്രദേശങ്ങളിലേക്ക് പച്ചനിറം പടരുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.
അപ്രതീക്ഷിതമായ നിറംമാറ്റത്തിൽ അമ്പരന്നുപോയ ജലയാന ജീവനക്കാർ അധികൃതരെ വിവരമറിയിച്ചു. ജലത്തിന്റെ നിറംമാറ്റം പരിശോധിക്കാൻ പരിസ്ഥിതി വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി വെനെറ്റോ റീജിയൻ ഗവർണർ ലൂക്കാ സായ അറിയിച്ചു. നിറംമാറ്റത്തിന്റെ ഉത്ഭവം എവിടെനിന്നാണെന്ന് അന്വേഷിക്കാൻ പൊലീസിന്റെ അടിയന്തര യോഗവും വിളിച്ചിട്ടുണ്ട്.

അധികൃതർ ജല സാമ്പിളുകൾ എടുക്കുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. കനാലിലെ പായലോ അൽഗകളോ ആവാം നിറംമാറ്റത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ വാരാന്ത്യത്തിൽ റോമിലെ ത്രേവി ജലധാരയിൽ 'ഉൾതിമ ജനറത്സിയോണെ' എന്ന ഗ്രൂപ്പിന്റെ പ്രവർത്തകർ കറുത്ത ചായം കലക്കി പ്രതിക്ഷേധിച്ചിരുന്നു. ഇവരാണോ ഗ്രാന്റ് കനാലിലെ നിറം മാറ്റത്തിനു പിന്നിലെന്നു സംശയിച്ച് അധികൃതർ അവരെ ബന്ധപ്പെട്ടെങ്കിലും സംഭവത്തിൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്ന് അവർ അറിയിച്ചു.

ഇതാദ്യമായല്ല വെനീസിലെ ഗ്രാൻന്റ് കനാലിൽ നിറവ്യത്യാസം ഉണ്ടാകുന്നത്. 1968-ൽ അർജന്റീനിയൻ കലാകാരനായ നിക്കോളാസ് ഗാർസിയ, വെനീസ് ബിനാലെയോടനുബന്ധിച്ച് ചില രാസപദാർഥങ്ങൾ ഉപയോഗിച്ച് കനാലിലെ വെള്ളത്തിന് പച്ചനിറം നൽകിയിരുന്നു. അന്ന് ഇത് വലിയ വിമർശനങ്ങൾക്കും വിളിച്ചുവരുത്തി.
English Summary :Water in Venice Grand canal turns fluorescent green.