ഹിറ്റ്ലറിന് കാമുകി ഇവാ ബ്രൗണ്‍ സമ്മാനിച്ച പെന്‍സില്‍ ലേലത്തിന്
Mail This Article
ബെല്‍ഫാസ്ററ്∙ ലോകത്തെ വിറപ്പിച്ച ജര്‍മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലറിന് കാമുകി ഇവാ ബ്രൗണ്‍ സമ്മാനിച്ച പെന്‍സില്‍ ലേലത്തിന്. ജൂണ്‍ ആറിന് വടക്കന്‍ അയര്‍ലന്‍ഡിന്‍റെ തലസ്ഥാനമായ ബെല്‍ഫാസ്ററിലാണ് ലേലം.
പെന്‍സിലിന് ഏകദേശം ഒരു കോടിയോളം രൂപ ലഭിക്കുമെന്നാണു പ്രതീക്ഷ. ഹിറ്റ്ലര്‍ ഒപ്പിട്ട ഒറിജിനല്‍ ഫോട്ടോയും രാജ്യദ്രോഹക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ട ഐറിഷ് വിമതര്‍ക്ക് 1869ല്‍ വിക്ടോറിയ രാജ്ഞി കൈകൊണ്ട് എഴുതിയ അപൂര്‍വമായ ക്ഷമാപണക്കത്തും ഒന്നാം ലോക മഹായുദ്ധത്തിന്‍റെ മെഡലുകളും രണ്ടാം ലോക മഹായുദ്ധവുമായി ബന്ധപ്പെട്ട രേഖകളും ബ്ളൂംഫീല്‍ഡ് ലേലത്തില്‍ ഉള്‍പ്പെടുന്നു.
1941 ഏപ്രില്‍ 20ന് ഹിറ്റ്ലറുടെ 52-ാം ജന്മദിനത്തില്‍ ദീര്‍ഘകാലം പങ്കാളിയായിരുന്ന ഇവാ ബ്രൗണ്‍ സമ്മാനിച്ചതാണ് വെള്ളികൊണ്ടു പൊതിഞ്ഞ പെന്‍സില്‍. പെന്‍സിലില്‍ "1941 ഏപ്രില്‍ 10 വരെ ഏറ്റവും ആത്മാര്‍ഥമായി ഈവ' എന്ന എഴുത്തുണ്ട്.
പെന്‍സിലിനു മുകളില്‍ "എഎച്ച്' എന്ന് ആലേഖനം ചെയ്തിട്ടുമുണ്ട്. ഇവായെ 1945 ഏപ്രില്‍ 30നാണു ഹിറ്റ്ലര്‍ ഔദ്യോഗികമായി വിവാഹം കഴിക്കുന്നത്. ചടങ്ങുകള്‍ക്കു തൊട്ടുപിന്നാലെ ദമ്പതികള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.
2002-ൽ നടന്ന ലേലത്തിൽ ലേലക്കാരൻ വാങ്ങിയ പെൻസിലിന് ജർമ്മൻ ഭാഷയിൽ "ഇവ" എന്ന് അവസാനിക്കുന്ന ഒരു ലിഖിതമുണ്ട്, കൂടാതെ "AH" എന്ന ഇനീഷ്യലുമുണ്ട്.
English Summary: Hitler's pencil up for auction