ADVERTISEMENT

വാൽസിങാം ∙ ഇംഗ്ലണ്ടിലെ നസ്രേത്ത് എന്ന് വിഖ്യാതമായതും, റോം, ജറുശലേം,സെൻറ്. ജെയിംസ് എന്നീ പ്രമുഖ ആഗോള കത്തോലിക്ക തീർഥാടന കേന്ദ്രങ്ങൾക്കൊപ്പം തന്നെ മഹനീയ സ്ഥാനം വഹിക്കുന്നതും, പ്രമുഖ മരിയന്‍ പുണ്യകേന്ദ്രവുമായ വാൽസിങാമില്‍ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാര്‍ സഭയുടെ തീർഥാടനം ജൂലൈ 15 നു ശനിയാഴ്ച നടക്കും. വാൽസിങാം തീർഥാടനം ഭക്തിനിര്‍ഭരമായും ആഘോഷപ്പൊലിമ ചോരാതെയും നടത്തുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി സംഘാടകർ അറിയിച്ചു. ഈ വർഷം തീർഥാടനത്തിന് നേതൃത്വവും ആതിഥേയത്വവും വഹിക്കുന്നത് ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതയുടെ കേംബ്രിജ് റീജനിലെ വിശ്വാസ സമൂഹമാണ്. 

ഗബ്രിയേൽ മാലാഖ ഉണ്ണിയേശുവിന്റെ ജനനത്തെ കുറിച്ച് ദൈവ കൽപനയുടെ മംഗള വാർത്ത നൽകിയ നസ്രത്തിലെ ഭവനത്തിന്റെ തനി പകർപ്പ് ഇംഗ്ലണ്ടിൽ നിർമിക്കണമെന്ന പരിശുദ്ധ അമ്മയുടെ ഇംഗിതത്തിൽ ഇംഗ്ലണ്ടിലേക്ക് നസ്രേത്ത് പറിച്ചു നടപ്പെട്ടു എന്ന് വിശ്വസിക്കുന്ന മരിയൻ തീർഥാടന കേന്ദ്രമാണ് വാൽസിങാം. 

തീർഥാടന ശുശ്രൂഷകളുടെ സമയ ക്രമം. 

09:30 am - ജപമാലയും  ആരാധനയും

10:30 am - വചന പ്രഘോഷണം (സിസ്റ്റര്‍ ആന്‍ മരിയ SH)

11:30 am - ഉച്ചഭക്ഷണം, അടിമവക്കല്‍

12:15 pm - പ്രസുദേന്തി വാഴിയ്ക്കല്‍

12:45 pm - ആഘോഷമായ പ്രദക്ഷിണം

02:00 pm - വിശുദ്ധ കുര്‍ബാന

04:30 pm - തീർഥാടന സമാപനം.

ഇംഗ്ലണ്ടിലെ സിറോ മലബാര്‍ വിശ്വാസി സമൂഹത്തിന്റെ ഏറെ നാളത്തെ കാത്തിരിപ്പിനും പ്രാർഥനകള്‍ക്കും ശേഷം സ്ഥാപിതമായ ഗ്രേറ്റ്  ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ ഇത് ഏഴാം തവണയാണ് തീർഥാടനം നടക്കുവാന്‍ പോകുന്നത്. യൂറോപ്പിലെമ്പാടുമുള്ള സിറോ മലബാര്‍ വിശ്വാസികളുടെ ഏറ്റവും വലിയ സംഗമവേദികൂടിയാണ് വാൽത്സിങാം മരിയ തീർഥാടനം. എല്ലാ വര്‍ഷവും മുടങ്ങാതെ, നടത്തപ്പെടുന്ന ഈ മഹാ സംഗമം സഭയുടെ പാശ്ചാത്യ നാടുകളിലെ വളര്‍ച്ചയുടെ ചരിത്രവഴിയിലെ വലിയ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.

തീർഥാടന കേന്ദ്രത്തിന്റെ വിലാസം:

Catholic National Shrine Of Our Lady, Walshingham, Houghton St.Giles, Norfolk, NR22 6AL   

തീർഥാടന ചരിത്രം

തികഞ്ഞ ക്രിസ്തു ഭക്തനായിരുന്ന എഡ്വേര്‍ഡ് രാജാവിന്റെ ഭരണത്തിന്‍ കീഴിലായിരുന്നു പത്താം നൂറ്റാണ്ടിന്റെ മധ്യത്തിൽ വാൽത്സിങാം എന്ന പ്രദേശം. അവിടുത്തെ പ്രഭുകുടുംബത്തിലെ പ്രധാന വനിതയായിരുന്ന റിച്ചെൽഡിസ് ഡി ഫവേർചെസ് പ്രഭ്വി പരിശുദ്ധ മാതാവിന്റെ തികഞ്ഞ ഭക്തകൂടിയായിരുന്നു. പരിശുദ്ധ കന്യകാ മറിയത്തെ തന്റെ ജീവിതത്തിന്റെ കേന്ദ്രമാക്കി  പ്രതിഷ്ഠിച്ചിരുന്ന പ്രഭ്വി പുണ്യകര്‍മ്മങ്ങള്‍ക്കും ഭക്ത ജീവിതത്തിനും തന്റെ ജീവിതത്തില്‍ വലിയ പ്രാധാന്യം നൽകിപ്പോന്നിരുന്നു. തന്റെ ജീവിതത്തില്‍ മാതാവിനായി എന്തെങ്കിലും മഹത്തായ ഒരു കാര്യം ചെയ്യണം എന്ന്  അതിയായി ആഗ്രഹിക്കുകയും എന്നും ഇക്കാര്യം പറഞ്ഞു കന്യകാ മാതാവിനോട് പ്രാർഥിക്കുകയും ചെയ്തു പോന്നിരുന്നു.

ഒരു നാൾ റിച്ചെൽഡിസ് ഡി ഫവേർചെസ് പ്രഭ്വിക്ക് മാതാവ് സ്വപ്നത്തില്‍ ദര്‍ശനം നല്‍കുകയും അവളെ കൂട്ടിക്കൊണ്ടു നസ്രേത്തിലെ വീട്ടിലേക്കു പോവുകയും ചെയ്തു. ഗബ്രിയേല്‍ ദൂതന്‍ പരിശുദ്ധ അമ്മക്ക് മംഗളവാര്‍ത്തയുമായിപ്രത്യക്ഷപ്പെട്ട അനുഗ്രഹ മുറിയിൽ വച്ച് അമ്മ തന്റെ ഭക്തയോട് ആ മുറിയുടെ അളവുകള്‍ കൃത്യമായി എടുക്കാന്‍  ആവശ്യപ്പെടുകയും അതിനു സഹായിക്കുകയും ചെയ്തു. ഈ ദര്‍ശനം തുടര്‍ച്ചയായ മൂന്നു പ്രാവശ്യം റിച്ചെൽഡിസ് പ്രഭ്വിക്കുണ്ടായി.

'നന്മ നിറഞ്ഞവളെ നിനക്ക്  സ്വസ്തി' എന്ന് വിളിച്ചു കൊണ്ട് പ്രത്യക്ഷപ്പെട്ട ദൈവദൂതന്‍, ലോകത്തിന്റെ മുഴുവനും നാഥനാകാന്‍ പോകുന്നവന്റെ അമ്മയാകനുള്ള സദ്് വാര്‍ത്ത അറിയിച്ച അതേ ഗൃഹത്തിന്റെ ഓർമയ്ക്കായി താന്‍ കാട്ടിക്കൊടുത്ത അളവുകളില്‍ ഒരുദേവാലയം പണിയുവാനും അതിനു 'സദ്് വാര്‍ത്തയുടെ ആലയം' എന്ന് പേര് നല്‍കുവാനും മാതാവ് പ്രഭ്വിയോട് ആവശ്യപ്പെട്ടു. 

അടുത്ത ദിവസം തന്നെ പ്രഭ്വി ദര്‍ശനത്തില്‍ കണ്ട പ്രകാരം ദേവാലയം നിര്‍മ്മിക്കുവാന്‍ വേണ്ട ശിൽപികളെയും പണിക്കാരെയും വിളിച്ചു കൂട്ടി തന്റെ സ്വപ്നവും  പരിശുദ്ധ മറിയത്തിന്റെ ആഗ്രഹവും വിശദീകരിക്കുകയും ഏറ്റവും അടുത്ത ദിവസംതന്നെ പണി തുടങ്ങുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. പക്ഷെ എവിടെ ദേവാലയം പണിയണം എന്നൊരു വ്യക്തതയും ഇല്ലാതെ നിന്ന ഘട്ടത്തിൽ പ്രാര്‍ത്ഥന തുടർന്നപ്പോൾ  ഉണ്ടായ ദര്‍ശന മദ്ധ്യേ മാതാവ്  'നാളെ രാവിലെ ഒരദ്ഭുതം ഗ്രാമവാസികള്‍  കാണും. അതോടെ എല്ലാ അവ്യക്തതകളും മാറിദേവാലയ  നിർമാണം ആരംഭിക്കും' എന്ന് വാഗ്ദാനം നൽകി.

അന്ന് രാത്രി പരിശുദ്ധ അമ്മ വലിയ ഒരദ്ഭുതമാണ് അവര്‍ക്കായി ഒരുക്കിയത്. വാൽത്സിങ്ങാമില്‍ പതിവിൽ നിന്നും വിരുദ്ധമായി അതിശക്തമായ മഞ്ഞു കണങ്ങള്‍ നേരം പുലരുവോളം ഇടതടവില്ലാതെ പെയ്തിറങ്ങി. പിറ്റേന്ന് പുലര്‍ച്ചെ റിച്ചെൽഡിസ് പ്രഭ്വിക്കൊപ്പം  ഗ്രാമവാസികള്‍ കണ്ട കാഴ്ചയിൽ എങ്ങും മഞ്ഞു കണങ്ങളാല്‍ മൂടിയ പുല്‍മൈതാനത്തിലെ രണ്ടിടങ്ങള്‍ മാത്രം ഉണങ്ങി വരണ്ടു കിടക്കുന്നു.പിന്നെ ഒട്ടും അമാന്തിക്കാതെ അമ്മ കാട്ടിക്കൊടുത്ത രണ്ടിടങ്ങളില്‍ ഏറ്റവും നല്ല ഭാഗത്തായി ദേവാലയ നിർമാണം ആരംഭിച്ചു. ഒരുവശത്ത് ദേവാലയ നിർമ്മാണം നടക്കുമ്പോൾ മറുവശത്ത് കഠിനമായ ഉപവാസത്തിലും പ്രാർഥനയിലും റിച്ചെല്‍ഡിസ സമയം ചിലവഴിച്ചു.

മാനുഷിക കണക്കുകൂട്ടലിൽ നിർമ്മാണം ആരംഭിച്ചെങ്കിലും അടിത്തറ നിർമാണത്തില്‍ എത്ര ശ്രമിച്ചിട്ടും കല്ലുകള്‍ ഉറക്കുന്നില്ല. പലവട്ടം ശ്രമിച്ചു നിരാശരായ പണിക്കാരെ റിച്ചെൽഡിസ് അവരവരുടെ വീടുകളിലേക്ക് പറഞ്ഞയച്ച ശേഷം തന്റെ  കഠിനമായ പ്രാർഥന തുടര്‍ന്നു.

 'പരിശുദ്ധ മറിയത്തിന്റെ പ്രേരണയാല്‍ പണി തുടങ്ങിയ ആലയം ആ അമ്മ തന്നെ പൂര്‍ത്തീകരിക്കും' എന്ന് ആ ഭക്ത സ്ത്രീ ഉറച്ചു വിശ്വസിച്ചിരുന്നു. പിറ്റേന്ന് രാവിലെ പണി സ്ഥലത്തു  കണ്ടത് തങ്ങള്‍ക്കു തുടരാനാവാതെ പോയ അടിത്തറയുടെ മുകളില്‍ ഏതാണ്ട് ഇരുന്നൂറ് അടികളോളം ഉയരത്തില്‍ ഏറെ ശില്‍പ്പ ചാരുതയോടെയും അത്യധികം ഉറപ്പോടെയും ഉയര്‍ന്നു നില്‍ക്കുന്ന ദേവാലയം ആയിരുന്നു. പണി തുടരാനാവാതെ റിച്ചെൽഡിസ് വിഷമിച്ചു പ്രാർഥിച്ച ആ രാത്രിയില്‍ പരിശുദ്ധ കന്യകാമറിയം തന്നെ മാലാഖ വൃന്ദങ്ങളെ അയച്ചു തന്റെ ഭവനം കെട്ടിപ്പൊക്കുകയാണുണ്ടായത്എന്നാണ് പരമ്പരാഗതമായ വിശ്വാസം.

നസ്രേത്തിലെ ഭവനത്തിന്റെ മാതൃകയില്‍ പണിതുയര്‍ത്തപ്പെട്ട ദേവാലയം അന്ന് മുതല്‍  അനവധി അദ്ഭുതങ്ങളുടെ  സാക്ഷ്യ കൂടാരമായി മാറുകയായിരുന്നു എന്ന് ചരിത്രം പറയുന്നു. പിന്നീട്  തകർക്കപ്പെട്ട ആ ദേവാലയത്തിന്റെ അവശിഷ്‌ടം ഇപ്പോഴും കാണാവുന്നതാണ്.

വാൽത്സിങ്ങാമിന്റെ ചുറ്റിലുമുള്ള നാലില്‍ രണ്ടു ഭാഗങ്ങളും സമുദ്രത്താൽ വലയം ചെയ്യപ്പെട്ടിരിക്കെ ദേവാലയം പണിതതിനു  ശേഷമുള്ള ആദ്യനാളുകള്‍ മുതല്‍ തന്നെ കാറ്റിലും കോളിലും പെട്ട് ദിശതെറ്റി, കരയെവിടെ  എന്നറിയാതെ ഉഴലുന്ന കടല്‍ സഞ്ചാരികളെ കാറ്റ് വീശി രക്ഷിച്ചു കരക്കടുപ്പിച്ചിരുന്ന ഒരു പ്രദേശമായി ഈ ഗ്രാമം അറിയപ്പെടാന്‍ തുടങ്ങി.ക്രമേണ കടല്‍ യാത്രക്കാരുടെ ഇടയില്‍ വാൽത്സിങ്ങാമിലെ മാതാവ് തങ്ങളുടെ രക്ഷയുടെ കേന്ദ്രമായി അറിയപ്പെടാന്‍ തുടങ്ങിയതായി ചരിത്രം പറയുന്നു.

മാതൃ നിർദ്ദേശത്താൽ പ്രാർത്ഥിക്കുവാൻ സൗകര്യം ഒരുക്കപ്പെട്ട 'വാൽത്സിങ്ങാമിൽ എത്തി പ്രാർത്ഥിക്കുന്നവർക്ക് ഫലസിദ്ധിയും  മറുപടിയും ലഭിക്കുമെന്നും' പരിശുദ്ധ അമ്മ വാഗ്ദാനം നൽകിയിരുന്നു. ഇവിടെയെത്തി വാൽത്സിങാം അമ്മയുടെ മാധ്യസ്ഥം വഴിപ്രാർഥിച്ചു ഉദ്ദിഷ്‌ഠ കാര്യം സാധിച്ചവരുടെയും,രോഗ സൗഖ്യം നേടിയവരുടെയും, മുക്തി കിട്ടിയ അനേക ക്ലേശിതരുടെയും നിരവധി വിശ്വാസ ജീവിത സാക്ഷ്യങ്ങൾ രേഖകളില്‍ നമുക്ക് കാണാനാവും.  

shrine

വാൽത്സിങ്ങാമില്‍ 1061ൽ നിര്‍മ്മിതമായ ആ പുണ്യ ദേവാലയത്തിന്റെ ചുമതല റിച്ചെൽഡിസ് പ്രഭ്വിയുടെ കാലശേഷം മകന്‍ ജഫ്രി ഏറ്റെടുക്കുകയും പിന്നീട് അത് 1130  കാലഘട്ടത്തില്‍ അഗസ്റ്റീനിയന്‍ കാനന്‍സ് എന്ന സന്യാസ സമൂഹത്തിനു നല്‍കുകയും ചെയ്തു. അവരുടെകീഴില്‍ ഈ ദേവാലയം മധ്യകാല യൂറോപ്പിലെ ഒരു പ്രധാന ആരാധനാ കേന്ദ്രമായി മാറിയിരുന്നു. 1226 കാലഘട്ടങ്ങളില്‍ ഇംഗ്ലണ്ട് ഭരിച്ച ഹെന്റി മൂന്നാമന്‍ മുതല്‍ 1511 ല്‍ കിരീടാവകാശിയായ ഹെന്റി എട്ടാമന്‍ വരെയുള്ളവര്‍ വാൽത്സിങ്ങാമിലേക്കു  നഗ്നപാദരായി തീർഥാടനങ്ങൾ നടത്തിയിരുന്നു.

1538 ല്‍ ലോകചരിത്രം തന്നെ മാറ്റിമറിച്ച മതനവീകരണ മാറ്റങ്ങള്‍ക്ക് ഇംഗ്ലണ്ട് സാക്ഷ്യം വഹിച്ചു. 1896 ല്‍ ഷാര്‍ലറ്റ് പിയേഴ്സണ്‍ ബോയ്ഡ് എന്ന വനിത വാൽത്സിങാം മാതാവിന്റെ ദേവാലയം നിലനിന്നിരുന്ന ഗ്രാമത്തിനു പുറത്തുള്ള സ്ലിപ്പര്‍ ചാപ്പല്‍ വിലക്ക് വാങ്ങുകയും അതിനെ പുനഃരുദ്ധീകരിച്ച ശേഷം പരിശുദ്ധ കത്തോലിക്കാ സഭയ്ക്കായി വിട്ടു നൽകുകയും ചെയ്തു. 

കിങ്സ് ലിനിലെ മംഗള വാര്‍ത്താ സ്മാരക ദേവാലയത്തില്‍ അമ്മയുടെ നശിപ്പിക്കപ്പെട്ട തിരു സ്വരൂപത്തിന്റെ മാതൃകയില്‍ ഒരു രൂപം നിർമിക്കുകയും വാൽത്സിങ്ങാമിലേക്കുള്ള ആദ്യ തീർഥാടനം അവിടെനിന്നും 1897 ഓഗസ്റ്റ് 20 ന് ആരംഭിക്കുകയും ചെയ്തതായി ചരിത്രം  രേഖപ്പെടുത്തുന്നു.

1922 ല്‍ വാല്‍സിങ്ങാമിലെ പുതിയ വികാരിയായി നിയമിതനായ റവ. ആല്‍ഫ്രഡ് ഹോപ്പ് പാറ്റേണ്‍ എന്ന ആംഗ്ലിക്കന്‍ വൈദികന്‍ വാൽസിങാം മാതാവിന്റെ ഒരു പുതിയ സ്വരൂപം നിർമിക്കുകയും പാരിഷ് ചര്‍ച്ച് ഓഫ് സെന്റ് മേരിയില്‍ അത് സ്ഥാപിക്കുകയും ചെയ്തു.1931 ല്‍ പുതുതായി നിർമിതമായ ആംഗ്ലിക്കന്‍ ചര്‍ച്ച് ഓഫ് വാൽത്സിങ്ങാമിൽ ഈ രൂപം പുനഃപ്രതിഷ്ഠിച്ചു. 1934ല്‍ കര്‍ദിനാള്‍ ബോണ്‍,പതിനായിരം പേരടങ്ങുന്ന ഒരു തീര്‍ത്ഥാടക സംഘത്തെ സ്ലിപ്പര്‍ ചാപ്പലിലേക്കു നയിക്കുകയും അവിടെ സ്ഥിതി ചെയുന്ന പരിശുദ്ധ മറിയത്തിന്റെ ദേവാലയത്തെ ദേശീയ തീർഥാടന   കേന്ദ്രമായി പ്രഖ്യാപിക്കുകയും ചെയ്തു.1950  മുതല്‍ മുടങ്ങാതെ എല്ലാ വര്‍ഷവും തീർഥാടകരായ ലക്ഷക്കണക്കിന് ആളുകള്‍ ഈ റോമന്‍ കത്തോലിക്കാ ദേവാലയം സന്ദർശിക്കാറുണ്ട്. വേനല്‍ക്കാല വാരാന്ത്യങ്ങളില്‍ യൂറോപ്പിന്റെയും ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുംതീർഥാടക സംഘങ്ങള്‍ ഇവിടെ വന്ന് വാൽത്സിങാം മാതാവിന്റെ അനുഗ്രഹവും മധ്യസ്ഥവും പ്രാപിച്ച് മടങ്ങുന്നു.

1982-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ഇംഗ്ലണ്ട് സന്ദർശന വേളയിൽ, സ്ലിപ്പർ ചാപ്പലിലെ മാതാവിന്റെ പ്രതിമ വെംബ്ലി സ്റ്റേഡിയത്തിലേക്ക് കൊണ്ടുപോവുകയും, മാർപ്പാപ്പയുടെ കുർബാനയ്ക്ക് മുമ്പായി സ്റ്റേഡിയത്തിന് ചുറ്റും പ്രദക്ഷിണമായി വലം വയ്ക്കുകയും  ചെയ്തിരുന്നു. 

 'സ്ലിപ്പര്‍ ചാപ്പല്‍'

14-ആം നൂറ്റാണ്ടിന്റെ മധ്യത്തിൽ പണികഴിപ്പിച്ചതും 'അലക്സാണ്ട്രിയയിലെ വിശുദ്ധ കാതറിനു' സമർപ്പിച്ചിരിക്കുന്നതുമായ ഈ ചാപ്പൽ ഇംഗ്ലണ്ടിലെ നസ്രത്തിലേക്കുള്ള യാത്രാമധ്യേ തീർഥാടകർക്ക് വിശ്രമ കേന്ദ്രവും, ഇടത്താവളവുമായിരുന്നു. 

വിശുദ്ധ കാതറിൻ വിശുദ്ധ ദേശത്തേക്കുള്ള തീർഥാടകരുടെ രക്ഷാധികാരിയും, കുരിശുയുദ്ധകാലത്ത് നസ്രത്തിലേക്കുള്ള വഴിയിൽ തീർഥാടകർക്ക് സംരക്ഷകയും ആയിരുന്നു. 

 തീർഥാടകര്‍ വാൽത്സിങ്ങാമിലെ വിശുദ്ധ ദേവാലയത്തിലേക്കുള്ള അവസാന മൈല്‍ (വിശുദ്ധ വഴി) നഗ്‌നപാദരായി നടക്കേണ്ടതിനായി ദിവ്യ ബലിക്കും കുമ്പസാരത്തിനുമായി സ്ലിപ്പർ ചാപ്പലിൽ എത്തുകയും അവിടെ സ്ലിപ്പർ അഴിച്ചു വെക്കുകയും പതിവായിരുന്നു. ഇങ്ങിനെ സ്ലിപ്പര്‍  (ചെരുപ്പ്) അഴിച്ചു വച്ച് യാത്ര ആരംഭിക്കുന്ന ഇടം എന്നതിനാലാണ് ഈ ദേവാലയത്തിനു സ്ലിപ്പര്‍ ചാപ്പല്‍ എന്ന പേര് കിട്ടിയത് എന്നതാണ് ചരിത്രം. 

 ഇംഗ്ലണ്ടിലെ നസ്രേത്തിൽ കത്തോലിക്കാ സഭയുടെ 'നാഷനൽ ഷ്രയിൻ' ആയി സ്ലിപ്പർ ചാപ്പലിനെ പ്രഖ്യാപിക്കുകയും 2015 ൽ പോപ്പ് ഫ്രാൻസീസ് മൈനർ ബസിലിക്കയായി ഉയർത്തുകയും ചെയ്തു വെന്നത് വാൽസിങാം പുണ്യകേന്ദ്രത്തിന്റെ പ്രസക്തിയാണ് കാണിക്കുന്നത്.  

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com