ADVERTISEMENT

ലണ്ടൻ∙ കടൽ കടന്നോ, കള്ളവണ്ടി കയറിയോ ബ്രിട്ടണിലെത്തിയാൽ കാര്യം കുശാലായി എന്ന ധാരണ ഇനി ആർക്കും വേണ്ട. ഇംഗ്ലീഷ് ചാനലിലൂടെ അനധികൃത ബോട്ടിലെത്തുന്നവരെ താമസിപ്പിക്കാൻ പത്തേമാരികൾ വാങ്ങിയിരിക്കുകാണ് ബ്രിട്ടൺ. സാധാരണ ഒന്നാംതരം ഹോട്ടലുകളിലും കൗൺസിൽ ഹോമുകളിലും അഭയം ലഭിച്ചിരുന്ന ഇവർ വന്നാലുടൻ  ഇനി താമസമാക്കുക ഇത്തരം പത്തേമാരികളിലാകും.  പരിമിതമായ സൗകര്യങ്ങളും ലഭിക്കുക. ഇവിടെ കഴിഞ്ഞാലും ഇവരുടെ ഭാവി ശോഭമമാകും എന്നർഥമില്ല. 

Read also: ജര്‍മനിയിലെ ഓരോ ആറാമത്തെ തൊഴിലിലും വിദഗ്ധ തൊഴിലാളികളുടെ കുറവ്; തൊഴിലുണ്ടെങ്കിലും തൊഴിലാളിയില്ല...

പരമാവധി പേരെ ഏറ്റവും വേഗത്തിൽ തിരിച്ചയ്ക്കും. അല്ലാത്തവരെ ഉഗാണ്ടയിലേക്ക് മാറ്റി പാർപ്പിച്ച് പുനരധിവാസത്തിന് സൗകര്യമൊരുക്കും. ഇതാണ് ബ്രിട്ടന്റെ പുതിയ പദ്ധതി. ഇതിനായി കഴിഞ്ഞദിവസം 500 പേർക്കു വീതം താമസിക്കാവുന്ന രണ്ട് പത്തേമാരികൾ ബ്രിട്ടൺ പുതുതായി വാങ്ങി. പ്രധാനമന്ത്രി ഋഷി സുനാക്ക് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ പത്തേമാരികൾ (ബാർജ്) എവിടെയാകും ലൊക്കേറ്റ് ചെയ്യുക എന്നകാര്യം തീരുമാനമായിട്ടില്ല. തുറമുഖ പട്ടണമായ ഡോവറിലേക്കാണ് മിക്കവാറും ഇത്തരം കുടിയേറ്റക്കാരുടെ വരവ്. അതിനാൽ തന്നെ ഡോവറിനു സമീപം കെന്റിലോ സമീപ തുറമുഖ നഗരങ്ങളിലോ  എവിടെയെങ്കിലും കേന്ദ്രീകരിച്ചാകും ഈ ബാർജുകൾ നങ്കൂരമിടുക. 

ബ്രിട്ടീഷ് സർക്കാർ അനധികൃത കുടിയേറ്റക്കാർക്കെതിരേ കർക്കശമായി നടപടികൾ പ്രഖ്യാപിക്കുകയും അവ ഒന്നൊന്നായി നടപ്പാക്കുകയും ചെയ്തു തുടങ്ങിയതോടെ ഫൈബർ ബോട്ടുകളിലുള്ള ഈ അനധികൃത അതിർത്തി ചാട്ടം ഏതാനും ആഴ്ചകൾക്കുള്ളിൽ അഞ്ചിലൊന്നായി കുറഞ്ഞിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ ബാർജുകൾ വാങ്ങാനുള്ള തീരുമാനം. 

അൽബേനിയൻ സർക്കാരുമായി ബ്രിട്ടൺ ഉണ്ടാക്കിയ കരാർ പ്രകാരം ഇത്തരത്തിൽ കടൽ കടന്നെത്തിയ 1800 അനധികൃത കുടിയേറ്റക്കാരെയാണ് കഴിഞ്ഞ ഏതാനും ആഴ്ചകളിൽ തിരിച്ചയച്ചത്. 

കടൽകടന്നെത്തുന്നവരെ ബാർജുകളിൽ പുനരധിവസിപ്പിക്കുന്നത് ലോക്കൽ കൗൺസിലുകളുടെ മേലുള്ള സമ്മർദം കുറയ്ക്കാൻ സഹായിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ വിശദീകരണം. മൂവായിരത്തോളം അഭയാർത്ഥി അപേക്ഷകരെ വെതർഫീൽഡിലെ മിലിട്ടറി സൈറ്റിൽ പാർപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 

ഈവർഷം ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്നു മാസത്തെ കാലയളവിൽ 3,793 പേരാണ് ഇംഗ്ലീഷ് ചാനലിലൂടെ അനധികൃത ബോട്ടിൽ ബ്രിട്ടണിൽ എത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 4,548 ആയിരുന്നു. 

ഇത്തരത്തിൽ കടൽ കടന്നെത്തുന്നവരെ പിടികൂടി ഉടൻ ഏതെങ്കിലും ഹോട്ടലിലോ കൗൺസിൽ അക്കമഡേഷനിലോ പാർപ്പിക്കുകയായിരുന്നു നിലവിലുള്ള സർക്കാർ രീതി. പിന്നീട് ഇവർ അഭയാർഥികളായി പരിഗണിക്കപ്പെടാൻ അപേക്ഷ നൽകും. കാലക്രമത്തിൽ ഈ അപേക്ഷകളിന്മേൽ തീർപ്പായി ഇവർ ബ്രിട്ടീഷ് പൗരന്മാരായി മാറും. ഈ സ്ഥിതിക്ക് മാറ്റം വരുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. അഭയാർഥി അപേക്ഷകളിന്മേൽ തീരുമാനം ആകും വരെ പരിമിതമായ സൗകര്യങ്ങളേ ബ്രിട്ടണിൽ ലഭ്യമാകൂ എന്ന സ്ഥിതി വന്നാൽ തന്നെ ഇവരുടെ ഒഴുക്കു കുറയുമെന്നാണ് സർക്കാർ വിലയിരുത്തൽ. എന്നിട്ടും കയറി വരുന്നവരെ തിരിച്ചയക്കാനും പല സർക്കാരുകളുമായി ബ്രിട്ടൺ ധാരണയിലെത്തിയിട്ടുണ്ട്.

അഭയാർഥി സ്റ്റാറ്റസ് നൽകുന്നവരെ റുവാണ്ടയിലേക്ക് അയച്ച് പുനരധിവാസത്തിന് സഹായം നൽകാനുള്ള പദ്ധതി കോടതി കയറുകയാണെങ്കിലും ദീർഘകാല പദ്ധതിയെന്ന നിലയിൽ ഇത് അനധികൃത കുടിയേറ്റം ഏറെക്കുറെ പൂർണമായും തടയാൻ സഹായിക്കുമെന്നാണ് സർക്കാർ വിശ്വസിക്കുന്നത്. 

English Summary:British government ordered to prevent illegal immigration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com