എഡിൻബർഗ് ∙ മാനസികാരോഗ്യം മോശമാണെന്ന് പറഞ്ഞ് സ്കോട്‌ലൻഡ് ഗതാഗത മന്ത്രി കെവിൻ സ്റ്റുവർട്ട് (55) രാജി വച്ചു. കഴിഞ്ഞ ഒക്‌ടോബർ മുതൽ തന്റെ മാനസികാരോഗ്യം മോശമാണെന്ന് കെവിൻ സ്റ്റുവർട്ട് സ്കോട്‌ലൻഡ് ഫസ്റ്റ് മിനിസ്റ്റർ ഹംസ യൂസഫിന് അയച്ച രാജിക്കത്തിൽ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി തനിക്ക് അസ്വസ്ഥത അനുഭവപ്പെടുന്നതായും തന്റെ വകുപ്പിനെ സേവിക്കുന്നതിനും മന്ത്രിസ്ഥാനം വഹിക്കുന്നതിനും ആവശ്യമായ സമയം ചെലവഴിക്കാൻ കഴിയുന്നില്ലെന്നും സ്റ്റുവർട്ട് രാജിക്കത്തിൽ പറയുന്നുണ്ട്.
മന്ത്രി സ്ഥാനത്ത് നിന്ന് രാജി വയ്ക്കുന്നുവെങ്കിലും സ്കോട്ടിഷ് പാർലമെന്റ് അംഗമായി തുടരുമെന്ന് കെവിൻ സ്റ്റുവർട്ട് പറഞ്ഞു. യുകെയുടെ അംഗരാജ്യങ്ങളിൽ ഒന്നായ സ്കോട്‌ലൻഡിന്റെ ഫസ്റ്റ് മിനിസ്റ്റർ ഹംസ യൂസഫിനെയും സർക്കാരിനെയും പിന്തുണയ്ക്കുന്നത് തുടരുമെന്ന്സ്റ്റുവർട്ട് പറഞ്ഞു.

സ്കോട്ടിഷ് നാഷനൽ പാർട്ടി അംഗമായ കെവിൻ സ്റ്റുവർട്ട് 2011 മുതൽ അബർഡീൻ സെൻട്രൽ മണ്ഡലത്തിൽ നിന്നുള്ള എംഎസ്‌പിയാണ്. മുൻ ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജൻ സർക്കാരിൽ ഉൾപ്പടെ മൂന്ന് തവണ മന്ത്രിയായിരുന്നു.
കഴിഞ്ഞ എട്ടു വർഷത്തെ സേവനത്തിൽ കെവിൻ സ്റ്റുവർട്ട് വളരെ കഠിനാധ്വാനിയും വിശ്വസ്തനും അർപ്പണ ബോധവുമുള്ള മന്ത്രി ആയിരുന്നുവെന്ന് സ്കോട്‌ലൻഡ് ഫസ്റ്റ് മിനിസ്റ്റർ ഹംസ യൂസഫ്, സ്റ്റുവർട്ടിന്റെ രാജി വാർത്തയോട് പ്രതികരിച്ചു. ആരോഗ്യത്തിന് മുൻഗണന നൽകാനുള്ള സ്റ്റുവർട്ടിന്റെ തീരുമാനത്തെ പൂർണ്ണമായി പിന്തുണയ്ക്കുന്നതായും ഭാവിയിൽ വീണ്ടും സേവനം ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഹംസ യൂസഫ് കൂട്ടിച്ചേർത്തു.
English Summary: Scottish transport minister Kevin Stewart resigns