യുകെ മലയാളികൾക്ക് അഭിമാനം; മിസ്സിസ് ഏഷ്യ ഗ്രേറ്റ് ബ്രിട്ടൻ വിജയിയായി മലയാളി ഡോക്ടർ ടിസ ജോസഫ്
Mail This Article
ലണ്ടൻ∙ മിസ്സിസ് ഏഷ്യ ഗ്രേറ്റ് ബ്രിട്ടൻ 2023 മത്സരത്തിൽ വിജയിയായി യുകെ മലയാളിയായ ഡോക്ടർ. ഇടുക്കി ജില്ലയിലെ തൊടുപുഴ സ്വദേശിനിയായ ഡോ. ടിസ ജോസഫാണ് അഭിമാനർഹമായ നേട്ടം കൈവരിച്ചത്. 15 വർഷമായി യുകെയിലെ ഗ്ലാസ്ഗോയിൽ കുടുംബത്തോടൊപ്പം താമസിച്ചു വരുന്ന ടിസ ജനറൽ പ്രാക്ടിഷനറാണ്. ഭർത്താവ് ഡോ. കുര്യൻ ഉമ്മൻ ക്ലിനിക്കൽ സയന്റിസ്റ്റായി ജോലി ചെയ്യുന്നു. സ്കൂൾ വിദ്യാർത്ഥിനിയായ റിയ എലിസബത്ത് ഉമ്മൻ മകളാണ്. തൊടുപുഴ സ്വദേശികളായ ഡോ. എൻ. കെ. ജോസഫ്- അക്കാമ്മ ജോസഫ് ദമ്പതികളുടെ മകളാണ് ടിസ ജോസഫ്.
ഗ്രേറ്റ് ബ്രിട്ടനിൽ നിന്നും മോഡലിങ്, ഫാഷൻ രംഗങ്ങളിൽ ലഭിക്കുന്ന പ്രധാന ബഹുമതികളിൽ ഒന്നാണ് ഏഷ്യ ഗ്രേറ്റ് ബ്രിട്ടൻ മത്സരം. ബ്രിട്ടനിൽ താമസിക്കുന്ന വിവാഹിതരായ ബ്രിട്ടീഷ് ഏഷ്യക്കാർക്കും ബ്രിട്ടന് പുറത്ത് സ്ഥിരതാമസമാക്കിയ ബ്രിട്ടീഷ് ഏഷ്യക്കാർക്കും ലഭിക്കുന്ന ഒരു പ്ലാറ്റ് ഫോമാണ് മിസ്സിസ് ഏഷ്യ ജിബി. യുകെയും മറ്റ് രാജ്യങ്ങളും തമ്മിലുള്ള ബന്ധവും സാംസ്കാരിക വിനിമയവും പ്രോത്സാഹിപ്പിക്കുക എന്നതാണ് മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിലെ വിവാഹിതരുടെ വിഭാഗത്തിൽ വിജയിച്ചതിലൂടെ യുകെ മലയാളികൾക്ക് അഭിമാനം ആയി മാറിയിരിക്കുകയാണ് ഡോ. ടിസ ജോസഫ്.
English Summary: UK Malayalis are proud; Malayali doctor Tisa Joseph is the winner of Mrs. Asia Great Britain 2023.