ADVERTISEMENT

ബര്‍ലിന്‍∙ ആഗോള ലിംഗ സമത്വ റാങ്കിങ്ങില്‍ ജര്‍മനിക്ക് നാലു റാങ്കുകളുടെ പുരോഗതി. രാജ്യം ഇപ്പോള്‍ ആറാം സ്ഥാനത്തെത്തിയിട്ടുണ്ട്. വേള്‍ഡ് ഇക്കണോമിക് ഫോറമാണ് റാങ്കിങ് പ്രസിദ്ധീകരിച്ചത്.

 

പട്ടികയില്‍ ഐസ്‍ലാൻഡ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. 146 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. സാമ്പത്തിക അവസരങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യം, രാഷ്ട്രീയ നേതൃത്വം എന്നീ ഘടകങ്ങള്‍ മാനദണ്ഡമാക്കിയാണ് റാങ്കിങ് തയാറാക്കിയിരിക്കുന്നത്.

 

റാങ്കിങ് തയാറാക്കാന്‍ തുടങ്ങിയ ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സ്ഥാനമാണ് ജര്‍മനി ഇക്കുറി നേടിയിരിക്കുന്നത്. പാര്‍ലമെന്റംഗങ്ങളില്‍ സ്ത്രീ പുരുഷന്‍മാരുടെ എണ്ണം ഏറെക്കുറെ തുല്യമായി മാറിയത് ഇതിനു സഹായകമായി. വലിയ കമ്പനികളിലെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ 17.1 ശതമാനമാണ് സ്ത്രീകള്‍. കഴിഞ്ഞ വര്‍ഷം ഇത് 14.3 ശതമാനമായിരുന്നു.

 

ഐസ് ലാന്‍ഡിനു പിന്നാലെ നോര്‍വേയും ഫിന്‍ലാന്‍ഡുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. അതേസമയം, സ്വിറ്റ്സര്‍ലന്‍ഡിന്റെ സ്ഥാനം 13ല്‍ നിന്ന് 21ലേക്ക് ഇടിഞ്ഞു. ലിംഗഭേദമനുസരിച്ച് ശമ്പളം നിശ്ചയിക്കുകയും വിവേചനം കാട്ടുകയും ചെയ്യുന്ന രീതി അവസാനിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ കഴിഞ്ഞ ആഴ്ച ആയിരങ്ങള്‍ രാജ്യത്ത് തെരുവിലിറങ്ങിയിരുന്നു.

 

ഓസ്ട്രിയയുടെ സ്ഥാനം 21ല്‍ നിന്ന് 47ലേക്കും വീണു. സര്‍ക്കാരിലെ സ്ത്രീ പ്രാതിനിധ്യത്തിന്റെ കുറവാണ് ഇതിനു കാരണമായത്. അതേസമയം, പട്ടികയിലുള്ള 82 രാജ്യങ്ങള്‍ക്ക് റാങ്ക് മെച്ചപ്പെടുത്താനായി. ലൈബീരിയ, എസ്റേറാണിയ, ഭൂട്ടാന്‍, മലാവി, കൊളംബിയ, ചിലി എന്നീ രാജ്യങ്ങളാണ് ഏറ്റവും വലിയ നേട്ടം സ്വന്തമാക്കിയത്. സ്ത്രീ പുരുഷന്‍മാരുടെ വരുമാന വ്യത്യാസം ഏറ്റവും കുറച്ചുകൊണ്ടുവരാനായത് ലൈബീരിയയ്ക്കാണ്.

 

അതേസമയം, കോവിഡ് കാലഘട്ടത്തിനു മുന്‍പുള്ളതിനെ അപേക്ഷിച്ച് ഇപ്പോള്‍ ആഗോള തലത്തില്‍ ലിംഗഭേദം കൂടുതല്‍ വളര്‍ന്നതായും വ്യക്തമാകുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ സമ്പൂര്‍ണ സ്ത്രീ  പുരുഷ സമത്വം സാധ്യമാകാന്‍ 131 വര്‍ഷമെടുക്കുമെന്നാണ് കണക്കാക്കുന്നത്.

Content Summary : Germany Up to 6th Postion in Gender Equality List

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com