അയർലൻഡ് റോഡുകളിലെ ടോൾ നിരക്ക് വർധിപ്പിച്ചു
Mail This Article
ഡബ്ലിൻ ∙ അയർലൻഡ് റോഡുകളിലെ ടോൾ പിരിവ് നിരക്കുകൾ വർധിപ്പിച്ചു. ജൂലൈ 1 മുതലാണ് ടോള്‍ നിരക്കില്‍ വര്‍ധന ഉണ്ടായത്. മുൻകൂട്ടി പ്രഖ്യാപിച്ച വർധന കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെ നിലവില്‍ വന്നു. രാജ്യത്തെ ഒൻപത് ടോള്‍ റോഡുകളെയാണ് നിരക്ക് വര്‍ധന ബാധിക്കുക. ഇതില്‍ എട്ടെണ്ണം പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്നതും മറ്റൊന്ന് എം50 റോഡുമാണ്. ട്രാൻസ്‌പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലൻഡ് (ടിഐഐ) ആണ് നിരക്ക് വര്‍ധന പ്രഖ്യാപിച്ചത്. ജീവിതച്ചെലവ് വര്‍ധിച്ച സാഹചര്യത്തില്‍ കഴിഞ്ഞ ആറ് മാസമായി ടോള്‍ നിരക്ക് വര്‍ധിപ്പിക്കുന്നത് സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു.
ഡബ്ലിൻ പോർട്ട് ടണലില്‍ ടോള്‍ നിരക്ക് വര്‍ധന ഉണ്ടാകില്ല.എം1, എം7, എം8, എൻ6, ലിമെറിക്ക് ടണൽ എന്നിവിടങ്ങളില്‍ 10 സെന്റ് വീതം വർധിച്ച് 2.10 യൂറോയാണ് പുതിയ ടോള്‍ നിരക്ക്. എം3 യിലും 10 സെന്റ് വര്‍ധിച്ച് ടോള്‍ നിരക്ക് 1.60 യൂറോയായി. എം4 ൽ വർധിച്ചത് 20 സെന്റ് ആണ്. എം4 ൽ പുതിയ നിരക്ക് 3.20 യൂറോയാണ്. ടാഗുകളില്ലാതെ എം50 വഴി യാത്ര ചെയ്യുന്ന കാറുകള്‍ക്ക് ഇനിമുതല്‍ 30 സെന്റ് അധികമായി നല്‍കേണ്ടിവരും. അതായത് 3.50 യൂറോ. വിഡിയോ അക്കൗണ്ട്‌സ് ഉള്ള കാറുകള്‍ക്ക് 20 സെന്റ് വര്‍ധിച്ച് ടോള്‍ നിരക്ക് 2.90 യൂറോ ആയിട്ടുണ്ട്. എം50 യിൽ ടാഗുകള്‍ ഉള്ള കാറുകള്‍ക്ക് 20 സെന്റ് വർധിച്ച് 2.30 യൂറോയാണ് പുതിയ നിരക്ക്.
English Summary: Toll charges increase in ireland