ADVERTISEMENT

ഗാൾവേ/കുളനട• അയര്‍ലൻഡിലെ ഗാൾവേയിലെ ട്യൂമിൽ അന്തരിച്ച മലയാളി നഴ്‌സും പത്തനംതിട്ട കുളനട സ്വദേശിയുമായ റോജി പി ഇടിക്കുളയ്ക്ക് (37) കണ്ണീരോടെ വിട നൽകി അയർലൻഡിലെ മലയാളി സമൂഹം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് പത്തനംത്തിട്ട കുളനടയിലെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 3 ന് കുളനട മാന്തളിർ സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടക്കും. ദേവാലയത്തിലെ ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ ചെങ്ങന്നൂർ ഭദ്രാസനാധിപൻ മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത മുഖ്യ കാർമ്മികത്വം വഹിക്കും. ഗ്രോഗന്റ്സ് ഫ്യൂണറൽ ഹോമില്‍ വെച്ച് നടന്ന പൊതുദര്‍ശനത്തിന് അയര്‍ലൻഡിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് പേരാണ് അകാലത്തില്‍ വിടപറഞ്ഞു പോയ പ്രിയ സുഹൃത്തിനെ ഒരു നോക്കുകൂടി കണ്ട് അന്ത്യയാത്ര പറയാന്‍ ട്യൂമിലെത്തിയത്.

malayali-nurse-roji-p-idicula-funeral-today2
റോജിയുടെ ഭൗതീക ശരീരം അയർലൻഡിൽ പൊതുദർശനത്തിന് വെച്ചപ്പോൾ

പൊതുദർശനത്തോട് അനുബന്ധിച്ച് സംസ്‌കാര ശുശ്രൂഷയുടെ രണ്ടാംക്രമത്തിന് ഗാൾവേ സെന്റ് ഏലിയാ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ. അനീഷ് ജോണ്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഫാ. റ്റി. ജോർജ് (ദ്രോഗഡ), ഫാ. നൈനാന്‍ പി. കുര്യാക്കോസ് (മുള്ളിങാര്‍), ഫാ. എബ്രഹാം കോശി (ഡബ്ലിന്‍), ഫാ. മാത്യു കെ. മാത്യു (കോര്‍ക്ക്, വാട്ടര്‍ഫോര്‍ഡ്) തുടങ്ങിയ അയർലൻഡിലെ വിവിധ ഓർത്തഡോക്സ് ദേവാലയയങ്ങളിൽ നിന്നുള്ള വൈദീകർ സഹ കാർമ്മികത്വം വഹിച്ചു. യാക്കോബായ സഭയുടെ മുംബൈ ഭദ്രാസനാനാധിപന്‍ തോമസ് മോര്‍ അലക്സത്രിയോസ് മെത്രാപ്പോലീത്ത, സീറോ മലബാര്‍ സഭയുടെ ഗാൾവേ ചർച്ച് ചാപ്ലിയന്‍ ഫാ. ജോസ് ഭരണിക്കുളങ്ങര എന്നിവരടക്കം വിവിധ സഭകളിൽ നിന്നുള്ള വൈദീകരും പൊതുദർശന ശുശ്രൂഷകളിൽ പങ്കെടുത്തു. അയർലൻഡിലെയും ഗാൾവേയിലെയും വിവിധ ഇന്ത്യൻ സംഘടനകളുടെ പ്രതിനിധികളും റോജിയുടെ സുഹൃത്തുക്കളും സഹപ്രവർത്തകരും അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഡബ്ലിൻ ബൂമൗണ്ട് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയവേയാണ് സെപ്റ്റംബർ 1 ന് വൈകിട്ട് 6.35 ന് റോജി അന്തരിച്ചത്. ഓഗസ്റ്റ് 25 ന് നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയ റോജിയെ കടുത്ത തലവേദനയെ തുടർന്നാണ് ഗാൾവേ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലും തുടർന്ന് ചികിത്സ ഡബ്ലിൻ ബൂമൗണ്ട് ഹോസ്പിറ്റലിലും പ്രവേശിപ്പിക്കുന്നത്. തലച്ചോറിൽ ഉണ്ടായ രക്തസ്രാവമാണ് ശാരീരിക അസ്വസ്ഥതകൾക്കും തുടർന്ന് മരണത്തിനും കാരണമായത്. കേരളത്തിലും ഖത്തറിലും വിവിധ നഴ്സിങ്‌ സംഘടനകളിൽ പ്രവർത്തിച്ചിരുന്ന റോജി അയർലൻഡിൽ വിവിധ സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. റോജി നേരത്തെ എടുത്തിരുന്ന തീരുമാന പ്രകാരം അവയവങ്ങൾ അയർലൻഡിൽ ദാനം ചെയ്തു.

malayali-nurse-roji-p-idicula-funeral-today1
റോജിയുടെ ഭൗതീക ശരീരം പത്തനംതിട്ട കുളനടയിലെ വസതിയിൽ എത്തിച്ചപ്പോൾ

നാല് വർഷം മുൻപാണ് റോജിയുടെ ഭാര്യ സ്നേഹ മറിയം മാത്യു നഴ്സായി അയർലൻഡിൽ എത്തുന്നത്. ഇതേ തുടർന്നാണ് റോജി മക്കളായ എവിലിൻ റോസ് റോജി, ഇസ മറിയം റോജി എന്നിവർക്കൊപ്പം കുടുംബമായി ഏകദേശം രണ്ട് വർഷം മുൻപ് അയർലൻഡിൽ എത്തിയത്. കുളനട മാന്തുക പുതുപ്പറമ്പിൽ വലിയവിളയിൽ റോജി വില്ലയിൽ പരേതനായ ജോൺ ഇടിക്കുള, റോസമ്മ ഇടിക്കുള എന്നിവരാണ് മാതാപിതാക്കൾ. ഇവരുടെ ഏക മകനായിരുന്നു റോജി. ഭൗതീക ശരീരം നാട്ടിൽ എത്തിക്കുന്നതിനും കുടുംബത്തെ സഹായിക്കുന്നതിനുമായി ഭാര്യ സ്നേഹയുടെ പേരിൽ അയർലൻഡിലെ വിവിധ സംഘടനകളുടെയും റോജിയുടെ സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ ഫണ്ട് ശേഖരണം നടത്തിയിരുന്നു. ഏകദേശം 1372 പേർ ചേർന്ന്  50490 അയർലൻഡ് യൂറോയാണ് ശേഖരിച്ചത്. ഇതിൽ ചെലവുകൾ കഴിഞ്ഞുള്ള തുക കുടുംബത്തിന് കൈമാറും.

നാട്ടിലെ സംസ്കാര ശുശ്രൂഷകൾ കാണാം: 

https://youtube.com/live/tlDQANEPOQs?feature=share

English Summary: Ireland Malayali Nurse Roji P Idicula's Funeral at Pathanthitta Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com