ഹൈഡല്‍ബെര്‍ഗ് മലയാളി സമാജം ഓണാഘോഷം സംഘടിപ്പിച്ചു

Mail This Article
ഹൈഡല്‍ബെര്‍ഗ്∙ ഹൈഡല്‍ബെര്‍ഗ് മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 16 ശനിയാഴ്ച ഹൈഡല്‍ബെര്‍ഗില്‍ തിരുവോണം ആഘോഷിച്ചു. ആഘോഷത്തില്‍ മുഖ്യാതിഥികളായ സ്റ്റെഫാനി യാന്‍സെന്‍ (ഹെയ്ഡല്‍ബെര്‍ഗ് സാമൂഹിക വകുപ്പ് അദ്ധ്യക്ഷ), മിലന്‍ മാപ്പിളശ്ശേരി (മലയാളി മേയര്‍ ബിര്‍ക്കനാവു), ജസ്വിന്ദര്‍ പല്‍രഥ് സിംഗ് (ഹൈഡല്‍ബെര്‍ഗ് മൈഗ്രേഷന്‍ അഡൈ്വസറി ബോര്‍ഡ്), വസീം ഭട്ട് (ഹൈഡല്‍ബെര്‍ഗ് നഗരസഭാ കൗണ്‍സില്‍ മെമ്പര്‍ ), സമാജം പ്രസിഡന്റ് ജാന്‍സി വിലങ്ങുംതറ, സെക്രട്ടറി രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.




ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം വിഭവ സമൃദ്ധമായ ഓണസദ്യ നടത്തി. മനോജ് വിലങ്ങുംതറ, റോയ് നാലാപതാംകളം, മാത്യു എബ്രഹാം, സജിത്ത് കുമാര്‍, അരുണ്‍ ചെമ്പ്ര, അജയ് ഘോഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സദ്യ ഒരുക്കിയത്. കൂടാതെ സമാജം അംഗങ്ങളും സദ്യയ്ക്ക് വിഭവങ്ങള്‍ തയ്യാറാക്കി കൊണ്ടുവന്നിരുന്നു.


സദ്യക്ക് ശേഷം സമാജം അംഗങ്ങള്‍ ഉള്‍പ്പെട്ട വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. പാരമ്പര്യ കേരള കലാരൂപങ്ങളെ ആധാരമാക്കി രമ്യ രാമചന്ദ്രന്‍, ഹര്‍ഷ മാത്യൂസ് എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച ഫാഷന്‍ ഷോ, കേരളീയ നൃത്യകലകളെ ആസ്പദമാക്കി ശീതള്‍ പ്രേംനാഥ് ചിട്ടപ്പെടുത്തിയ ഡാന്‍സ് പ്രോഗ്രാം എന്നിവയായിരുന്നു മുഖ്യപരിപാടികള്‍. ആന്‍ തെരേസ ഷാജന്‍ (ആര്‍എല്‍വി തൃപ്പൂണിത്തുറ), സുപ്രീത പി റാവു (നാട്യ നൂപുരം വാല്‍ഡോര്‍ഫ്) എന്നിവരുടെ നൃത്ത വിദ്യാലയങ്ങളിലെ കുട്ടികള്‍ അവതരിപ്പിച്ച ക്ളാസിക്കല്‍/ സിനിമാറ്റിക് ഡാന്‍സ്, അനു മാത്യൂസും സംഘവും അവതരിപ്പിച്ച ഗാനമേള എന്നിവയായിരുന്നു മറ്റു പരിപാടികള്‍. സമ്മാനദാന ചടങ്ങുകളോടെ പരിപാടികള്‍ അവസാനിച്ചു.
ഹൈഡല്‍ബെര്‍ഗ് മലയാളി സമാജം കേരള സര്‍ക്കാര്‍ മലയാളം മിഷനുമായി ചേര്‍ന്ന് ആരംഭിക്കുന്ന ഹൈഡല്‍ബെര്‍ഗ് മലയാളം സ്കൂളിന്റെ ഉദ്ഘാടനവും ആഘോഷത്തോടനുബന്ധിച്ചു നടത്തി. മലയാളം മിഷന്റെ അംഗീകൃത ചാപ്റ്ററാണ് ഹൈഡല്‍ബെര്‍ഗ് മലയാളം സ്കൂള്‍. ജോബിന്‍ പോള്‍ ആണ് അധ്യാപനത്തിന്റെ ചുമതല വഹിക്കുന്നത്.
English Summary: Heidelberg Malayalee Samajam organized Onam celebration