ADVERTISEMENT

പതിനാലാമത് യുക്മ ദേശീയ കലാമേള നവംബർ 4 ന് ചെൽറ്റൻഹാമിൽ വെച്ച് നടത്തുവാൻ യുക്മ ദേശീയ സമിതി തീരുമാനിച്ചു. കഴിഞ്ഞ വർഷങ്ങളിൽ ചെയ്തത് പോലെ ദേശീയ കലാമേളയ്ക്ക് അനുയോജ്യമായ ലോഗോ രൂപകൽപ്പന ചെയ്യുവാനും കലാമേള നഗറിന് ഉചിതമായ പേര് നിർദ്ദേശിക്കുവാനും യുക്മ ദേശീയ സമിതി അപേക്ഷകൾ ക്ഷണിക്കുന്നു. യുക്മ ദേശീയ കലാമേളയിലും ബന്ധപ്പെട്ട എല്ലാ പ്രചരണോപാധികളിലും തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയും പേരും ഉപയോഗിക്കുന്നതാണ്. ലോഗോയും പേരും സമർപ്പിക്കുവാനുള്ള അവസാന തീയതി ഒക്ടോബർ 5 വ്യാഴം ആയിരിക്കും. 

ukkma-01

 

ഭാരതത്തിന്റെ മഹത്തായ സാഹിത്യ - സാംസ്കാരിക മേഖലകളിൽ നിറഞ്ഞ് നിന്ന മഹാരഥന്മാരുടെ പേരുകളിലാണ് മുൻ വർഷങ്ങളിലും ദേശീയ കലാമേള നഗറുകൾ അറിയപ്പെട്ടിരുന്നത്. കലയുടെ നഭസ്സിലെ വെള്ളിനക്ഷത്രങ്ങൾക്ക് യുക്മ നൽകുന്ന ആദരവ് കൂടിയാണ് ഈ നാമകരണം. യുക്മ ദേശീയ കലാമേളകളുടെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു ഓരോ നാമകരണങ്ങളും. 

 

കവികളിലെ മഹാരാജാവ് സ്വാതിതിരുനാൾ, അഭിനയ കുലപതി പത്മശ്രീ തിലകൻ, സംഗീത കുലപതികൾ ദക്ഷിണാമൂർത്തി സ്വാമികൾ, എം.എസ്.വിശ്വനാഥൻ, ജ്ഞാനപീഠ ജേതാവ് മഹാകവി ഒ.എൻ.വി.കുറുപ്പ്, ജനകീയ നടൻ കലാഭവൻ മണി, വയലിൻ മാന്ത്രികൻ ബാലഭാസ്ക്കർ, ബോളിവുഡ് ചലച്ചിത്ര വിസ്മയം ശ്രീദേവി, സർവ്വകലാ വല്ലഭനായിരുന്ന എസ്.പി.ബാലസുബ്രമണ്യൻ, മലയാളത്തിന്റെ അഭിനയ സമ്രാട്ട് നെടുമുടി വേണു, ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കർ എന്നിവർ അത്തരത്തിൽ ആദരിക്കപ്പെട്ടവരായിരുന്നു.

 

ദേശീയ കലാമേളക്ക് മുന്നോടിയായി നടക്കുന്ന റീജനൽ കലാമേളകൾക്കുള്ള ഒരുക്കങ്ങൾ റീജനൽ കമ്മിറ്റി നേതൃത്വങ്ങൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ഒക്ടോബർ 7 ശനി മുതൽ ഒക്ടോബർ 21  ശനി വരെയാണ് വിവിധ റീജനുകളിൽ കലാമേള നടക്കുന്നത്. യുക്മയുടെ വിവിധ റീജനുകളിൽ നടക്കുന്ന കലാമേളകളിലെ വിജയികളാണ് ദേശീയ കലാമേളയിൽ പങ്കെടുക്കുവാൻ യോഗ്യത നേടുന്നത്. ഒക്ടോബർ 7 ന് യോർക്ക്ഷയർ & ഹംബർ റീജിയൺ കലാമേള സ്കൻതോർപ്പിലും, സ്കോട്ട്ലൻഡ് റീജിയൺ കലാമേള ഗ്ളാസ്ഗോയിലെ കാമ്പസ് ലാംഗിലും നടക്കുമ്പോൾ, ഒക്ടോബർ 14 ന് നോർത്ത് വെസ്റ്റ് റീജിയൺ കലാമേള ബോൾട്ടണിലും, ഈസ്റ്റ് ആംഗ്ളിയ റീജൻ കലാമേള റെയ്ലിയിലും നടക്കും. ഒക്ടോബർ 21 ന് സൗത്ത് വെസ്റ്റ് റീജൻ കലാമേള ഫോർഡിംഗ്ബ്രിഡ്ജിലും,സൗത്ത് ഈസ്റ്റ് റീജൻ കലാമേള ക്രോയ്ഡണിലും, മിഡ്ലാൻഡ്സ് റീജൻ കലാമേള കവൻട്രിയിലും നടത്തപ്പെടും.

 

കഴിഞ്ഞ വർഷങ്ങളിലേതു പോലെ, ഏതൊരു യുകെ മലയാളിക്കും ലോഗോ - നഗർ മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്. കലാമേള ലോഗോ മത്സരത്തിന് ഒരാൾക്ക് പരമാവധി രണ്ട് ലോഗോകൾ വരെ രൂപകല്പന ചെയ്ത് അയക്കാവുന്നതാണ്. എന്നാൽ കലാമേള നഗറിന് ഒരാൾക്ക് ഒരു പേര് മാത്രമേ നിർദ്ദേശിക്കാൻ അവസരം ഉണ്ടാകുകയുള്ളൂ. ഒക്ടോബർ 05 വരെ secretary.ukma@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് എൻട്രികൾ അയക്കാവുന്നതാണ്. വൈകി വരുന്ന എൻട്രികൾ പരിഗണിക്കുന്നതല്ല. രണ്ട്‌ മത്സരങ്ങളിലും പങ്കെടുക്കുന്നവർ തങ്ങളുടെ പേരും മേൽവിലാസവും ഫോൺ നമ്പറും എൻട്രിയോടൊപ്പം അയക്കേണ്ടതാണെന്ന് യുക്‌മ ദേശീയ ജനറൽ സെക്രട്ടറി കുര്യൻ ജോർജ്ജ്‌ അറിയിച്ചു.

 

തിരഞ്ഞെടുക്കപ്പെടുന്ന ലോഗോ രൂപകല്പന ചെയ്യുന്ന വ്യക്തിക്ക് ക്യാഷ്‌ അവാർഡും മെമന്റോയും, നഗർ നാമകരണത്തിനായി തിരഞ്ഞെടുക്കപ്പെടുന്ന പേര് നിർദ്ദേശിക്കുന്ന വ്യക്തികളിൽ നിന്നും നറുക്കെടുപ്പിലൂടെ ഒരാൾക്ക് മെമന്റോയും കലാമേള വേദിയിൽ വെച്ച്‌ നൽകുന്നതാണ്. 

 

മലയാളി പ്രവാസലോകത്തെ ഏറ്റവും വലിയ കലാമേളയായ യുക്‌മ കലാമേളകൾ എക്കാലത്തും പ്രതിഭകളൂടെ സ്വപ്നവേദിയായിരുന്നു.  നാല്പതിലധികം മത്സര ഇനങ്ങളിലായി ആയിരത്തിലധികം കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന യുക്മ കലാമേള, യു കെ മലയാളികൾ നെഞ്ചോട് ചേർത്ത് വെച്ചിരിക്കുന്ന കലാ മാമാങ്കമാണ്. മത്സരാർത്ഥികളോടൊപ്പം കലയെ സ്നേഹിക്കുന്ന ആയിരക്കണക്കിന് കാണികൾ കൂടി എത്തിച്ചേരുമ്പോൾ കേരളത്തിലെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന്റെ പ്രതീതിയാണ് കലാമേള നഗറിൽ കാണാൻ കഴിയുക. 

 

കലയേയും സംസ്കാരത്തേയും നെഞ്ചേറ്റുന്ന യു കെ മലയാളികളുടെ ആവേശമായി മാറിക്കഴിഞ്ഞിരിക്കുന്ന പതിനാലാമത് യുക്മ ദേശീയ കലാമേള വൻ വിജയമാക്കി തീർക്കുവാൻ ഏവരുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് യുക്മ ദേശീയ സമിതിക്ക് വേണ്ടി പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ അഭ്യർത്ഥിച്ചു.

 

 

English Summary: 14th UUKMA National Art Festival on 4th November

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT