മലയാളി വേരുകളുള്ള മലേഷ്യൻ മെത്രാൻ ഉൾപ്പെട 21 പേരെ ഫ്രാന്‍സിസ് മാര്‍പാപ്പ കർദ്ദിനാൾ സ്ഥാനത്തേക്ക് ഉയർത്തി

Mail This Article
വത്തിക്കാൻ സിറ്റി ∙ കേരളത്തിൽ നിന്നും വർഷങ്ങൾക്ക് മുൻപ് മലേഷ്യയിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗം ഉൾപ്പെട വിവിധരാജ്യക്കാരായ 21 പേരെ കർദ്ദിനാളന്മാരായി ഉയർത്തി ഫ്രാന്‍സിസ് മാര്‍പാപ്പ. പെനാങ്ങിലെ ബിഷപ്പായ സെബാസ്റ്റ്യൻ ഫ്രാൻസിസിനെയാണ് മാർപാപ്പ മലേഷ്യയിൽ നിന്നും കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തിയിരിക്കുന്നത്. തൃശൂരിലെ ഒല്ലൂരിൽ നിന്നും 1890 ലാണ് കർദ്ദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസിന്‍റെ പൂർവികന്മാർ മലേഷ്യയിലേക്ക് കുടിയേറിയത്.
അമേരിക്ക, ഫ്രാൻസ്, ഇറ്റലി, അർജന്റീന, സ്വിറ്റ്‌സർലൻഡ്, ദക്ഷിണാഫ്രിക്ക, സ്‌പെയിൻ, കൊളംബിയ, സൗത്ത് സുഡാൻ, ഹോങ്കോങ്, പോളണ്ട്, മലേഷ്യ, ടാൻസാനിയ, വെനസ്വേല, പോർച്ചുഗൽ എന്നിവിടങ്ങളിൽ നിന്നാണ് പുതിയ കർദ്ദിനാൾമാരെ നിയമിച്ചിരിക്കുന്നത്. ദക്ഷിണ സുഡാന് ആദ്യ കർദ്ദിനാളും മലേഷ്യക്ക് രണ്ടാമത്തെ കർദ്ദിനാളിനെയുമാണ് ലഭിച്ചിരിക്കുന്നത്.
ഇതോടെ കർദ്ദിനാൾസംഘത്തിലെ അംഗസംഖ്യ 242 ആയി. ഇവരിൽ 137 പേർക്ക് മാർപ്പാപ്പായെ തിരഞ്ഞെടുക്കുന്നതിന് കോൺക്ലേവിൽ സമ്മതിദാനാവകാശമുണ്ട്. ബാക്കിയുള്ളവർ 80 വയസ്സും അതിന് മുകളിൽ പ്രായമുള്ളവരുമാണ്. ഇവർക്ക് വോട്ടവകാശം ഇല്ല. പുതിയതായി നിയമിതരായ 21 പേരിൽ 18 പേരും 80 വയസ്സിന് താഴെയുള്ളവരാണ്, അതിനാൽ പുതിയ മാർപ്പാപ്പയെ തിരഞ്ഞെടുക്കാൻ സാധ്യമായ കോൺക്ലേവിൽ വോട്ട് ചെയ്യാൻ ഇവർ യോഗ്യരായിരിക്കും.
English Summary: Pope Francis has appointed 21 cardinals