ADVERTISEMENT

ലണ്ടന്‍ ∙ ഫീസ് അടയ്ക്കാമെന്നു വാഗ്ദാനം ചെയ്തു യുകെയിലുള്ള വിദ്യാര്‍ഥികളുടെ പണം തട്ടിയ സംഭവങ്ങളില്‍  ഏറെയും തട്ടിപ്പു സംഘം സര്‍വകലാശാലകളില്‍ പണം അടച്ചത് മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച്. പണം അടച്ച് രശീത് സംഘടിപ്പിച്ച ശേഷം റിപ്പോര്‍ട്ട് അടിച്ച് പണം തിരിച്ചു പിടിക്കുന്നതാണ് സംഘത്തിന്‍റെ രീതി. ജപ്പാനിലും കൊറിയയിലും മറ്റുമുള്ള ആളുകളുടെ പേരിലുള്ള ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്നാണ് പണം അടച്ചതായി കണ്ടെത്തിയിട്ടുള്ളത്. അതുകൊണ്ടു തന്നെ ഡാര്‍ക് വെബില്‍ വില്‍പനയ്ക്കു വച്ചിട്ടുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ വാങ്ങി പണം അടയ്ക്കാന്‍ ശ്രമിക്കുന്നതാണ് ഇത് എന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍. 

ഡാര്‍ക് വെബില്‍ ഹാക്കര്‍മാര്‍ ആയിരക്കണക്കിനു ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ വില്‍പനയ്ക്കു വച്ചിട്ടുണ്ടെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ലക്ഷങ്ങള്‍ പരിധിയുള്ള കാര്‍ഡുകള്‍ തുച്ഛമായ വിലയ്ക്കു വാങ്ങാന്‍ സാധിക്കും. ഇതു വച്ചു പണം അടച്ചു കഴിയുമ്പോഴായിരിക്കും മിക്കപ്പോഴും ഉടമകള്‍ കാര്‍ഡില്‍ നിന്നു പണം നഷ്ടപ്പെട്ട വിവരം അറിയുക. ഇതോടെ ബാങ്കില്‍ വിവരം റിപ്പോര്‍ട് ചെയ്യുകയും ക്രെഡിറ്റ് കാര്‍ഡ് ആയതിനാല്‍ പണം ബാങ്ക് തിരിച്ചു പിടിക്കുകയും ചെയ്യും. ഇത്തരത്തില്‍ ഒരാളുടെ ഫീസ് അടയ്ക്കാന്‍ തന്നെ പത്തിലേറെ കാര്‍ഡുകള്‍ ഉപയോഗിച്ചതായും തിരിച്ചറിഞ്ഞിട്ടുണ്ട്.

രാജ്യവ്യാപകമായി ഇത്തരത്തില്‍ വിദ്യാര്‍ഥികള്‍ തട്ടിപ്പിനു വിധേയരാകുന്നുണ്ടെന്നതിന്‍റെ വിവരങ്ങളാണ് പുറത്തു വരുന്നത്. വിദ്യാര്‍ഥികളായി നേരത്തേ യൂണിവേഴ്സിറ്റികളില്‍ എത്തിയിട്ടുള്ളവരോ, ഫീസ് അടയ്ക്കുന്ന സമയത്തെക്കുറിച്ചും മറ്റും വിശദമായി അറിവുള്ളവരൊ ആണു തട്ടിപ്പു നടത്തുന്നത്. മലയാളികള്‍ തട്ടിപ്പിന് ഇരയായിട്ടുള്ള സംഭവങ്ങളില്‍ മലയാളി പൂര്‍വവിദ്യാര്‍ഥികള്‍ തന്നെയാണ് തട്ടിപ്പിനു ചുക്കാന്‍ പിടിച്ചിരിക്കുന്നത്. ഓരോ ഇന്‍ടേക്കുകളുടെ സമയത്തും സംഘം കൃത്യമായി പ്രത്യക്ഷപ്പെട്ട് വാട്സാപ് ഗ്രൂപ്പുകളിലൂടെയും മറ്റും ഫീസ് അടയ്ക്കാമെന്ന വാഗ്ദാനം നല്‍കി പണം തട്ടുകയാണ് ചെയ്യുന്നത്. 

വലിയ തുകകള്‍ അക്കൗണ്ടില്‍ എത്തുന്നതോടെ തട്ടിപ്പു നടത്തുന്നവര്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കു കടക്കുകയാണ്. അതുകൊണ്ടു തന്നെ പരാതി നല്‍കിയാലും ഇവരെ കണ്ടെത്താന്‍ പൊലീസിനു സാധിക്കാത്ത പ്രശ്നമുണ്ട്. യുകെയില്‍ ഡിജിറ്റല്‍ സാമ്പത്തിക തട്ടിപ്പുകള്‍ കൈകാര്യം ചെയ്യുന്നതിലുള്ള  നിയമപരമായ പരിമിതികളും തട്ടിപ്പു സംഘത്തിനു സഹായമാകുന്നുണ്ടെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. പരാതി നല്‍കുന്നത് ഭാവിയില്‍ വീസയെ ബാധിക്കുമോ എന്ന കുട്ടികളുടെ ഭയവും സംഘം മുതലെടുക്കുകയാണ്. 

ഫീസ് അടയ്ക്കാന്‍ സാധിക്കാതെ വന്നതോടെ കോഴ്സ് മുടങ്ങിയ വിദ്യാര്‍ഥികള്‍ പഠനം പൂര്‍ത്തിയാക്കാത്തതിനാല്‍ പിഎസ്‍ഡബ്ലിയു(പോസ്റ്റ് സ്റ്റഡി വര്‍ക് വീസ)വിന് അപേക്ഷിക്കാന്‍ സാധിക്കാതെ കുടുങ്ങി കിടക്കുകയാണ്.  വീസ കാലാവധി വൈകാതെ അവസാനിക്കും എന്നതിനാല്‍ പരാതി നല്‍കുന്നതോടെ രാജ്യം വിടാന്‍ നിര്‍ദേശമുണ്ടാകുമോ എന്നും വിദ്യാര്‍ഥികള്‍ ഭയപ്പെടുന്നു. തട്ടിപ്പു സംഘം  പണം നല്‍കാമെന്നു വിശ്വസിപ്പിച്ചിട്ടുള്ളതിനാല്‍ ഇതു വാങ്ങി വര്‍ക്ക് വീസ സംഘടിപ്പിക്കാൻ ശ്രമിക്കുന്നവരുമുണ്ട്. 

∙ കൊവന്‍ട്രി യൂണിവേഴ്സിറ്റിയില്‍ മാത്രം 40 ഇരകള്‍

ഇംഗ്ലണ്ട് കൊവന്‍ട്രി യൂണിവേഴ്സിറ്റിയില്‍ മാത്രം കഴിഞ്ഞ വര്‍ഷം ഫീസ് തട്ടിപ്പിന് ഇരയായത് 40ല്‍ പരം വിദ്യാര്‍ഥികള്‍. യൂണിവേഴ്സിറ്റി സ്റ്റുഡന്‍സ് യൂണിയന്‍ പ്രസിഡന്റും തിരുവനന്തപുരം സ്വദേശിയുമായ അഖില്‍ ഷായെ ഇത്രയധികം വിദ്യാര്‍ഥികള്‍ സമീപിച്ചതായാണ് വെളിപ്പെടുത്തല്‍. നോര്‍ത്താംപ്റ്റണ്‍ യൂണിവേഴ്സിറ്റി, ലസ്റ്റര്‍ യൂണിവേഴ്സിറ്റികളിലെ വിദ്യാര്‍ഥികളും തട്ടിപ്പിന് ഇരയായ പരാതി ലഭിച്ചിരുന്നു. പരാതിയുമായി എത്തിയവരോട് യൂണിവേഴ്സിറ്റി അഡ്വൈസ് ടീമില്‍ പരാതിപ്പെടാന്‍ നിര്‍ദേശിക്കുകയും ഇവരുമായി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. 

ഇത്രയേറെ പേര്‍ക്കു പരാതി ഉണ്ടെങ്കിലും 20 പേര്‍ മാത്രമാണ് രേഖാ മൂലം പരാതി നല്‍കാന്‍ തയാറായിട്ടുള്ളത്. പൊലീസില്‍ പരാതി നല്‍കിയത് ആറു പേര്‍ മാത്രമാണ്. പൊലീസ് ഇത് നാഷനല്‍ സൈബര്‍ ഫോഴ്സിനു കൈമാറിയിട്ടുണ്ട് എന്നാണ് അറിയിച്ചിരിക്കുന്നത്. വിവരം സൗത്ത് കൊവന്‍ട്രി എംപി സാറ സുല്‍ത്താനയെയും ധരിപ്പിച്ചുണ്ടെന്ന് അഖില്‍ ഷാ പറയുന്നു.

∙ തമിഴ്നാട് സ്വദേശി വിദ്യാര്‍ഥിക്ക് നഷ്ടമായത് 15 ലക്ഷം

കൊവന്‍ട്രി യൂണിവേഴ്സിറ്റിയില്‍ പണം നഷ്ടപ്പെട്ടവര്‍ക്ക് വലിയ തുകകളാണ് നഷ്ടമായിട്ടുള്ളത്. തമിഴ്നാട് സ്വദേശിയായ യുവാവിനു മാത്രം 15 ലക്ഷം രൂപ നഷ്ടമായി. ഫീസില്‍ 30 ശതമാനം കുറച്ച് അടച്ചാല്‍ മതി എന്ന വാഗ്ദാനത്തില്‍ കുടുങ്ങിയാണ് വിദ്യാര്‍ഥികള്‍ക്കു പണം നഷ്ടമായത്. ഏറ്റവും കുറഞ്ഞത് നാലു ലക്ഷം രൂപയെങ്കിലും വിദ്യാര്‍ഥികള്‍ക്കു നഷ്ടമായിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ വിദ്യാര്‍ഥികളെ പിടിക്കുന്ന സംഘം ഒരാള്‍ അടച്ചു കഴിഞ്ഞാല്‍ അവരെ ഉപയോഗിച്ചു കൂടുതല്‍ വിദ്യാര്‍ഥികളെ വലയിലാക്കുകയാണ്.  സഹപാഠികളെ റഫര്‍ ചെയ്താല്‍ ഉയര്‍ന്ന തുക കമ്മിഷന്‍ വാഗ്ദാനവുമുണ്ട്.

∙ കൊവന്‍ട്രി യൂണിവേഴ്സിറ്റിയുടെ പേരില്‍ 500 പൗണ്ട് ഗിഫ്റ്റ് കാര്‍ഡ്

സംഘം വഴി പണം അടച്ചാല്‍ 500 പൗണ്ട് ഗിഫ്റ്റ് കാര്‍ഡ് ലഭിക്കുമെന്നു വാഗ്ദാനം നല്‍കി സമൂഹമാധ്യമത്തില്‍ പരസ്യം ഇട്ടത് കേരളത്തില്‍ നിന്നുള്ള ഡോക്ടര്‍. വിദ്യാര്‍ഥിയായ ഇദ്ദേഹത്തെ വിളിച്ചു തിരക്കുമ്പോള്‍ അദ്ദേഹത്തിന് ഇക്കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നു മാത്രമല്ല, തനിക്കു കിട്ടിയെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. യൂണിവേഴ്സിറ്റിയില്‍ ജോലി ചെയ്യുന്ന തനിക്ക് ഇതിനെ കുറിച്ച് അറിയില്ലെന്നു പറഞ്ഞപ്പോഴാണ് ഇദ്ദേഹവും വിവരം തിരക്കുന്നത്. ഒടവില്‍ ഇയാളുടെ മെസേജ് വിശ്വസിച്ചു പണം നല്‍കിയവര്‍ പണം നഷ്ടമായപ്പോള്‍ ഇയാള്‍ക്കെതിരെ പരാതി നൽകിയിരിക്കുകയാണ്. ഒരുമിച്ചു പഠിക്കുന്ന വിദ്യാര്‍ഥികള്‍ ആയതിനാല്‍ ഒരു ഘട്ടം കഴിഞ്ഞാല്‍ ഇത്തരത്തിലുള്ള പരാതിയില്‍ നിന്നു പരാതി നല്‍കിയവരും പിന്‍മാറുന്നു. മിക്കപ്പോഴും കുട്ടികള്‍ തന്നെ പണം നല്‍കി കേസ് ഒത്തു തീര്‍പ്പാക്കുന്നതും തട്ടിപ്പു സംഘത്തിനു സഹായകമാകുകയാണ്.

∙ യൂണിവേഴ്സിറ്റികള്‍ക്കും വന്‍ നഷ്ടം

കഴിഞ്ഞ വര്‍ഷത്തെ ഇന്‍ടേക്കില്‍ ഇത്തരത്തില്‍ ഫീസ് തട്ടിപ്പ് യൂണിവേഴ്സിറ്റിയുടെ ശ്രദ്ധയില്‍ പെട്ടപ്പോഴേയ്ക്കു വിദ്യാര്‍ഥികള്‍ കോഴ്സ് പൂര്‍ത്തിയാക്കി ഗ്രാജുവേഷനും കഴിഞ്ഞിരുന്നു. ഈ വര്‍ഷവും തട്ടിപ്പ് ആവര്‍ത്തിക്കപ്പെട്ടതോടെ ഇനി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചു ഫീസ് സ്വീകരിക്കേണ്ട എന്നു തീരുമാനിച്ചിരിക്കുകയാണ് കൊവന്‍ട്രി യൂണിവേഴ്സിറ്റി. യുകെയിലെ മിക്ക യൂണിവേഴ്സിറ്റികളും ഇതേ മാതൃക പിന്തുടരുന്നതിനാണ് തീരുമാനം എന്നാണ് അറിയുന്നത്. ഇതോടെ വിദേശത്തു നിന്നു ഫീസ് അടയ്ക്കുന്ന വിദ്യാര്‍ഥികളും ഏജന്‍സികളും  ബുദ്ധിമുട്ടിലാകുന്ന സാഹചര്യമുണ്ടാകും. 

ക്രെഡിറ്റ് കാര്‍ഡ് വഴി ഫീസ് അടച്ച് അത് തിരികെ പിടിച്ചു കഴിയുമ്പോള്‍ വിദ്യാര്‍ഥികള്‍ ഫീസ് തുക തിരിച്ചെടുത്തതായാണ് കണക്കാക്കുക. അതുകൊണ്ടു തന്നെ വിദ്യാര്‍ഥികള്‍ക്കെതിരെ യൂണിവേഴ്സിറ്റിയും പരാതിയുമായി രംഗത്ത് എത്തിയിരുന്നു. എന്നാല്‍ വിദ്യാര്‍ഥികള്‍ സത്യാവസ്ഥ അറിയിച്ചതോടെ വിദ്യാര്‍ഥികള്‍ക്കെതിരായ പരാതിയില്‍ നിന്നു പിന്‍വാങ്ങിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കെതിരെ പരാതി ഉയരുന്ന സാഹചര്യം അവരുടെ വീസയെ ബാധിക്കും എന്നതിനാലാണ് സര്‍വകലാശാല നിലപാട് കടുപ്പിക്കാത്തത്. അതേ സമയം പണം അടയ്ക്കാന്‍ വിദ്യാര്‍ഥികള്‍ ബാധ്യസ്ഥരാണെന്ന് അറിയിച്ചിരിക്കുകയാണ്. നാട്ടില്‍ നിന്നു കയറുമ്പോള്‍ അക്കൗണ്ടില്‍ ആവശ്യത്തിനു പണം ഉണ്ടെന്നു കാണിച്ചാണ് വിദ്യാര്‍ഥികള്‍ വീസ എടുക്കുന്നത്. അതുകൊണ്ടു തന്നെ പണം ഇല്ലെന്ന വാദം യൂണിവേഴ്സിറ്റിക്ക് അംഗീകരിക്കാനാവില്ലെന്നും അഖില്‍ ഷാ പറയുന്നു.

English Summary: Credit cards from dark web being used by UK fee fraud gangs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com