ADVERTISEMENT

ലണ്ടൻ ∙ ജേണലിസത്തിൽനിന്നും രാഷ്ട്രീയത്തിലെത്തിയ ബോറിസ് ജോൺസൺ വീണ്ടും ജേണലിസത്തിലേക്ക് മടങ്ങുന്നു. ബ്രിട്ടനിലെ പുതിയ പൊളിറ്റിക്കൽ ചാനലായ ജിബി ന്യൂസിൽ അവതാരകനായും പ്രോഗ്രാം പ്രോഡ്യൂസറായും കമന്റേറ്ററായും ബോറിസ് ഉടൻ പ്രവർത്തനം തുടങ്ങും. പുതുവർഷത്തിന്റെ തുടക്കത്തിലാകും  പുതിയ ജോലിയിൽ ബോറിസിന്റെ തുടക്കം. അടുത്തവർഷം നടക്കുന്ന അമേരിക്കൻ പ്രസിഡന്റു തിരഞ്ഞെടുപ്പും ബ്രിട്ടിഷ് പാർലമെന്റ് തിരഞ്ഞെടുപ്പും ചാനൽ കവർ ചെയ്യുന്നത് ബോറിസിന്റെ രാഷ്ട്രീയ അവലോകനങ്ങളുടെയും നിരീക്ഷണങ്ങളുടെയും അകമ്പടിയോടെയാകും. 

ബ്രിട്ടന്റെ ശക്തി ലോകത്തിനു കാണിച്ചുകൊടുക്കുന്ന പ്രത്യേക പരിപാടിയുടെ അവതരണച്ചുമതലയും ബോറിസിനാണെന്നാണ് സൂചന. ഇതിനു പുറമെ രാജ്യത്തെമ്പാടും ഇടയ്ക്കിടെ ലൈവ് പ്രോഗ്രാമുകളിൽ ആങ്കറുടെ വേഷത്തിലും മുൻ പ്രധാനമന്ത്രി ചാനൽ മൈക്കുമായി എത്തും.

പുതിയ ജോലിയിൽ ഉടൻ പ്രവേശിക്കുമെന്നും ലോകകാര്യങ്ങളിൽ തന്റെ അഭിപ്രായം തുറന്നുപറയാനുള്ള വേദിയായാണ് ഈ അവസരത്തെ താൻ കാണുന്നതെന്നും ബോറിസ് വ്യക്തമാക്കി. ബ്രിട്ടന്റെ സാധ്യതകളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചുമെല്ലാം പറയാനുള്ള അവസരമായാണ് പുതിയ ഉത്തരവാദിത്വത്തെ  കാണുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ബോറിസിനെപ്പോലൊരാളെ തങ്ങൾക്ക് ടീം അംഗമായി ലഭിച്ചതിൽ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നതായി ജിബി ന്യൂസ് എഡിറ്റോറിയൽ ഡയറക്ടർ മൈക്കിൾ ബുക്കർ പറഞ്ഞു. 

കോവിഡ് കാലത്ത് സ്വവസതിയിൽ ബർത്ത്ഡേ പാർട്ടി നടത്തി (പാർട്ടിഗേറ്റ് വിവാദം) വിവാദത്തിലാകുകയും പിന്നീട് ഇതിന്റെ പേരിൽ  പ്രധാനമന്ത്രി പദം ഒഴിയേണ്ടിവരികയും ചെയ്ത  ബോറിസ് രാഷ്ട്രീയത്തിൽ തിരിച്ചുവരവ് നടത്തുമെന്നായിരുന്നു പലരുടെയും പ്രതീക്ഷ. എന്നാൽ പിന്നീട് ഈ വിഷയത്തിൽ പാർലമെന്റിനെ തെറ്റിധരിപ്പിച്ചെന്ന് പ്രവിലേജ് കമ്മിറ്റി കണ്ടെത്തി കുറ്റക്കാരനാണെന്ന് വിധിച്ചതോടെ എംപി സ്ഥാനവും രാജിവച്ച് രാഷ്ട്രീയത്തോട് വിടപറയുകയായിരുന്നു. 

മികച്ച കോളമിസ്റ്റും പ്രസംഗകനുമായ ബോറിസ് ഡെയിലി മെയിലിൽ ഇപ്പോഴും പതിവായി എഴുതുന്നുണ്ട്. ഇതു തുടർന്നുകൊണ്ടാകും പുതിയ ദൗത്യം ഏറ്റെടുക്കുക. പ്രധാനമന്ത്രിപദം ഒഴിഞ്ഞശേഷം കേവലം അഞ്ചുമാസത്തിനുള്ളിൽ പ്രസംഗത്തിലൂടെ മാത്രം ബോറിസ് സമ്പാദിച്ചത് 4.7 മില്യൻ പൗണ്ടാണ്. പൊതു പരിപാടികളിൽ അത്രയേറെ പ്രിയങ്കരനാണ് ബോറിസ്. 

ലണ്ടൻ ആസ്ഥാനമായി 2021ൽ ആരംഭിച്ച പൊളിറ്റിക്കൽ ചാനലാണ് ജിബി ന്യൂസ്. ബ്രിട്ടനിലും അയർലൻഡിലുമായാണ് ഇതിന്റെ സംപ്രേക്ഷണം, 1989ൽ ആരംഭിച്ച സ്കൈ ന്യൂസ് ടെലിവിഷനുശേഷം ബ്രിട്ടനിൽ തുടങ്ങുന്ന ആദ്യത്തെ പ്രമുഖ സ്വകാര്യ ടെലിവിഷൻ സംരംഭമാണ് ജിബി ന്യൂസ്. ബോറിസിന്റെ വരവോടെ ജിബി ന്യൂസിന് അതിവേഗം  പ്രശസ്തിയും പെരുമയും ഏറുമെന്നാണ് ഉടമകളുടെ പ്രതീക്ഷ.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com