ADVERTISEMENT

ബെഡ്ഫോർഡ്∙ ബെഡ്ഫോർഡ് കേന്ദ്രീകരിച്ച് കുർബാനയും ശുശ്രൂഷകളും നടത്തിപ്പോരുന്ന വിശുദ്ധ അൽഫോൻസാമ്മയുടെ നാമധേയത്തിലുള്ള മാസ്സ് സെന്റർ, മിഷനായി ഉയർത്തി. ബെഡ്ഫോർഡ് തിരുന്നാളിനോടനുബന്ധിച്ചുള്ള ശുശ്രൂഷയിൽ ഗ്രേറ്റ്  ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കുർബ്ബാന കേന്ദ്രത്തെ മിഷനായി പ്രഖ്യാപിക്കുകയും ട്രസ്റ്റികൾക്കു ഡിക്രി കൈമാറുകയും ആയിരുന്നു. ബെഡ്ഫോർഡിലും പരിസരങ്ങളിലുമായി താമസിക്കുന്ന നസ്രാണി കത്തോലിക്കരുടെ ചിരകാല അഭിലാഷമാണ് ഇതോടെ നിറവേറ്റപ്പെട്ടിരിക്കുന്നത്.

പ്രഥമ തിരുന്നാൾ ദിനത്തിൽ രാവിലെ ഒമ്പതു മണിക്ക് ജപമാല സമർപ്പണവും, വി.അൽഫോൻസാമ്മയോടുള്ള നൊവേനയുടെ സമാപനവും, തിരുന്നാൾ കൊടിയേറ്റും നടന്നു. തുടർന്ന് ഫാ.എബിൻ നീരുവേലിൽ വി സി, ഫാ.ജോബിൻ കൊശാക്കൽ എന്നിവർ സംയുക്തമായി ആഘോഷമായ തിരുന്നാൾ കുർബ്ബാന അർപ്പിച്ചു. പ്രധാന തിരുന്നാൾ ദിനമായ ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് ബെഡ്ഫോർഡിൽ നടന്നുവന്നിരുന്ന ദശ ദിന ജപമാലയുടെ സമാപന സമർപ്പണം നടന്നു.  

തിരുന്നാളിന് മുഖ്യകാർമ്മികനായി എത്തിയ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിനെ മിഷനംഗങ്ങൾ ദേവാലയ അങ്കണത്തിലേക്ക് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയാണ് സ്വീകരിച്ച് ആനയിച്ചത്.24 ഓളം വരുന്ന തിരുന്നാൾ പ്രസുദേന്തിമാരെ വാഴിച്ച ശേഷം ആരംഭിച്ച ഭക്തിനിർഭരമായ തിരുന്നാൾ ദിവ്യബലിയിൽ ബിഷപ്പ് മാർ സ്രാമ്പിക്കൽ മുഖ്യകാർമ്മീകനായി. 2005 ൽ ബെഡ്ഫോർഡിൽ വിശുദ്ധബലിക്ക് ആരംഭം കുറിച്ച ഫാ. മാത്യു വണ്ടാലക്കുന്നേൽ, മിഷൻ പ്രീസ്റ്റ് ഫാ.എബിൻ നീരുവേലിൽ വിസി എന്നിവരും സഹകാർമ്മികരായി. തിരുന്നാൾ കുർബ്ബാനക്കു ശേഷം, ലദീഞ്ഞും തുടർന്ന്  വിശുദ്ധരുടെ രൂപങ്ങൾ ഏന്തി ദേവാലയം ചുറ്റി നടത്തിയ പ്രദക്ഷിണം പ്രധാന വേദിയായ ജോൺ ബനിയൻ സെന്ററിൽ സമാപിച്ചു. 

ഉയർന്ന ഗ്രേഡുകൾ നേടിയ മതബോധന സ്‌കൂൾ വിദ്യാർഥികൾക്കുള്ള ഉപഹാരങ്ങൾ മാർ ജോസഫ് സ്രാമ്പിക്കൽ തദവസരത്തിൽ വിതരണം ചെയ്തു. ജോണ് ബനിയൻ സെന്ററിൽ നടത്തിയ ഇടവക ദിനാഘോഷം ബെഡ്ഫോർഡ് ആംഗ്ലിക്കൻ രൂപതയുടെ ബിഷപ്പ് റിച്ചർഡ് അറ്റ്കിൻ ഉദ്ഘാടനം ചെയ്തു. ബെഡ്ഫോർഡ് ആൻഡ് കെംപ്സ്റ്റൻ എംപി മുഹമ്മദ് യാസിൻ, മിഷൻ ഡയറക്ടർ ഫാ.എബിൻ നീരുവേലിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോബിൻ കൊശാക്കൽ, ക്രൈസ്റ്റ് ചർച്ച് വികാരി ഫാ റിച്ചാർഡ് അലഡിക്സ്, ഫാ. മാത്യു വണ്ടാലക്കുന്നേൽ, ഫാ. മാത്യു പീടികയിൽ തുടങ്ങിയ വൈദികരും പാരീഷ് ഡേയിൽ   സന്നിഹിതരായിരുന്നു.  

രാത്രി പന്ത്രണ്ടു മണിവരെ നീണ്ടു നിന്ന സൺഡേ സ്കൂളിന്റെ വാർഷികവും, ഭക്ത സംഘടനകളുടെ കലാ പരിപാടികളും ഏറെ ആകർഷകവും വിശ്വാസദീപ്തവുമായി. തിരുന്നാളിനോടനുബന്ധിച്ച് സ്നേഹവിരുന്നും, കരിമരുന്നു കലാപ്രകടനവും കമ്മിറ്റി ക്രമീകരിച്ചിരുന്നു.സമാപന ദിനമായ മൂന്നാം ദിവസം  മരിച്ചവിശ്വാസികളുടെ ഓർമ്മത്തിരുന്നാളിൽ വിശുദ്ധ ബലിയും ഒപ്പീസും നടത്തിയ ശേഷം തിരുന്നാളിന് കൊടിയിറങ്ങി.

മാത്യു കുരീക്കൽ ( കൺവീനർ), രാജൻ കോശി, ജയ്മോൻ ജേക്കബ്‌, ജോമോൻ മാമ്മൂട്ടിൽ, ജൊമെക്സ് കളത്തിൽ, ആന്റോ ബാബു, ജെയ്‌സൺ ജോസ് എന്നിവർ തിരുന്നാൾ ആഘോഷത്തിന് നേതൃത്വം വഹിച്ചു.

English Summary:

Bedford St. Alphonsa Center for Syro-Malabar Mission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com