ADVERTISEMENT

ലണ്ടൻ• ആത്മാക്കളുടെ ദിനം എന്നറിയപ്പെടുന്ന ഹലോവീൻ യുകെയിൽ കുട്ടികൾക്കിടയിൽ പ്രധാന ആഘോഷങ്ങളിൽ ഒന്നായി മാറുന്നു. പ്രത്യേക വേഷം ധരിച്ചുള്ള ട്രിക്ക് ഓർ ട്രീറ്റ് ആണ് കുട്ടികൾക്കിടയിൽ ഹാലോവീനെ ആകർഷകമാക്കുന്നത്. ആത്മാക്കളുടെ ദിനമായാണ് ഹാലോവീൻ ദിനത്തെ പാശ്ചാത്യർ കണക്കാക്കുന്നത്. എട്ടാം നൂറ്റാണ്ടിൽ ഗ്രിഗറി മൂന്നാമൻ മാർപ്പാപ്പ നവംബർ 1 എല്ലാ വിശുദ്ധന്മാരെയും ആരാധിക്കാനുള്ള ദിവസമായ ഓൾ സെയിന്റ്സ് ഡേ ആയി നിശ്ചയിച്ചു. ഇതിന് തലേദിവസമായ ഒക്ടോബർ 31 ഓൾ ഹാലോസ് ഈവ് എന്നാണ് അറിയപ്പെടുന്നത്. ഇതാണ് പിന്നീട് ഹാലോവീൻ ആയി മാറിയത്.

പാശ്ചാത്യ ക്രിസ്തുമത വിശ്വാസമനുസരിച്ച് പുരാതന കെൽറ്റിക് ഉത്സവമായ സാംഹെയിനിൽ നിന്നാണ് ഈ പാരമ്പര്യം ഉത്ഭവിച്ചത്. മരിച്ചവരുടെ ആത്മാക്കൾക്ക് തങ്ങളുടെ വീടുകളിൽ സന്ദർശനം നടത്താൻ മരണ ദേവനായ സാഹയിൻ അനുമതി നൽകുമെന്നായിരുന്നു വിശ്വാസം. ഇതിനായി പേടിപ്പെടുത്തുന്ന വേഷങ്ങളിൽ അവരെ സ്വീകരിക്കാൻ ഏവരും ഒരുങ്ങും. വീടുകൾക്ക് മുന്നിൽ ഹാലോവീൻ രൂപങ്ങൾ വച്ച് അലങ്കരിച്ചാണ് ആഘോഷങ്ങൾ ആരംഭിക്കുക. അസ്ഥികൂടങ്ങൾ, മത്തങ്ങ ഉപയോഗിച്ചുള്ള തല, കാക്ക, എട്ടുകാലി തുടങ്ങിയ പേടിപ്പെടുത്തുന്ന രൂപങ്ങൾ ഉപയോഗിച്ചാണ് മിക്കപ്പോഴും അലങ്കരിക്കാറുള്ളത്. കുട്ടികളും മുതിർന്നവരും പേടിപ്പെടുത്തുന്ന വസ്ത്രങ്ങൾ ഹാലോവീൻ ദിനത്തിൽ ധരിക്കും.

ഇത്തരത്തിൽ വേഷങ്ങൾ ധരിക്കുന്ന കുട്ടികൾ ഓരോ വീടുകളിലും പോയി 'ട്രിക്ക് ഓർ ട്രീറ്റ്' ചോദിക്കുന്നു. ട്രിക്ക് പറഞ്ഞാൽ വികൃതിയും ട്രീറ്റ് പറഞ്ഞാൽ സമ്മാനവുമാണ് രീതി. മിക്കവരും ട്രീറ്റ് പറഞ്ഞു മിഠായി നൽകലാണ് പതിവ്. വിശുദ്ധൻ എന്നർഥമുള്ള ഹാലോ, വൈകുന്നേരം എന്ന അർഥം ഉള്ള ഈവിനിങ് എന്നീ പദങ്ങളിൽ നിന്നാണ് 'ഹാലോവീൻ' എന്ന വാക്ക് രൂപം കൊണ്ടത്. രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് ഇംഗ്ലണ്ട്, സ്‌കോട്ട്‌ലൻഡ്, അയർലൻഡ്, വടക്കൻ ഫ്രാൻസ് എന്നിവിടങ്ങളിലെ ജനങ്ങൾക്ക് പുതുവത്സര ആഘോഷങ്ങൾക്കുള്ള ദിനമായിരുന്നു ഒക്ടോബർ 31.

പാശ്ചാത്യരാജ്യങ്ങളിലാണ് ഹാലോവീൻ ആഘോഷിക്കാറ്. ഇപ്പോൾ മലയാളികൾ അടക്കമുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ ആഘോഷത്തിന്റെ ഭാഗമാകുന്നുണ്ട്. അതേസമയം 'ഹാലോവീൻ' പൈശാചിക ആരാധനയ്ക്ക് തുല്യമാണെന്നും അതിനാൽ വിട്ടുനിൽക്കണമെന്നും വത്തിക്കാൻ നിലപാട് സ്വീകരിച്ചു. ഹാലോവീൻ ആഘോഷങ്ങളിൽനിന്ന് കുട്ടികളെ അകറ്റിനിറുത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും പകരം വിശുദ്ധരുടെ വേഷങ്ങൾ അണിയുന്ന 'ഹോളീവീൻ' ആഘോഷങ്ങളിൽ പങ്കെടുക്കാൻ കുട്ടികളെ പ്രോത്‌സാഹിപ്പിക്കുക ആണ് വേണ്ടതെന്നും 2014 ൽ വത്തിക്കാൻ ആഹ്വാനം ചെയ്തിരുന്നു.

English Summary:

Today is halloween

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com