ഡൗണിങ് സ്ട്രീറ്റ് 10 ൽ ദീപം തെളിച്ച് ഋഷി സുനകിന്റെ ദീപാവലി ആഘോഷം; ഗണപതിയുടെ വിഗ്രഹം മോദിയുടെ സമ്മാനം
Mail This Article
ലണ്ടൻ• ക്രിസ്മസും ന്യൂഇയറും പോലെ തന്നെ ബ്രിട്ടനിലെ ഏറ്റവും വലിയ ആഘോഷമായി ദീപാവലിയും മാറുമ്പോൾ ഏറെ ശ്രദ്ധ ആകർഷിക്കുന്ന ഒരു ഇടമാണ് ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഓഫിസായ ഡൗണിങ് സ്ട്രീറ്റ് 10. ഡൗണിങ് സ്ട്രീറ്റില്‍ ഋഷി സുനകും ഭാര്യ അക്ഷത മൂര്‍ത്തിയും ദീപങ്ങള്‍ തെളിച്ച് ആഘോഷങ്ങള്‍ ഏതാനം ദിവസങ്ങൾക്ക് മുൻപേ ആരംഭിച്ചിരുന്നു.
പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന ആഘോഷത്തില്‍ പാര്‍ലമെന്‍റ് അംഗങ്ങള്‍, പ്രമുഖ വ്യവസായികള്‍, ബോളിവുഡ് താരങ്ങള്‍, ബ്രിട്ടനിലെ വിവിധ ഇന്ത്യന്‍ സമൂഹങ്ങളിലെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.
ദീപാവലി ദിവസമായ ഇന്നലെ പത്താം നമ്പർ ഓഫിസിന് മുന്നിൽ മണ്‍ചിരാതുകള്‍ തെളിച്ച് വിപുലമായാണ് ദീപാവലി ആഘോഷിച്ചത്. ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായി നിയോഗിക്കപ്പെട്ടിട്ട് ഒരു വര്‍ഷം തികഞ്ഞ സമയത്താണ് ഇത്തവണത്തെ ദീപാവലി ആഘോഷങ്ങൾ. അതോടൊപ്പം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീപാവലി സമ്മാനങ്ങളും ഋഷി സുനകിനെ തേടി എത്തിയിരുന്നു.
കേന്ദ്രമന്ത്രി ഡോ. എസ്. ജയശങ്കറും ഭാര്യയും ഡൗണിങ് സ്ട്രീറ്റ് 10 ൽ സന്ദർശനം നടത്തിയാണ് ആശംസകളും സമ്മാനങ്ങളും കൈമാറിയത്. ഗണപതിയുടെ വിഗ്രഹവും ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഓട്ടോഗ്രാഫ് രേഖപ്പെടുത്തിയ ക്രിക്കറ്റ് ബാറ്റുമാണ് ഋഷി സുനകിന് സമ്മാനിച്ചത്.
ദീപാവലി ദിനത്തിൽ ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിനെ സന്ദർശിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് എസ്. ജയശങ്കർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസകൾ അറിയിച്ചു. ഇന്ത്യയും യുകെയും ബന്ധം പുനഃസ്ഥാപിക്കുന്നതിൽ സജീവമായി ഏർപ്പെട്ടിരിക്കുകയാണ്. അവരുടെ ഊഷ്മളമായ സ്വീകരണത്തിന് നന്ദിയുണ്ടെന്നും എസ്. ജയശങ്കർ കൂട്ടിച്ചേർത്തു. തുടർന്ന് ലണ്ടനിലെ ബാപ്സ് ശ്രീ സ്വാമിനാരായണ മന്ദിർ ജയശങ്കറും കുടുംബവും സന്ദർശിച്ചു.