കുട്ടികൾ പോണോഗ്രാഫി കാണുന്നത് തടയാൻ നിർമിത ബുദ്ധി; അശ്ലീല ഉള്ളടക്കം ലഭിക്കാൻ സെൽഫി, പുതിയ പരിഷ്കരണത്തിന് യുകെ

Mail This Article
ലണ്ടൻ∙ ഓൺലൈനിൽ പോണോഗ്രാഫി കാണുന്നതിൽ നിന്നും കുട്ടികളെ തടയാൻ ബ്രിട്ടൻ ചൊവ്വാഴ്ച പുതിയ പ്രായപരിശോധ മാർഗ്ഗനിർദ്ദേശം നിർദ്ദേശിച്ചു. പോണോഗ്രാഫി കാണുന്ന വ്യക്തിക്ക് അതിനുള്ള നിയമപരമായ പ്രായമുണ്ടോ എന്ന് അറിയാൻ നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള നിർദ്ദേശം ഉൾപ്പെടെയുള്ളവ പുതിയ മാർഗ്ഗനിർദ്ദേത്തിൽ ഇടംപിടിച്ചു.
ഗവൺമെന്‍റ് പുതുതായി പാസാക്കിയ ഓൺലൈൻ സേഫ്റ്റി ആക്ട് പ്രകാരം അശ്ലീല ഉള്ളടക്കം പ്രദർശിപ്പിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്ന സൈറ്റുകളും ആപ്പുകളും കുട്ടികൾക്ക് അവരുടെ സേവനം കാണാൻ കഴിയുന്നില്ലെന്ന് ഉറപ്പാക്കാൻ നിർദേശിച്ചിട്ടുണ്ട്. ബ്രിട്ടനിൽ പോണോഗ്രാഫി കാണുന്നതിനുള്ള നിയമപരമായ പ്രായം 18 വയസോ അതിന് മുകളിലോ ആണ്. പക്ഷെ കണക്കുകൾ പറയുന്നത് കുട്ടികൾ ആദ്യമായി ഓൺലൈനിൽ പോണോഗ്രാഫി കാണുന്നത് ശരാശരി 13 വയസ്സുള്ളപ്പോഴാണ് എന്നാണ്. ചില കുട്ടികൾക്ക് പ്രായം ഒൻപത് വയസ്സ് മാത്രമാണെന്ന് ഇംഗ്ലണ്ടിലെ ചിൽഡ്രൻസ് കമ്മിഷണറുടെ ഓഫിസ് നടത്തിയ 2021-2022 ലെ പഠനം വ്യക്തമാക്കുന്നു.
അവരുടെ സമീപനം പരിഗണിക്കാതെ തന്നെ, എല്ലാ കുട്ടികളെയും പോണോഗ്രാഫി കാണുന്നതിൽ സംരക്ഷിക്കാനാണ് പുതിയ നീക്കം. കൂടാതെ നിയമപരമായ ഉള്ളടക്കം ആക്‌സസ് ചെയ്യാനുള്ള മുതിർന്നവരുടെ സ്വകാര്യത അവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടുന്നുവെന്ന് മീഡിയ റെഗുലേറ്റർ ഓഫ്‌കോം സിഇഒ മെലാനി ഡോവ്സ് പറഞ്ഞു. ഓൺലൈനിൽ പോണോഗ്രാഫി കാണുന്ന വ്യക്തിയുടെ സവിശേഷതകൾ വിശകലനം ചെയ്യാൻ എഐ പ്രയോജനപ്പെടുത്തിനാണ് നീക്കം. ഇതിനായി സെൽഫി എടുത്ത് അപ്‌ലോഡ് ചെയ്യേണ്ടി വരും. ഫൊട്ടോ ഐഡന്റിഫിക്കേഷൻ പൊരുത്തപ്പെടുത്തൽ, പ്രായം തെളിയിക്കാൻ പാസ്‌പോർട്ട് അല്ലെങ്കിൽ ഡ്രൈവിങ് ലൈസൻസ് പോലുള്ള ഫൊട്ടോ ഐഡി അപ്‌ലോഡ് ചെയ്യേണ്ടത് തുടങ്ങിയവും തങ്ങളുടെ നിർദ്ദിഷ്ട മാർഗ്ഗനിർദ്ദേശത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് മെലാനി ഡോവ്സ് പറഞ്ഞു.
മറ്റൊരു നിർദ്ദേശം ഓപ്പൺ ബാങ്കിങ് ആണ്. അതിലൂടെ ഉപയോക്താക്കൾ 18 വയസ്സിന് മുകളിലുള്ളവരാണെന്ന് സ്ഥിരീകരിക്കുന്നതിന് ഓൺലൈൻ പോൺ സൈറ്റുകളുമായി അവരുടെ ബാങ്ക് വിവരങ്ങൾ പങ്കിടുന്നതിന് സമ്മതം നൽകാം. നിർബന്ധിത പ്രായ പരിശോധന ഉപയോക്തൃ സ്വകാര്യതയെ ഭീഷണിപ്പെടുത്തുമെന്നും മൂന്നാം കക്ഷികളുടെ കൈവശമുള്ള സെൻസിറ്റീവ് ഡാറ്റയുടെ അളവ് വർധിപ്പിച്ച് ഉപയോക്താക്കളെ സ്വകാര്യത ലംഘനങ്ങൾക്കും ദുരുപയോഗത്തിനും വിധേയരാക്കുമെന്നും ഫ്രീ മാർക്കറ്റ് തിങ്ക് ടാങ്കായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് അഫയേഴ്‌സ് പറഞ്ഞു.