ADVERTISEMENT

ലണ്ടൻ ∙ ബിബിസി ചെയർമാനായി ഇന്ത്യൻ വംശജനായ ഡോ. സമീർ ഷായെ നിർദ്ദേശിച്ച് ബ്രിട്ടിഷ് സർക്കാർ. മുൻ ചെയർമാൻ റിച്ചാര്‍ഡ് ഷാര്‍പ്പ് രാജിവച്ച ഒഴിവിലേക്ക് ആണ് സമീർ ഷായെ നിയമിക്കാൻ ഒരുങ്ങുന്നത്. മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ ജനിച്ച 72 കാരനായ സമീർഷാ 40 വർഷത്തോളമായി പത്രപ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമാണ്. മുൻ പ്രധാന മന്ത്രി ബോറിസ് ജോണ്‍സനുമായി ചേർന്ന് നിയമ ലംഘനം നടത്തി എന്ന ആരോപണത്തിലാണ് ഏപ്രില്‍ മാസത്തിൽ റിച്ചാര്‍ഡ് ഷാര്‍പ്പിന്റെ രാജി ഉണ്ടായത്. തുടര്‍ന്ന് ബിബിസി ബോര്‍ഡ് അംഗമായ ഡെയിം എലന്‍ ക്ലോസ് സ്റ്റീഫെന്‍സ് താത്ക്കാലികമായി ചെയർമാൻ ചുമതല നിർവഹിച്ചു വരികയായിരുന്നു.

 ബിബിസി ഒരു സ്വതന്ത്ര സ്ഥാപനമാണെങ്കിലും ചെയര്‍മാനെ നിയമിക്കുന്നത് ബ്രിട്ടിഷ് സര്‍ക്കാരാണ്. ഡോ. സമീര്‍ ഷായുടെ അനുഭവ പരിചയമാണ് ബിബിസി ചെയർമാൻ പദവിയിലേക്ക് നിര്‍ദ്ദേശിക്കാന്‍ പ്രേരിപ്പിച്ചതെന്ന് കള്‍ച്ചറല്‍ സെക്രട്ടറി ലൂസി ഫ്രേസര്‍ പറഞ്ഞു. ബിബിസിയെ മുന്‍പോട്ട് കൊണ്ടുപോകാന്‍ ഷമീർ ഷായ്ക്ക് കഴിയുമെന്ന ആത്മവിശ്വാസവും കള്‍ച്ചറല്‍ സെക്രട്ടറി പ്രകടിപ്പിച്ചു. സര്‍ക്കാര്‍ നോമിനിയായതില്‍ സന്തോഷമുണ്ടെന്നായിരുന്നു സമീര്‍ ഷായുടെ പ്രതികരണം. സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ ഡിസിഎംഎസ് സെലെക്ട് കമ്മിറ്റി അംഗീകരിക്കേണ്ടതുണ്ട്. അതു കഴിഞ്ഞാല്‍ പ്രിവി കൗണ്‍സിലിന്റെയൂം ചാൾസ് രാജാവിന്റെയും അംഗീകാരം ലഭിക്കേണ്ടതുണ്ട്. അതിന് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനവും ചുമതല ഏറ്റെടുക്കലും.

ഔറംഗാബാദില്‍ 1952 ല്‍ ജനിച്ച ഡോ. സമീര്‍ ഷാ 1960 ലാണ് ബ്രിട്ടനിൽ എത്തുന്നത്. യൂണിവേഴ്സിറ്റി ഓഫ് ഹള്ളില്‍ നിന്നും ഭൂമിശാസ്ത്രത്തില്‍ ബിരുദമെടുത്ത സമീർ ഷാ ഒക്സ്ഫഡ് സെന്റ് കാതറിന്‍സ് കോളജില്‍ നിന്നാണ് പിഎച്ച്ഡി എടുക്കുന്നത്. 1979 ല്‍ ലണ്ടന്‍ വീക്കെന്‍ഡ് ടെലിവിഷനിലൂടെ മാധ്യമ രംഗത്തേക്ക് കടന്നു വന്ന സമീർ ഷാ 1994 മുതല്‍ 1998 വരെ ബിബിസിയുടെ കറന്റ് അഫയേഴ്സ് ടിവി പരിപാടികളുടെ മേധാവി ആയിരുന്നു. ബിബിസിയുടെ പൊളിറ്റിക്കല്‍ ജേണലിസം പരിപാടികളുടെ മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1998 ല്‍ അന്ന് എം പി ആയിരുന്ന മൈക്കല്‍ വില്‍സില്‍ നിന്നും ജുപ്പീറ്റര്‍ ടിവി സ്വന്തമാക്കിയ സമീര്‍ ഷാ അന്നുമുതല്‍ അതിന്റെ സിഇഒ യും ക്രിയേറ്റീവ് ഡയറക്ടറുമാണ്. ബി ബി സി, ചാനല്‍ 4, ജിയോഗ്രാഫിക്, ഡിസ്‌കവറി, ടി എല്‍ സി, നെറ്റ്ഫ്ളിക്സ് എന്നിവയിലെല്ലാം ജുപ്പീറ്റര്‍ ടിവിയുടെ പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. 2007 ല്‍ ബിബിസിയുടെ മൂന്ന് നോണ്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍മാരില്‍ ഒരാളായി സമീർ ഷാ തിരഞ്ഞെടുക്കപ്പെട്ടതാണ് ഇന്നത്തെ ചെയർമാൻ പദവിയിലേക്ക് വഴി തുറന്നത്. ഇന്ത്യൻ വേരുകൾ ഉള്ള ഋഷി സുനക് ബ്രിട്ടിഷ് പ്രധാനമന്ത്രി ആയ ശേഷം ഇന്ത്യൻ വംശജനായ ഒരാൾ ബിബിസി ചെയർമാൻ ആകുന്നതിൽ ബ്രിട്ടനിലേക്ക് കുടിയേറിയ ഇന്ത്യക്കാർക്ക് ഏറെ അഭിമാനകരമാണ്.

English Summary:

Indian-Origin as Dr. Sameer Shah BBC Chairman. Govt suggests

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com