24 വർഷം മുൻപ് കൗമാരക്കാരിയെ കൊലപ്പെടുത്തിയ സീരിയൽ കില്ലർ അറസ്റ്റിൽ; പിടിയിലാകുന്നത് മറ്റൊരു കേസിൽ ജീവപര്യന്തം അനുഭവിക്കുമ്പോൾ
Mail This Article
ലണ്ടൻ • ബ്രിട്ടനിലെ സഫോക്കിൽ 24 വർഷങ്ങൾക്ക് മുമ്പ് കൗമാരക്കാരിയായ പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ സീരിയൽ കില്ലർ സ്റ്റീവ് റൈറ്റ് അറസ്റ്റിൽ. 65 കാരനായ റൈറ്റ് 2006 ൽ ഇപ്‌സ്‌വിച്ചിൽ അഞ്ച് സ്ത്രീകളെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ് ഇപ്പോൾ. വിക്ടോറിയ ഹാൾ കേസുമായി ബന്ധപ്പെട്ട് 2021 ലാണ് റൈറ്റ് ആദ്യം അറസ്റ്റിലായത്. വിക്ടോറിയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 2021 ൽ ആദ്യം അറസ്റ്റിലായ അതേ വ്യക്തിയെ ചോദ്യം ചെയ്യുന്നതിനായി ബുധനാഴ്ച വീണ്ടും അറസ്റ്റ് ചെയ്തതായി സഫോക്ക് പൊലീസ് സ്ഥിരീകരിച്ചു.
അന്വേഷണത്തിനൊടുവിൽ ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. വിക്ടോറിയയുടെ മരണം കൊലപാതകമാണെന്ന സംശയത്തെ തുടർന്ന് 2021 ജൂലൈ 28 ന് സ്റ്റീവ് റൈറ്റിനെ പൊലീസ് ഉദ്യോഗസ്ഥർ ആദ്യം അറസ്റ്റ് ചെയ്തിരുന്നു. 1999 സെപ്റ്റംബർ 18 ന് ഫെലിക്‌സ്‌റ്റോവിലെ ബെന്റ് ഹില്ലിലുള്ള ബാൻഡ്‌ബോക്‌സ് നിശാക്ലബിൽ ഒരു സുഹൃത്തിനോടൊപ്പം നൈറ്റ് ഔട്ടിന് പോയതാണ് വിക്ടോറിയ. ഇരുവരും പിരിഞ്ഞെങ്കിലും വിക്ടോറിയ വീട്ടിലെത്തിയില്ല. അഞ്ച് ദിവസത്തിന് ശേഷം വിക്ടോറിയയുടെ മൃതദേഹം വീട്ടിൽ നിന്നും 40 മൈൽ അകലെയുള്ള ക്രീറ്റിങ് സെന്റ് പീറ്ററിലെ ക്രീറ്റിങ് ലെയ്‌നിലുള്ള ഒരു വയലിൽ കണ്ടെത്തുകയായിരുന്നു.