അപകടസാധ്യതയുള്ള നിരീക്ഷണം ഏറ്റെടുക്കും; റിമോട്ട് കൺട്രോൾ റോബോട്ടിക് പൊലീസ് നായയുമായി ഇറ്റലി

Mail This Article
റോം ∙ ഇറ്റലിയിലെ സൈനിക പൊലീസായ കരബിനിയേരിയിലേക്ക് ആദ്യമായി റിമോട്ട് കൺട്രോൾ റോബോട്ടിക് പൊലീസ് നായയെ നിയമിച്ചു. ‘സയെത്ത’ എന്നു പേരിട്ട യന്ത്ര നായയെ റോമിലെ ബോംബ് സ്ക്വാഡിലേക്കാണ് നിയമിക്കുന്നത്.

നാലു കാലുകളുള്ള റോബോട്ടിക് നായയെ പരമാവധി 150 മീറ്റർ ദൂരംവരെ പ്രവർത്തിപ്പിക്കാൻ കഴിയും. ഉയർന്ന അപകടസാധ്യതയുള്ള നിരീക്ഷണ പ്രവർത്തനങ്ങൾക്കും മനുഷ്യനു പ്രവേശിക്കാൻ കഴിയാത്ത പ്രദേശങ്ങളിലെ പ്രവർത്തനങ്ങൾക്കും ‘സയെത്ത’യെ ഉപയോഗിക്കും. വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാൻ കഴിയാത്ത ഭൂപ്രദേശങ്ങളിലൂടെ ആയാസമില്ലാതെ സഞ്ചരിക്കാൻ ഇതിനു കഴിയും. പടികൾ കയറാനും ഇറങ്ങാനും കഴിവുള്ള റോബോട്ടിക് നായയ്ക്ക്, അടഞ്ഞുകിടക്കുന്ന വാതിലുകൾ തുറക്കാനുള്ള കഴിവും ഉണ്ടെന്ന് അധികൃതർ പറഞ്ഞു. നൂതന ലേസർ, തെർമൽ ഇമേജിങ് സെൻസറുകൾ ഉപയോഗിച്ച് ലൊക്കേഷനുകൾ മാപ്പ് ചെയ്യാനും സ്ഫോടക വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താനും രാസവസ്തുക്കളുടെ അവശിഷ്ടങ്ങൾ തിരിച്ചറിയാനും 'സയെത്ത'യ്ക്കു കഴിയും.

ദശലക്ഷക്കണക്കിനു തീർഥാടകരും സന്ദർശകരും ഒഴുകിയെത്തുന്ന റോമിൽ, ഇറ്റാലിയൻ പൊലീസിന്റെ ഒരു അധിക സുരക്ഷാ ആസ്തിയായിരിക്കും ‘സയെത്ത’ യന്ത്ര നായ എന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
