ADVERTISEMENT

ലണ്ടന്‍ ∙ ബ്രിട്ടനിലെ ഇന്‍ഹെറിറ്റന്‍സ് ടാക്സ് നേര്‍പകുതിയായി കുറയ്ക്കാൻ പ്രധാനമന്ത്രി ഋഷി സുനക് തയാറാകുന്നു. മാർച്ചിൽ ബജറ്റിൽ ഇന്‍ഹെറിറ്റന്‍സ് ടാക്സ് ഉൾപ്പടെയുള്ള നികുതികൾ നിലവിൽ ഉള്ളതിൽ നിന്നും കുറയ്ക്കാനാണ് ഋഷി സുനകും ധനമന്ത്രി ജെറമി ഹണ്ടും ആലോചിക്കുന്നത്. ലക്ഷ്യം മേയിൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടിക്ക് അനുകൂലമായി കളമൊരുക്കലാണ്. ബ്രിട്ടനില ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് 40% ഈടാക്കുന്നത് മനുഷ്യത്വരഹിതമെന്ന് വിമര്‍ശനം ഉയർന്നിരുന്നു.

ബ്രിട്ടനിൽ പരമ്പരാഗത സ്വത്ത് കൈമാറുമ്പോള്‍ വരുന്ന നികുതി ഇപ്പോൾ സ്വത്ത്‌ വിലയുടെ 40% ആണ് അടയ്‌ക്കേണ്ടത്. ഇത് ഏറെ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്. ഒരു വ്യക്തിയുടെ വീടോ മറ്റ് വസ്തു വകകളോ 3,25,000 പൗണ്ട് മൂല്യത്തില്‍ അധികമാണെങ്കില്‍ പ്രസ്തുത വ്യക്തിയുടെ മരണാനന്തരം വീട് വില്‍ക്കുമ്പോള്‍ അതിന്റെ വിലയുടെ 40% സര്‍ക്കാരിലേക്ക് നിര്‍ബന്ധമായി നികുതിയായി കൊടുക്കുന്നതാണ് ഇന്‍ഹെറിറ്റന്‍സ് നികുതി. ഇന്‍ഹെറിറ്റന്‍സ് ടാക്സ് 40% ൽ നിന്നും താഴ്ത്തണമെന്ന് ബ്രിട്ടിഷ് പ്രവാസികളടക്കമുള്ള അനേകം പേര്‍ കാലങ്ങളായി ആവശ്യപ്പെട്ടിരുന്നു എങ്കിലും സര്‍ക്കാര്‍ കുറയ്ക്കാൻ തയാറായിരുന്നില്ല.

ടാക്സ് കുറയ്ക്കാത്തത് മൂലം വിവിധ രാജ്യങ്ങളില്‍ ജീവിക്കുന്ന നിരവധി ബ്രിട്ടിഷുകാർ പോലും ജീവിതാവസാനം ചെലവഴിക്കാന്‍ മാതൃരാജ്യത്തേക്ക് തിരികെ വരാന്‍ മടിക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. മറ്റ് രാജ്യങ്ങളിൽ ഇതരത്തിലുള്ള നികുതി ഇല്ലെന്നും ബ്രിട്ടനിൽ തിരികെ എത്തുന്നതിലും നല്ലത് പ്രവാസികളായി തുടരുന്നതാണെന്നും ബ്രിട്ടിഷുകാർ പറഞ്ഞിരുന്നു. ഇങ്ങനെ പ്രതിഷേധം വ്യാപകമായതോടെയാണ് ഇന്‍ഹെറിറ്റന്‍സ് നികുതി 40% ൽ നിന്നും 20% കുറയ്ക്കുവാൻ ആലോചിക്കുന്നതായി സ്ഥിരീകരണം ഉണ്ടായത്. നവംബറില്‍ ധനമന്ത്രി ജെറമി ഹണ്ട് ഇതിനായി നീക്കങ്ങൾ നടത്തിയിരുന്നതായി ട്രഷറി വൃത്തങ്ങള്‍ പറയുന്നു.

നാഷണല്‍ ഇന്‍ഷുറന്‍സില്‍ 2 പെന്‍സ് വെട്ടിക്കുറയ്ക്കാനുള്ള സുപ്രധാന പദ്ധതി പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രിയും ധനമന്ത്രിയും തീരുമാനം എടുത്തതോടെയാണ് മറ്റ് പദ്ധതികൾക്കുള്ള നീക്കങ്ങൾ നിർത്തിവെച്ചത്. നാഷണല്‍ ഇന്‍ഷുറന്‍സ് കുറയ്ക്കാനുള്ള തീരുമാനം അടുത്ത ആഴ്ച നിലവില്‍ വരും. ഇന്‍ഹെറിറ്റന്‍സ് ടാക്സ് നേര്‍പകുതിയാക്കുന്ന പദ്ധതി അടുത്ത ബജറ്റിലെ സുപ്രധാന പ്രഖ്യാപനവുമായേക്കും. തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള പ്രധാന ആയുധമായി ഇത് മാറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ബജറ്റ് മാര്‍ച്ച് 6ന് അവതരിപ്പിക്കുമെന്ന് സര്‍ക്കാര്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

English Summary:

Prime Minister to Cut Inheritance Tax in Britain by Half

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com