നദിയിൽ മുങ്ങിയ കാറിൽ നിന്ന് അമ്മയെയും മൂന്ന് വയസ്സുകാരിയെയും രക്ഷിച്ച് താരങ്ങളായി ദമ്പതികള്‍
Mail This Article
ലണ്ടൻ∙ യുകെയിൽ ഹെങ്ക് കൊടുങ്കാറ്റിനെ തുടര്‍ന്ന് നിറഞ്ഞു കവിഞ്ഞ നദിയില്‍ മുങ്ങിപ്പോയ കാറില്‍ നിന്നും മൂന്ന് വയസ്സുകാരിയെയും അമ്മയെയും സാഹസികമായി രക്ഷിച്ച് താരങ്ങളായി ദമ്പതികള്‍. കഴിഞ്ഞ ദിവസം ബർമിങ്ഹാമിലാണ് സംഭവം നടന്നത്. പ്രദേശവാസികളായ ലിയാം സ്റ്റിച്ചും പങ്കാളിയായ ടിയാ ഡ്രെപ്പറും ബര്‍മിങ്ഹാമിലെ ഹാള്‍ ഗ്രീനില്‍ നടക്കാന്‍ ഇറങ്ങിയപ്പോളാണ് ഫിയറ്റ് പുന്തൊ കാർ നദിയിലെ കുത്തൊഴുക്കില്‍ മുങ്ങുന്നത് കണ്ടത്. ഉടന്‍ തന്നെ നദിയുടെ പാലത്തിലേക്ക് ലിയാം സ്റ്റിച്ച് കയറി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. കാർ ഒലിച്ചുപോകുന്നത് തടയാൻ പാലത്തിന് അരികിൽ പാർക്ക് ചെയ്തിരുന്ന തന്റെ സ്വന്തം കാറിൽ നിന്ന് ഒരു കയർ എടുത്ത് പാലത്തിൽ കെട്ടി കാറിനെ ബന്ധിപ്പിച്ചു.
തുടർന്ന് കൂടുതൽ വെള്ളം ഒഴുകി വരും മുൻപ് കാറിന്റെ ചില്ല് പൊട്ടിച്ച് കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. തുടർന്ന് അമ്മയേയും പുറത്തെടുത്തു. രക്ഷാപ്രവർത്തനം നടത്തിയെങ്കിലും തങ്ങൾ ഇത് എങ്ങനെ ചെയ്തുവെന്ന് ഇപ്പോഴും വിവരിക്കുവാൻ കഴിയുന്നില്ലന്ന് ലിയാം സ്റ്റിച്ചും ടിയാ ഡ്രെപ്പറും പറഞ്ഞു. എങ്കിലും രക്ഷാപ്രവർത്തന സമയത്ത് ടിയാ ഡ്രെപ്പർ ചിത്രീകരിച്ച വിഡിയോയിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ വ്യക്തമായത്. അഞ്ച് മാസം ഗര്‍ഭിണിയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ലിയാം സ്റ്റിച്ചിന്റെ ഭാര്യ ടിയാ ഡ്രെപ്പർ. സംഭവം പുറത്തറിഞ്ഞതോടെ ബ്രിട്ടിഷ് ജനതക്ക് ഇടയിൽ തരങ്ങളായി മാറിയിരിക്കുകയാണ് ഇരുവരും.
കഴിഞ്ഞ ദിവസം ഗ്ലോസ്റ്റര്‍ഷെയറില്‍ കാറിനു മുകളില്‍ മരം വീണ് 50 വയസ്സുള്ള ഒരാള്‍ മരിച്ചിരുന്നു. ഇത്തവണത്തെ കൊടുങ്കാറ്റ് സീസണിന്റെ എട്ടാമത്തെ കൊടുങ്കാറ്റായ ഹെങ്ക് ചൊവ്വാഴ്ച മുതൽ യുകെയില്‍ വീശിയടിച്ചു കൊണ്ടിരിക്കുകയാണ്. യുകെയുടെ വിവിധ ഭാഗങ്ങളിൽ 94 മൈല്‍ വേഗതയുള്ള കാറ്റും കനത്ത മഴയുമാണ് കൊടുങ്കാറ്റ് സമ്മാനിച്ചത്. വെള്ളപ്പൊക്കം കാരണം നിരവധി പ്രധാന റോഡുകള്‍ അടച്ചു.
യുകെയിലെ ചില പ്രദേശങ്ങളിൽ ട്രെയിന്‍ ലൈനുകള്‍ മരങ്ങള്‍ വീണ് തടസ്സപ്പെട്ടിട്ടുണ്ട്. യുകെയുടെ അംഗ രാജ്യങ്ങളായ ഇംഗ്ലണ്ട്, സ്കോട്ലന്ഡ്, വെയ്ല്‍സ് എന്നിവിടങ്ങളില്‍ നൂറുകണക്കിന് വെള്ളപ്പൊക്ക മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് മുതൽ ആഴ്ച അവസാനം വരെ കൂടുതല്‍ മോശം കാലാവസ്ഥ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രമായ മെറ്റ് ഓഫിസ് അറിയിച്ചു. വ്യാഴാഴ്ച ഉച്ച മുതല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 3 വരെ ഇംഗ്ലണ്ടിന്റെ തെക്ക് കനത്ത മഴ പ്രവചിച്ച മെറ്റ് ഓഫിസ് യെല്ലോ അലർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.