ലില്ലിക്ക് 24 വയസ്സ്; ലോകത്തിലെ ഏറ്റവും പ്രായംകൂടിയ നായയുടെ ജന്മദിനം ഇറ്റലിയിൽ ആഘോഷിച്ചു

Mail This Article
റോം ∙ ലോകത്തിലെ ഏറ്റവും പ്രായംകൂടിയ നായയായി കരുതുന്ന ലില്ലിയുടെ ജന്മദിനം ഇറ്റലിയിൽ ആഘോഷിച്ചു. നേപ്പിൾസിനടുത്തുള്ള തോറെ അനൂൻസിയാത്ത പട്ടണത്തിലെ അക്കൻഫോറ കുടുംബത്തോടൊപ്പമാണ് 24 വയസ്സുള്ള ലില്ലി താമസിക്കുന്നത്. ജനുവരി ഒന്നിന് ലില്ലിയുടെ ഉടമസ്ഥർ അവളുടെ 24-ാം ജന്മദിനം കേക്കുമുറിച്ച് വിപുലമായി ആഘോഷിച്ചു. 2000 ൽ മോട്ടോർവേയിലെ വിശ്രമകേന്ദ്രത്തിൽനിന്നാണ്, ഉപേക്ഷിക്കപ്പെട്ടനിലയിൽ അക്കൻഫോറ കുടുംബത്തിന് നായ്ക്കുട്ടിയെ കിട്ടിയത്. ലില്ലി എന്നു പേരിട്ടുവിളിച്ച അവളുടെ ജനനത്തെക്കുറിച്ച് കൃത്യമായി അറിയില്ലെങ്കിലും എല്ലാ വർഷവും ജനുവരി ഒന്നിന് ലില്ലിയുടെ ജന്മദിനം വീട്ടുകാർ ആഘോഷിക്കുന്നു.
1999 നവംബറിൽ ഒഹിയോയിൽ ജനിച്ച ഒരു നായ ആണ് ലോകത്തിലെ ഏറ്റവും പ്രായംകൂടിയ നായയായി ഗിന്നസ് റെക്കോർഡ് ബുക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രായക്കൂടുതലുള്ള നായ ലില്ലിയാണെന്ന, അക്കൻഫോറ കുടുംബത്തിന്റെ അവകാശവാദം ഗിന്നസ് ബുക്ക് അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 10 മുതൽ 15 വയസ്സുവരെയാണ് ഒരു നായയുടെ ശരാശരി ജീവിതകാലയളവ് എന്നാണ് ജന്തുശാസ്ത്ര വിദഗ്ധർ വിലയിരുത്തിയിട്ടുള്ളത്.