ADVERTISEMENT

ലണ്ടൻ∙ സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ എമ്പുരാൻ 'എൽ 2' വിന്‍റെ തുടർ ചിത്രീകരണത്തിനായി മോഹൻലാലും സംവിധായകൻ പൃഥ്വിരാജ് സുകുമാരനും ഉൾപ്പെടുന്ന സംഘം വീണ്ടും ലണ്ടനിൽ എത്തും. മോഹൻലാൽ ചിത്രമായ നേരിന്‍റെ വൻ വിജയം തുടരുന്നതിനിടെ യുകെയിൽ മോഹൻലാൽ എത്തുന്നതിന്‍റെ സന്തോഷത്തിലാണ് യുകെ മലയാളികളായ ആരാധകർ. നവംബറിൽ ചിത്രത്തിന്‍റെ രണ്ടാംഘട്ട ചിത്രീകരണത്തിനായി പൃഥ്വിരാജും സംഘവും ലണ്ടനിൽ എത്തി മടങ്ങിയിരുന്നു.

ഇത്തവണ ജനുവരി 10 ന് ചിത്രീകരണം ആരംഭിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. 20 ദിവസത്തെ ചിത്രീകരണമാണ് യുകെയിൽ ഉണ്ടാവുക. അതിന് ശേഷം ചെന്നൈയിൽ ചിത്രീകരണം തുടരും. ചിത്രത്തിന്‍റെ  ഷൂട്ടിങ് ഇരുപതോളം രാജ്യങ്ങളിലായാണ് നടക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. എമ്പുരാൻ പൂർത്തിയാവാൻ ഒരു വർഷം വേണ്ടിവരും. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

മോഹൻലാൽ, പൃഥ്വിരാജ് സുകുമാരൻ എന്നിവരെ കൂടാതെ ടൊവിനോ തോമസ്, മഞ്ജു വാര്യർ, ഇന്ദ്രജിത്ത് തുടങ്ങീ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. കൂടാതെ നിരവധി വിദേശ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 2019 ലെ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായിരുന്നു ലൂസിഫർ. 200 കോടി ക്ലബിൽ കയറിയ ചിത്രം നിലവിൽ മലയാളത്തിലെ ഏറ്റവും വലിയ പണംവാരിപ്പടമാണ്. ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഒക്ടോബര്‍ 5നാണ് ചിത്രീകരണം ആരംഭിച്ചത്. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. 

സിനിമ സംവിധാനം തുടരുന്നതിന് ഒപ്പം തന്നെ ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ, വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ഗുരുവായൂരമ്പലനടയിൽ തുടങ്ങിയ ചിത്രങ്ങളിൽ പൃഥ്വിരാജ് അഭിനയിച്ചു വരുന്നുണ്ട്. തുടർന്ന് ഖാലിദ് റഹ്മാൻ, നിർമ്മൽ സഹദേവ് എന്നിവരുടെ ചിത്രങ്ങളിലും അഭിനയിച്ചേക്കും. ആടുജീവിതം ആണ് റിലീസിന് ഒരുങ്ങുന്ന പൃഥ്വിരാജ് ചിത്രം. ബ്ലസിയാണ് ആട് ജീവിതത്തിന്‍റെ സംവിധായകൻ.

English Summary:

Empuran 'L2'; The team including Mohanlal and Prithviraj will reach London for further filming, shooting on 10th.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com