ADVERTISEMENT

കോപ്പൻഹേഗൻ ∙ ഡെന്മാർക്കിൽ പുതിയ രാജാവായി ഫ്രെഡറിക് പത്താമന്‍ സ്ഥാനമേറ്റു. 52 വർഷമായി അധികാരത്തിൽ തുടരുന്ന ഡെന്മാർക്കിലെ മർഗ്രീത രാജ്ഞി ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞതോടെയാണ് ഇന്ന് മകൻ ഫ്രെഡറിക് പത്താമന്‍ ചുമതലയേറ്റത്. പുതിയ രാജാവ് ചുമതലയേറ്റ വിവരം ക്രിസ്റ്റ്യൻസ്ബോർഗ് കൊട്ടാരത്തിന്റെ ബാൽക്കണിയിൽ വച്ച് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സെനാണ് പ്രഖ്യാപിച്ചത്. ഡെന്മാർക്കിലുടനീളം പുതിയ രാജാവിന് കീഴിലാണെന്ന് പ്രഖ്യാപിക്കുന്നുവെന്ന് കാണിക്കാൻ  മൂന്ന് വശത്തേക്ക് തിരിഞ്ഞു കൊണ്ടാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. ഡാനിഷ് പതാകകൾ വീശി കൊണ്ടാണ് ആൾക്കൂട്ടം രാജാവിനെ സ്വീകരിച്ചത്. സ്ഥാനമേറ്റ ശേഷം ബാൽക്കണിയിൽ ആദ്യം പ്രത്യക്ഷപ്പെട്ടത് രാജാവായിരുന്നു. നിറകണ്ണുകളോടെ ജനങ്ങളെ ഫ്രെഡറിക് പത്താമന്‍ കൈവീശി അഭിവാദ്യം ചെയ്തു.തുടർന്നാണ് ഔദ്യോഗിക പ്രഖ്യാപനത്തിനായി പ്രധാനമന്ത്രി വന്നത്. 

മർഗ്രീത രാജ്ഞി ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞതോടെയാണ് ഇന്ന് മകൻ ഫ്രെഡറിക് പത്താമന്‍ ചുമതലയേറ്റത് Image : X/ notaroyalexpert
മർഗ്രീത രാജ്ഞി ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞതോടെയാണ് ഇന്ന് മകൻ ഫ്രെഡറിക് പത്താമന്‍ ചുമതലയേറ്റത് Image : X/ notaroyalexpert

പ്രഖ്യാപനത്തിന് ശേഷം, ഫ്രെഡറിക് പത്താമൻ രാജാവ് ക്രിസ്റ്റ്യൻസ്ബോർഗ് കൊട്ടാരത്തിന്റെ ബാൽക്കണിയിൽ നിന്ന് ജനങ്ങളോട് സംസാരിച്ചു. രാജാവിന്റെ ഭാര്യ ക്വീൻ കൺസോർട്ട് മേരി, മകൻ കിരീടാവകാശി ക്രിസ്റ്റ്യൻ, ഡാനിഷ് രാജകുടുംബത്തിലെ മറ്റ് അംഗങ്ങൾ എന്നിവരും തുടർന്ന് രാജാവിനൊപ്പം ബാൽക്കണിയിൽ വച്ച് ജനങ്ങളെ കണ്ടു. ഗൺസല്യൂട്ട് നൽകിയാണ് രാജ്യം പുതിയ രാജാവിനെയും കുടുംബത്തെയും സ്വീകരിച്ചത്. ചരിത്രപരമായ പിന്തുടർച്ചയ്ക്ക് സാക്ഷ്യം വഹിക്കാൻ പതിനായിരക്കണക്കിന് ആളുകളാണ് കോപ്പൻഹേഗനിൽ ഒത്തുകൂടിയത്. 

പ്രായവും ആരോഗ്യപ്രശ്നങ്ങളും കാരണമാണ് മർഗ്രീത രാജ്ഞി സ്ഥാന ത്യാഗം ചെയ്തത്. യൂറോപ്പിലെ ഏറ്റവും പഴയ രാജഭരണമാണ് ഡെന്മാർക്കിലേത്. 1972ലാണു മർഗ്രീത 31–ാം വയസ്സിൽ രാജ്ഞിയായത്. അമ്പത്തിയൊന്ന് വര്‍ഷം അധികാരത്തില്‍ തുടർന്ന മർഗ്രീത രാജ്ഞി ആധുനിക കാലഘട്ടത്തിലും മൊബൈല്‍ ഫോണും ഇന്‍റര്‍നെറ്റും ഉപയോഗിച്ചിരുന്നില്ല. 

English Summary:

‌Frederik X is now the King of Denmark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com