അതിശൈത്യം: സ്കോട്ലൻഡിൽ 180 സ്കൂളുകൾ അടച്ചിട്ടു

Mail This Article
ഗ്ലാസ്ഗോ ∙ ശൈത്യം പിടിമുറുക്കുന്നതിനാൽ വടക്കൻ സ്കോട്ലൻഡിലെ 180 സ്കൂളുകൾ തിങ്കളാഴ്ച തുറന്നില്ല. അബർഡീൻഷെയർ കൗൺസിൽ പരിധിയിൽ നൂറിലധികം സ്കൂളുകളാണ് പ്രതികൂല കാലാവസ്ഥ മൂലം അടച്ചിട്ടിരിക്കുന്നത്. ഷെറ്റ്‌ലാൻഡിലെ മിക്ക സ്‌കൂളുകളും അടച്ചു. ഹൈലാൻഡ് കൗൺസിൽ ഏരിയയിലെ 60 ലധികം സ്കൂളുകളും നഴ്സറികളും തുറന്നില്ല. 7 മോറെ സ്കൂളുകൾ അടച്ചിടുകയാണെന്ന് പ്രഖ്യാപിച്ചു.
അബർഡീൻഷെയറിലെ പ്രിലിമിനറി പരീക്ഷകളുള്ള വിദ്യാർഥികൾക്ക് പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ചില സ്കൂളുകൾ തിങ്കളാഴ്ച ക്ലാസ് ആരംഭിക്കുന്ന സമയത്തിന് മാറ്റം വരുത്തി. വെളിച്ചക്കുറവും മഞ്ഞുവീഴ്ച മൂലം റോഡിലെ അപകടകരമായ അവസ്ഥയും കണക്കിലെടുത്താണ് ഇത്. മിക്കയിടങ്ങളിലും സ്കൂൾ ബസുകൾ റദ്ദാക്കിയിരുന്നു. സ്കോട്ലൻഡിന്റെ വടക്ക് ഭാഗത്ത് മഞ്ഞുവീഴ്ച സംബന്ധിച്ച നിലവിലെ യെലോ അലർട്ട് ചൊവ്വാഴ്ച രാജ്യത്തുടനീളം തെക്കോട്ട് വ്യാപിക്കും.
ബുധൻ, വ്യാഴം ദിവസങ്ങളിൽ സ്കോട്ലൻഡിന്റെ വടക്ക് ഭാഗത്തും പടിഞ്ഞാറൻ ദ്വീപുകളിലും മഞ്ഞുവീഴ്ചയെക്കുറിച്ചുള്ള കൂടുതൽ ജാഗ്രതാ നിർദ്ദേശം നിലവിലുണ്ട്.പല പ്രദേശങ്ങളിലും റോഡിന്റെ അവസ്ഥ അപകടകരമാണെന്നും ഇത് ദ്വീപുകളിലുടനീളമുള്ള പൊതു ബസ് സർവീസുകളെ ബാധിക്കുകയും ഫെറി സർവീസുകളെ തടസ്സപ്പെടുത്തുകയും ചെയ്യുമെന്ന് ഷെറ്റ്‌ലൻഡ് ഐലൻഡ്‌സ് കൗൺസിൽ അറിയിച്ചു. ശക്തമായ കാറ്റ് മൂലം ഞായർ രാത്രി അബർഡീനിലേക്കും തിരിച്ചുമുള്ള ഫെറി സർവീസ് റദ്ദാക്കിയിരുന്നു.