സ്കോട്‌ലൻഡിലെ അനാഥാലയത്തിൽ കുട്ടികൾക്കെതിരെ ചൂഷണവും ക്രൂരതയും; കന്യാസ്ത്രീകൾക്കും കെയർ വർക്കർക്കും ജയിൽശിക്ഷ
Mail This Article
എഡിൻബർഗ് ∙ സ്കോട്‌ലൻഡിലെ ഒരു അനാഥാലയത്തില്‍ ചെറിയ കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസില്‍ 40 വർഷത്തിനു ശേഷം രണ്ട് കന്യാസ്ത്രീകള്‍ക്കും ഒരു കെയര്‍ വര്‍ക്കര്‍ക്കും മൂന്നു വര്‍ഷം ജയില്‍ശിക്ഷ. സിസ്റ്റര്‍ സാറാ മക്‌ഡെര്‍മോട്ട് (79), സിസ്റ്റര്‍ എലീന്‍ ഇഗോയ് (79), കെയർ വർക്കർ മാര്‍ഗരറ്റ് ഹ്യൂഗ്‌സ് (76) എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. 1969 മുതല്‍ 1981 വരെ, എഡിൻബർഗിന് സമീപമുള്ള ലാനാർക്കിലെ സ്‌മൈലം പാര്‍ക്കിലായിരുന്നു കേസിന് ആസ്പദമായ സംഭവം.
മൂന്നു പ്രതികളും കുറ്റം നിഷേധിച്ചെങ്കിലും ക്രൂരവും പ്രകൃതിവിരുദ്ധവുമായ പ്രവൃത്തികളായിരുന്നു അവരുടേതെന്ന് ജൂറി കണ്ടെത്തി. ആറാഴ്ച നീണ്ട വിചാരണയില്‍, അനാഥാലയത്തില്‍ വച്ചുണ്ടായ മോശം അനുഭവത്തെപ്പറ്റി ഇരകൾ വിശദീകരിച്ചു. ടോയ്‌ലറ്റില്‍ വച്ച് തന്റെ സഹോദരനെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയതു റിപ്പോര്‍ട്ട് ചെയ്തതിന് മക്‌ഡെര്‍മോര്‍ട്ട് മർദിച്ചതായി ഇരകളിൽ ഒരാൾ വെളിപ്പെടുത്തി.
കുട്ടികളെ ചൂഷണത്തിന് ഇരയാക്കിയതിന് 15 വര്‍ഷം ജയില്‍ശിക്ഷയനുഭവിക്കുന്ന മറ്റൊരു വളന്റിയര്‍ വര്‍ക്കര്‍ ബ്രയാന്‍ ഡെയ്‌ലിയാണ് മൂന്നു വയസ്സുള്ള കുട്ടിയെ ആദ്യമായി ചൂഷണത്തിന് വിധേയമാക്കിയത്. അതിനെപ്പറ്റി പരാതിപ്പെട്ടപ്പോൾ അന്വേഷിക്കാതെ പരാതി വ്യാജമാണെന്ന് ആരോപിച്ച് പ്രതികളിൽ ഒരാളായ കന്യാസ്ത്രീ മർദിച്ചെന്ന് ഇരകൾ പറഞ്ഞു. കുട്ടികളെ മര്‍ദ്ദിക്കുക, സ്വന്തം ഛര്‍ദ്ദി ഭക്ഷിപ്പിക്കുക, മുടിയില്‍ പിടിച്ച് വലിക്കുക, വെള്ളത്തില്‍ മുക്കിപ്പിടിക്കുക തുടങ്ങിയ ക്രൂരതകളും ഇവിടെ നടന്നിരുന്നെന്നാണ് പരാതി.