ADVERTISEMENT

ലണ്ടൻ∙ യുകെയിൽ ഇഷ കൊടുങ്കാറ്റ് മൂലം രണ്ട് മരണവും വ്യാപകമായ നാശനഷ്ടങ്ങളും ഉണ്ടായി. കനത്ത മഴയും മണിക്കൂറിൽ 99 മൈൽ വേഗതയിൽ വീശിയടിച്ച കാറ്റും കാരണം ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി മുടങ്ങി. സ്‌കോട്​ലൻഡ്, നോർത്തേൺ അയർലൻഡ്, നോർത്ത് വെസ്റ്റ് ഇംഗ്ലണ്ട്, വെയിൽസ് എന്നിവിടങ്ങളിലാണ് നാശനഷ്ടങ്ങൾ ഉണ്ടായത്. ഇവിടങ്ങളിൽ ഇന്ന് വരെ വൈദ്യുതി ഉണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. സ്‌കോട്​ലൻഡിലെ ഫാൽകിർക്കിൽ ഓടിച്ചിരുന്ന കാർ മരത്തിൽ ഇടിച്ചതിനെ തുടർന്നാണ് 84 വയസ്സുകാരൻ മരിച്ചത്. വടക്കൻ അയർലൻഡിൽ ലണ്ടൻഡെറി കൗണ്ടിയിലെ ലിമാവഡിയിൽ കാറിന് മുകളിൽ മരം വീണും ഒരാൾ മരിച്ചു.

കാറ്റിനെക്കുറിച്ചുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ മെറ്റ് ഓഫിസിന്റെ മുന്നറിയിപ്പുകൾ ഇന്നും തുടരുകയാണ്. യുകെയുടെ ചിലയിടങ്ങളിൽ 99 മൈൽ (159 കിലോമീറ്റർ) വേഗതയിൽ കാറ്റ് വീശിയിരുന്നു. 20 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ കാറ്റാണ് ഞായറാഴ്ച വൈകിട്ട് 6 മുതൽ ഉണ്ടായത് എന്നാണ് റിപ്പോർട്ട്. അന്നേ ദിവസം മരങ്ങൾ കടപുഴകി വീണത് മൂലം നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കുകയും വൈകി ഓടുകയും ചെയ്തു. വടക്കൻ അയർലണ്ടിൽ കൊടുങ്കാറ്റിന്റെ മൂർദ്ധന്യത്തിൽ 53,000 വീടുകളിൽ വൈദ്യുതി തടസ്സം ബാധിച്ചു. എനർജി നെറ്റ്‌വർക്ക്സ് അസോസിയേഷന്റെ കണക്ക് പ്രകാരം തിങ്കളാഴ്ച രാവിലെ ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്‌ലൻഡ് എന്നിവിടങ്ങളിലായി ഏകദേശം 30,000 വീടുകളിൽ വൈദ്യുതി ഇല്ലായിരുന്നു.

വീടുകളിലേക്ക് വൈദ്യുതി പുനഃസ്ഥാപിക്കാൻ സർക്കാർ കഠിനമായി പരിശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. ഏകദേശം 3,00,000 വീടുകളിൽ  വൈദ്യുതി പുനഃസ്ഥാപിക്കുവാൻ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. മണിക്കൂറിൽ 128 കിലോമീറ്റർ വേഗത വരെയുള്ള കാറ്റുകൾക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥ ഓഫിസ് നൽകുന്ന മുന്നറിയിപ്പ്. യുകെയിലാകമാനം ഇത്തരമൊരു ജാഗ്രതാ നിർദേശം ലഭിക്കുന്നത് അപൂർവമാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സ്‌കോട്​ലൻഡിലെ ചില ഭാഗങ്ങളിൽ ജീവൻ അപകടത്തിലേയ്ക്ക് നയിക്കാവുന്ന തരത്തിലുള്ള ശക്തമായ കാറ്റുകൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പാണ് മെറ്റ് ഓഫിസ് നൽകിയിരിക്കുന്നത്.

English Summary:

Storm Isha: 2 dead, UK on alert

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com