ഫിൻലൻഡ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക്
Mail This Article
ഫിൻലൻഡ് ∙ അടുത്ത മാസം നടക്കുന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തിൽ മുൻ പ്രധാനമന്ത്രി അലക്സാണ്ടർ സ്റ്റബ്, മുൻ വിദേശകാര്യ മന്ത്രി പെക്ക ഹാവിസ്റ്റോയെ നേരിടും. ജനുവരി 28 നായിരുന്നു ആദ്യ റൗണ്ട് വോട്ടെടുപ്പ്. ഒൻപതു സ്ഥാനാർത്ഥികളായിരുന്നു ആദ്യ റൗണ്ടിൽ മത്സരിച്ചത്. വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ, സ്റ്റബ് 27.2% വോട്ടുകൾ നേടി ആദ്യ റൗണ്ടിൽ മുന്നിട്ടുനിന്നപ്പോൾ, ഹാവിസ്‌റ്റോ 25.8% നേടി രണ്ടാം സ്ഥാനത്തെത്തി. പാർലമെന്‍ററി സ്പീക്കർ യുസ്സി ഹല്ല - അഹോ 19% നേടി മൂന്നാം സ്ഥാനത്തും ബാങ്ക് ഓഫ് ഫിൻലൻഡ് ഗവർണർ ഒല്ലി റെഹ്ൻ 15.3% നേടി തൊട്ടുപിന്നിലും എത്തി.
ആദ്യഘട്ട തിരഞ്ഞെടുപ്പ് ഫലം ചൊവ്വാഴ്ച ഔദ്യോഗികമായി സ്ഥിരീകരിക്കും. ആദ്യഘട്ട ഫലം, ഫെബ്രുവരി 11ന് വീണ്ടും 55 വയസ്സുകാരനായ സ്റ്റബ്ബും 65 വയസ്സുകാരനായ ഹാവിസ്‌റ്റോയ്ക്കും ഇടയിലുള്ള ഒരു മത്സരത്തിലേക്ക് നയിച്ചിരിക്കുകയാണ്. ഒരു സ്ഥാനാർത്ഥിക്കും പകുതിയിൽ കൂടുതൽ വോട്ടുകൾ ലഭിക്കാത്ത സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചത്.74.9 ശതമാനം പൗരന്മാർ ഇത്തവണ വോട്ട് ചെയ്തു. ആറ് വർഷം മുമ്പ് നടന്ന ആദ്യ തിരഞ്ഞെടുപ്പ് റൗണ്ടിൽ ഇത് 69.9 ശതമാനമായിരുന്നു. ജനുവരി 28നായിരുന്നു ഔദ്യോഗിക തിരഞ്ഞെടുപ്പ്.എന്നാൽ ജനുവരി 17 മുതൽ 23 വരെ മുൻകൂറായി വോട്ട് രേഖപ്പെടുത്തുന്നതിനും അവസരം ഉണ്ടായിരുന്നു.
ഇപ്പോഴത്തെ പ്രസിഡന്‍റ് സൗലി നിനിസ്റ്റോയുടെ തന്‍റെ രണ്ടാമത്തെ ആറ് വർഷത്തെ കാലാവധി മാർച്ചിൽ അവസാനിക്കും.