മന്ത്രിപദവി രാജിവച്ചത് ലോണടയ്ക്കാൻ പണം തികയാത്തതിനാൽ; വെളിപ്പെടുത്തലുമായി സുനക് മന്ത്രിസഭയിലെ മുൻ മന്ത്രി
Mail This Article
ലണ്ടൻ∙ ബ്രിട്ടനിലെ ഋഷി സുനക് മന്ത്രിസഭയിൽനിന്നും രാജിവച്ചത് വീടിന്‍റെ ലോണടയ്ക്കാൻ പണമില്ലാത്തതുകൊണ്ടെന്ന് തുറന്നു പറഞ്ഞ് മുൻമന്ത്രി ജോർജ് ഫ്രീമാൻ. നവംബറിലാണ് ശാസ്ത്ര വകുപ്പ് മന്ത്രിയായിരുന്ന ജോർജ് ഫ്രീമാൻ രാജിവച്ചത്. മന്ത്രിയെന്ന നിലയിൽ ലഭിക്കുന്ന പ്രതിഫലം കൊണ്ട് സ്വന്തം വീടിന്‍റെ മോർജേഗ് അടയ്ക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് മെച്ചപ്പെട്ട ജോലിയ്ക്കായി മന്ത്രിസ്ഥാനം ഒഴിഞ്ഞതെന്നാണ് മുൻമന്ത്രിയുടെ വിശദീകരണം. പലിശനിരക്ക് കുത്തനെ ഉയർന്നതിനെത്തുടർന്ന് രാജ്യത്ത് മോർഗേജ് അടയ്ക്കാൻ ജനങ്ങൾ ബുദ്ധുമുട്ടുന്നതിന് ഇതിൽപരം മറ്റൊരു സാക്ഷ്യപത്രം ഇനി ആവശ്യമില്ലെന്ന വാദവും ഇതിനകം ശക്തമായിട്ടുണ്ട്.
എംപി എന്ന നിലയിലും മന്ത്രി എന്ന നിലയിലും പ്രതിവർഷം 118,300 പൗണ്ടായിരുന്ന അദ്ദേഹത്തിന് പ്രതിഫലമായി ലഭിച്ചിരുന്നത്. മോർഗേജ് അടവിൽ ഉണ്ടായ രണ്ടിരട്ടിയിലേറെ വർധന നേരിടാൻ ഈ ശമ്പളം കൊണ്ടു കഴിയാതെവന്ന സാഹചര്യത്തിലാണ് മെച്ചപ്പെട്ട ജോലി തേടി മന്ത്രിപ്പണി വേണ്ടെന്നു വച്ചതെന്നാണ് അദ്ദേഹം ബ്ലോഗിലൂടെ വ്യക്തമാക്കുന്നത്. എന്നാൽ ഈ തുറന്നു പറച്ചിലുകൊണ്ടൊന്നും മന്ത്രിമാർക്ക് ശമ്പളം കൂട്ടിനൽകാൻ പ്രധാനമന്ത്രിയുടെ ഓഫിസിന് പദ്ധതിയില്ല. നോർഫോക്സിൽ നിന്നുള്ള പാർലമെന്റംഗമായ ജോർജ് ഫ്രീമാൻ നേരത്തെ ബോറിസ് ജോൺസന്‍റെ മന്ത്രിസഭയിലും അംഗമായിരുന്നു.
പത്തുവർഷമായി പാർലമെന്‍റ് അംഗമാണ്. ശാസ്ത്ര- സാങ്കേതിക മേഖലയിൽ വർഷങ്ങളോളം പ്രവർത്തിച്ചു പരിചയമുള്ള അദ്ദേഹത്തിന് എംപിമായി തുടർന്ന്, മന്ത്രി പദവിക്കു പകരം വേറെ ജോലി നേടിയാൽ മികച്ച വുരമാനം നേടാൻ സാധ്യത ഏറെയുണ്ട്. 86,584 പൗണ്ടാണ് എംപി എന്ന നിലയിൽ ഒരുവർഷത്തെ ശമ്പളം. ഇതിനു പുറമേ ബിസിനസ് അപ്പോയ്ന്‍റ്മെൻസ് അഡ്വൈസറി കമ്മിറ്റിയുട അനുമതി വാങ്ങായാൽ എംപിസ്ഥാനം നിലനിർത്തിക്കൊണ്ട് രണ്ടാം ജോലിയായി മറ്റൊരു തൊഴിലും തുടരാം. താൻ മന്ത്രിയായതിന് തന്‍റെ മക്കളും ഏറെ വില നൽകേണ്ടി വന്നുവെന്നാണ് കുടുംബസ്ഥനായ ജോർജ് ഫ്രീമാൻ തുറന്നു പറയുന്നത്.