2 ബില്യൻ യൂറോ വിലമതിക്കുന്ന ബിറ്റ്കോയിനുകള്‍ ജര്‍മനിയില്‍ പൊലീസ് പിടിച്ചെടുത്തു
Mail This Article
ബര്‍ലിന്‍ ∙ ഏകദേശം 2 ബില്യൻ യൂറോ വിലമതിക്കുന്ന 50,000 ബിറ്റ്കോയിനുകള്‍ ജർമൻ അധികാരികള്‍ പിടിച്ചെടുത്തു. ഇത് രാജ്യത്ത് ഇന്നുവരെയുള്ള ഏറ്റവും വലിയ പിടിച്ചെടുക്കലാണന്നു കരുതുന്നു. ബിറ്റ്കോയിനുകള്‍ ജർമൻ പൊലീസിന് കൈമാറി. സംഭവത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. കിഴക്കന്‍ സംസ്ഥാനമായ സാക്സോണിയില്‍ നിന്ന് ഏകദേശം 2 ബില്യൻ യൂറോ (2.17 ബില്യൻ ഡോളര്‍) മൂല്യമുള്ള ബിറ്റ്കോയിനുകള്‍ പിടിച്ചെടുത്തതായി ജർമൻ പൊലീസ് അറിയിച്ചത്. അന്വേഷണം പുരോഗമിക്കുകയാണെന്നും ഇതുവരെ കുറ്റം ചുമത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
2013 അവസാനം വരെ പൈറസി വെബ്സൈറ്റ് നടത്തിയതായി സംശയിക്കുന്ന 40 ഉം 37 ഉം വയസ്സുള്ള രണ്ടു പേരെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു. പോര്‍ട്ടലില്‍ നിന്ന് സമ്പാദിച്ച പണത്തില്‍ നിന്നാണ് പുരുഷന്മാര്‍ ബിറ്റ്കോയിനുകള്‍ വാങ്ങിയതെന്ന് അധികൃതര്‍ ആരോപിക്കുന്നു. പകര്‍പ്പവകാശമുള്ള സൃഷ്ടികളുടെ അനധികൃത വാണിജ്യ ഉപയോഗം ,കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയവയാണ് സംശയിക്കപ്പെടുന്നത്. കൈമാറ്റത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല.