ജർമന്‍ എയര്‍ലൈന്‍ ഡിസ്കവറിന്റെ പൈലറ്റുമാര്‍ പണിമുടക്കില്‍

Mail This Article
ബര്‍ലിന്‍ ∙ ലുഫ്താന്‍സ ഗ്രൂപ്പിന്റെ ഭാഗമായ ജര്‍മന്‍ എയര്‍ലൈന്‍സ് ഡിസ്കവറിന്റെ പൈലറ്റുമാര്‍ തിങ്കളാഴ്ച മുതല്‍ 48 മണിക്കൂര്‍ പണിമുടക്ക് നടത്തും. കൂട്ടായ കരാറുകള്‍ മാനിക്കാന്‍ മാനേജ്മെന്റ് വിസമ്മതിക്കുന്നുവെന്ന് ആരോപിച്ചാണ് തിങ്കളാഴ്ച ആരംഭിയ്ക്കുന്ന 48 മണിക്കൂര്‍ പണിമുടക്ക്. കോക്ക്പിറ്റ് അസോസിയേഷന്‍ (വിസി) യൂണിയനാണ് ഇരക്കാര്യം അറിയിച്ചത്. ജര്‍മ്മനിയിലെ 9,600 പൈലറ്റുമാരെ പ്രതിനിധീകരിക്കുന്ന അസോസിയേഷനാണ് വിസി. ഘടനാപരമായ ശമ്പള സ്കെയിലില്‍ കരാറും ഫ്ലൈറ്റുകള്‍ക്കും വിശ്രമ സമയത്തിനും നിശ്ചിത വ്യവസ്ഥകളും പൈലറ്റുമാര്‍ ആവശ്യപ്പെടുന്നു.
കഴിഞ്ഞ സെപ്തംബര്‍ വരെ യൂറോവിംഗ്സ് ഡിസ്കവര്‍ എന്നറിയപ്പെട്ടിരുന്ന ഡിസ്കവര്‍ എയര്‍ലൈന്‍സ്, ലുഫ്താന്‍സ ഗ്രൂപ്പിന്റെ ഭാഗമാണ്, 2,000 പേര്‍ ജോലി ചെയ്യുന്നു. ഫ്രാങ്ക്ഫര്‍ട്ട് ആസ്ഥാനമാക്കി, വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഹ്രസ്വ, ഇടത്തരം, ദീര്‍ഘദൂര വിമാനങ്ങള്‍ കൈകാര്യം ചെയ്യുന്ന 24 വിമാനങ്ങളുണ്ട് കമ്പനിക്ക്.
വെള്ളിയാഴ്ച, ജര്‍മ്മനിയിലുടനീളമുള്ള പൊതുഗതാഗത മേഖലയിലെ തൊഴിലാളികള്‍ ജോലിയില്‍ നിന്ന് വാക്കൗട്ട് നടത്തി. വ്യാഴാഴ്ച, രാജ്യത്തുടനീളമുള്ള വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥര്‍ വാക്കൗട്ട് നടത്തി. കഴിഞ്ഞ ആഴ്ച, ട്രെയിന്‍ ഡ്രൈവർമാർ അഞ്ച് ദിവസത്തെ വാക്കൗട്ട് നടത്തി.