നവീകരണത്തിനു പണമില്ല; മാർപാപ്പയുടെ സൈന്യത്തിന്‍റെ ഭാവി ആശങ്കയിൽ
Mail This Article
സൂറിക് ∙ മാർപാപ്പയുടെ സൈന്യം എന്നു വിശേഷണമുള്ള സ്വിസ് ഗാർഡിന്‍റെ നിലനിൽപിൽ ആശങ്കയുണരുന്നു. ലോകത്തെ ഏറ്റവും ആകർഷകമായ സൈന്യത്തിന്‍റെ റോമിലെ ബാരക് നവീകരിക്കാൻ പൊതുഖജനാവിൽ നിന്നു പണം നൽകാനാകില്ലെന്ന് ജനീവ പ്രവിശ്യ നിലപാടെടുത്തു. ഈ വിഷയത്തിൽ കഴിഞ്ഞ വർഷം നടന്ന പ്രാദേശിക ഹിതപരിശോധനയിൽ ലൂസേൺ പ്രവിശ്യയും സ്വിസ് ഗാർഡിന് നികുതിപ്പണം നൽകുന്നതിനെ എതിർത്തിരുന്നു.
മാർപാപ്പയുടെ അംഗരക്ഷകരാണ് സ്വിസ് ഗാർഡുകൾ. സ്വിസ് സൈന്യത്തിൽ പരിശീലനം നേടിയിട്ടുള്ള, 18 - 30 പ്രായപരിധിയിലുള്ള, സ്വിസ് പൗരത്വമുള്ള കത്തോലിക്കാ യുവാക്കൾക്ക് മാത്രമാണ് 135 പേരുള്ള സ്വിസ് ഗാർഡിൽ അംഗത്വം. 1506 ൽ സ്ഥാപിതമായ ഈ കുഞ്ഞൻ ആർമി, വേഷവിധാനം കൊണ്ടും, പ്രൗഢി കൊണ്ടുമാണ് ശ്രദ്ധ നേടുന്നത്. കാലാകാലങ്ങളായി സ്വിറ്റസർലൻഡിന്‍റെ അഭിമാനമായി മാർപാപ്പയ്ക്ക് സേവനം ചെയ്യുന്ന സ്വിസ് ഗാർഡിന്‍റെ ചെലവുകൾ സ്വിസിലെ വിവിധ പ്രവിശ്യകളുടെ പൊതു ഖജനാവു വിഹിതത്തിൽ നിന്നാണ്.
റോമിലെ ബാരക്കിന്‍റെ നവീകരണത്തിന് 50 ദശലക്ഷം സ്വിസ് ഫ്രാങ്കാണ് വേണ്ടത്. രണ്ട് പ്രവിശ്യകൾ കയ്യൊഴിഞ്ഞതോടെ, ഏറെനാളായി മാറ്റിവയ്ക്കപ്പെടുന്ന ബാരക്ക് നവീകരണം ആശങ്കയിലായി. ജനീവ ഗ്രാൻഡ് കൗൺസിലിൽ യാഥാസ്ഥിതിക സ്വിസ് പീപ്പിൾസ് പാർട്ടി അനുകൂല നിലപാട് സ്വീകരിച്ചപ്പോൾ, സെക്കുലറിസത്തിന് പ്രാധാന്യം കൊടുക്കുന്ന ഭരണഘടനയിൽ സ്വിസ് ഗാർഡിനുള്ള ഫണ്ടിങ്ങിനെ ഭൂരിപക്ഷവും എതിർക്കുകയാണ് ചെയ്തത്.