ADVERTISEMENT

ലണ്ടൻ ∙ ബ്രിട്ടനിലെ ചാൾസ് രാജാവിന് കാൻസർ രോഗം സ്ഥിരീകരിച്ചു. അഭ്യൂഹങ്ങൾ പ്രചരിക്കുന്നത് ഒഴിവാക്കാനും രാജ്യത്തെ ജനങ്ങൾക്ക് കൃത്യമായ വിവരം ലഭിക്കാനുമായി ബക്കിങ്ങാം കൊട്ടാരം  തന്നെയാണ്  വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്. രാജാവിന് ഇതിന്റെ ഭാഗമായുള്ള ചികിൽസ ആരംഭിച്ചു. പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ വീക്കത്തെത്തുടർന്ന് കഴിഞ്ഞയാഴ്ച രാജാവിനെ ലണ്ടനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രണ്ടുദിവസത്തെ ചികിൽസയ്ക്കു ശേഷം ആശുപത്രി വിട്ടെങ്കിലും തുടർന്ന് പുറത്തുവന്ന പരിശോധന റിപ്പോർട്ടുകളിലാണ് കാൻസർ രോഗം സ്ഥിരീകരിച്ചത്. എന്നാൽ ഇത് പ്രോസ്റ്റേറ്റ് കാൻസർ തന്നെയാണോ എന്ന് ഔദ്യോഗിക സ്ഥിരീകരണമില്ല.  എ ഫോം ഓഫ് കാൻസർ (ഒരു തരം കാൻസർ) എന്നു മാത്രമാണ് ബക്കിങ്ങാം കൊട്ടാരം വെളിപ്പെടുത്തുന്നത്. 

രോഗനിർണയത്തെത്തുടർന്ന് രാജാവിന്റെ എല്ലാ പൊതു പരിപാടികളും റദ്ദാക്കി. എന്നാൽ സ്റ്റേറ്റ് ഡ്യൂട്ടികൾ തുടരും. ആഴ്ചതോറും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കും മുടക്കമുണ്ടാകില്ല. വിദഗ്ധ ഡോക്ടർമാരുടെ സംഘം രാജാവിനെ വസതിയിലെത്തി പരിശോധിച്ചു. തുടർ ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾക്കായി ആശുപത്രിയിൽ എത്തേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. 

royal-statement-charles
രോഗം സ്ഥിരീകരിച്ചു ബർക്കിങ്ങാം കൊട്ടാരം പുറത്തിറക്കിയ കുറിപ്പ്

അമേരിക്കയിലുള്ള ഇളയ മകൻ ഹാരി രാജകുമാരൻ ചാൾസുമായി ഫോണിൽ സംസാരിച്ചു. അടുത്തദിവസം തന്നെ പിതാവിനെ കാണാനായി ഹാരി രാജകുമാരാൻ ലണ്ടനിൽ എത്തുമെന്നാണ് റിപ്പോർട്ട്. രാജകുടുംബവുമായി അകന്ന് കഴിയുന്ന ഹാരിയുടെ വരവിനും ഫോൺവിളിക്കും വലിയ പ്രാധാന്യമാണ് ബ്രിട്ടനിലെ മാധ്യമങ്ങൾ നൽകുന്നത്. 

പ്രധാനമന്ത്രി ഋഷി സുനക്, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, കനേഡിയൻ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോ തുടങ്ങിയ ലോക നേതാക്കൾ രാജാവിന് വേഗത്തിലുള്ള രോഗമുക്തി ആശംസിച്ചും ആശങ്കകൾ പങ്കുവച്ചും സന്ദേശം അയച്ചു.  75കാരനായ ചാൾസ് രാജാവ് കഴിഞ്ഞയാഴ്ചയാണ് ലണ്ടൻ ക്ലിനിക് പ്രൈവറ്റ് ഹോസ്പിറ്റലിൽ ചികിൽസയ്ക്കായി എത്തിയത്. 24 മണിക്കൂറിനകം ആശുപത്രി വിട്ട രാജാവ് ഞായറാഴ്ച സാന്ദ്രിഗ്രാമിലെ പള്ളിയിൽ കുർബാനയിൽ പങ്കെടുക്കാൻ എത്തിയിരുന്നു.  പത്തുമിനിറ്റോളം പൊതുസമൂഹവുമായി ഇടപഴകിയശേഷമാണ് അദ്ദേഹം അവിടെ നിന്നു മടങ്ങിയത്. ഇന്നലെ ലണ്ടനിൽ മടങ്ങിയെത്തിയശേഷമാണ് രോഗം സ്ഥിരീകരിച്ചുള്ള വാർത്ത പുറത്തുവന്നത്. 

കിരീടാവകാശിയായ വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് രാജകുമാരിയും കഴിഞ്ഞയാഴ്ച ഉദരസംബന്ധമായ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. ഇതിന്റെ ഭാഗമായി ഒദ്യോഗിക പരിപാടികൾ റദ്ദാക്കി അവധിയിലായിരുന്ന വില്യം രാജകുമാരൻ ഇന്നലെ മുതലാണ് വീണ്ടും ജോലികളിൽ പ്രവേശിച്ചിത്. ഇതിനു തൊട്ടു പിന്നാലെയാണ് രാജാവിന്റെ രോഗവിവരം പുറത്തുവരുന്നത്.

എലിസബത്ത് രാജ്ഞിയുടെ മരണശേഷമാണ് ചാൾസ് ബ്രിട്ടന്റെ രാജാവായത്.  

English Summary:

King Charles diagnosed cancer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com