ലോകത്തിലെ തിരക്കേറിയ പത്ത് നഗരങ്ങളിൽ ഒന്നാമതായി ലണ്ടന്‍; പത്ത് കിലോമീറ്റര്‍ പിന്നിടാന്‍ എടുക്കുന്ന ശരാശരി സമയം 37 മിനിറ്റ്
Mail This Article
ലണ്ടൻ ∙ ലോകത്തിലെ തിരക്കേറിയ പത്ത് നഗരങ്ങളിൽ ഒന്നാമതായി ലണ്ടന്‍. ബ്രിട്ടന്റെ തലസ്ഥാന നഗരമായ ലണ്ടനിൽ പത്ത് കിലോമീറ്റര്‍ പിന്നിടാന്‍ ഒരാൾ ചെലവിടുന്ന ശരാശരി സമയം 37 മിനിറ്റും 20 സെക്കന്‍ഡും. 2023 ല്‍ ലോകത്തിലെ ഏറ്റവും തിരക്കേറിയ 10 നഗരങ്ങളെ കുറിച്ച് ആംസ്റ്റര്‍ഡാം ആസ്ഥാനമായുള്ള ലൊക്കേഷന്‍ ടെക്നോളജി സ്പെഷ്യലിസ്റ്റ് ടോംടോം തയാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് നഗര തിരക്കുകളെ കുറിച്ചുള്ള വിവരങ്ങളുള്ളത്.
ഇന്ത്യയില്‍ നിന്ന് രണ്ടു നഗരങ്ങള്‍ ആദ്യ പത്തില്‍ ഇടം നേടിയിട്ടുണ്ട്. ബെംഗളൂരുവും പൂനയുമാണ് ആറും ഏഴും സ്ഥാനങ്ങളിലുള്ളത്. പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനുമുള്ള നിർദ്ദേശങ്ങൾ ടോംടോം പഠന റിപ്പോര്‍ട്ടില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. 55 രാജ്യങ്ങളിലായി 387 നഗരങ്ങളില്‍ നടത്തിയ സമഗ്രമായ പഠനത്തിലാണ് ഏറ്റവും തിരക്കുള്ള നഗരമായി ലണ്ടൻ ഒന്നാമത് എത്തിയത്.
29 മിനിറ്റും 30 സെക്കന്‍ഡും കൊണ്ട് അയര്‍ലന്‍ഡ് തലസ്ഥാനമായ ഡബ്ലിനും 29 മിനിറ്റ് ശരാശരി യാത്രാ സമയമുള്ള കാനഡയിലെ പ്രധാന നഗരമായ ടൊറന്റോയും തൊട്ടുപിന്നാലെയാണ്. ഇറ്റലിയിലെ മിലാനാണ് നാലാം സ്ഥാനത്ത്. 2023ല്‍ 10 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ മിലാന്‍ നഗരത്തില്‍ വ്യക്തികള്‍ ശരാശരി 28 മിനിറ്റും 50 സെക്കന്‍ഡുമാണ് എടുക്കുന്നത്. പെറുവിലെ ലിമയാണ് 28 മിനിറ്റും 30 സെക്കന്‍ഡും യാത്രാ സമയവുമായി അഞ്ചാം സ്ഥാനത്ത്.
ആറാമതുള്ള ഇന്ത്യയിലെ ബംഗളൂരുവില്‍ കഴിഞ്ഞ വര്‍ഷം 10 കിലോമീറ്റര്‍ യാത്രയ്ക്ക് ശരാശരി 28 മിനിറ്റും 10 സെക്കന്‍ഡും ചെലവിട്ടതായി പഠന റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇന്ത്യയിലെ മറ്റൊരു നഗരമായ പൂനെയിൽ 10 കിലോമീറ്റർ സഞ്ചരിക്കാൻ ഒരാൾ ചെലവഴിച്ചത് 27 മിനിറ്റും 50 സെക്കന്‍ഡുമാണ്. പൂനെക്ക് പിന്നിലായി റൊമാനിയയിലെ ബുക്കാറെസ്റ്റ്, ഫിലിപ്പീന്‍സിലെ മനില, ബെല്‍ജിയത്തിലെ ബ്രസല്‍സ് എന്നിവ യഥാക്രമം എട്ട്, ഒൻപത്, പത്ത് സ്ഥാനങ്ങളിലാനുള്ളത്.