അലക്‌സാണ്ടർ സ്റ്റബ് ഫിൻലൻഡിന്റെ പതിമൂന്നാമത്തെ പ്രസിഡന്റ്

Mail This Article
ഫിൻലൻഡ് ∙ ഫിൻലണ്ടിന്റെ പതിമൂന്നാമത്തെ പ്രസിഡന്റായി മുൻ പ്രധാനമന്ത്രിയും ദേശീയ കൊളിഷൻ പാർട്ടി അംഗവുമായ അലക്‌സാണ്ടർ സ്റ്റബ് തിരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച നടന്ന രണ്ടാം റൗണ്ട് മത്സരത്തിൽ അദ്ദേഹം 51.6% വോട്ട് നേടി. സ്വതന്ത്രനായി മത്സരിച്ച ഗ്രീൻ പാർട്ടി എതിരാളി, മുൻ വിദേശകാര്യ മന്ത്രി പെക്ക ഹാവിസ്‌റ്റോയ്ക്ക് 48.4% വോട്ട് ലഭിച്ചു.
ഒൻപതു സ്ഥാനാർഥികൾ മത്സരിച്ച ജനുവരിയിൽ നടന്ന ആദ്യ റൗണ്ട് വോട്ടെടുപ്പിൽ സ്റ്റബ്ബിന് 27.2 ശതമാനം വോട്ട് ലഭിച്ചപ്പോൾ ഹാവിസ്റ്റോയ്ക്ക് 25.8 ശതമാനം വോട്ട് ലഭിച്ചിരുന്നു. മിസ്റ്റർ സ്റ്റബ് തന്റെ തിരഞ്ഞെടുപ്പ് വിജയത്തെ 'എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതി' എന്നാണ് വിശേഷിപ്പിച്ചത്. ഇപ്പോഴത്തെ പ്രസിഡന്റ് സൗലി നിനിസ്റ്റോയുടെ തന്റെ രണ്ടാമത്തെ ആറ് വർഷത്തെ കാലാവധി മാർച്ചിൽ അവസാനിക്കും. മാർച്ച് 1 ന് സ്റ്റബ് ഔദ്യോഗികമായി ചുമതലയേൽക്കും. പുതിയ പ്രസിഡന്റിന്റെ പങ്കാളി ബ്രിട്ടീഷ് വംശജയും അഭിഭാഷകയുമായ സൂസന്നെ ഇന്നസ്-സ്റ്റബാണ്.
ഫിൻലൻഡ്, നാറ്റോ സൈനിക സഖ്യത്തിൽ ചേർന്നതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. ഗവൺമെന്റുമായി ചേർന്ന് രാജ്യത്തിന്റെ വിദേശ, സുരക്ഷാ നയങ്ങൾ രൂപീകരിക്കുന്നതിൽ ഫിൻലാൻഡിന്റെ പ്രസിഡൻ്റിന് അധികാരമുണ്ട്. കൂടാതെ അദ്ദേഹം രാജ്യത്തിന്റെ സായുധ സേനയുടെ കമാൻഡർ-ഇൻ-ചീഫുമാണ്.