രണ്ടുവർഷത്തിനിടെ നാലാമതും സ്റ്റാംപ് വില കൂട്ടി ബ്രിട്ടിഷ് റോയൽ മെയിൽ
Mail This Article
ലണ്ടൻ∙ രണ്ടു വർഷത്തിനിടെ നാലാമതും സ്റ്റാംപ് വില വർധിപ്പിച്ച് റോയൽ മെയിൽ. ഫസ്റ്റ് ക്ലാസ്, സെക്കൻഡ് ക്ലാസ് സ്റ്റാംപുകൾക്ക് പത്തു പെൻസ് വീതമാണ് വർധിപ്പിക്കുന്നത്. ഏപ്രിൽ രണ്ടു മുതൽ വർധന പ്രാബല്യത്തിൽ വരും. പുതുക്കിയ നിരക്കനുസരിച്ച് ഫസ്റ്റ്ക്ലാസ് സ്റ്റാംപിന്‍റെ വില ഒരു പൗണ്ട് 35 പെൻസായി ഉയരും. നിലവിൽ ഇത് ഒരു പൗണ്ട് 25 പെൻസാണ്. സെക്കൻഡ് ക്ലാസ് സ്റ്റാംപിന് നിലവിലെ 75 പെൻസ് 85 പെൻസായി മാറും.
കത്ത് അയയ്ക്കുന്ന ഓരോ ദിവസവും ഉണ്ടാകുന്ന കുറവും വിതരണം ചെലവും പരിഗണിച്ചാണ് സ്റ്റാംപ് വില വർധിപ്പിക്കാൻ കമ്പനി തീരുമാനിച്ചത്. രാജ്യത്തിന്‍റെ ഉൾനാടൻ ഗ്രാമങ്ങളിലും വിദൂര ദ്വീപുകളിലും മറ്റും ദിവസവും എഴുത്തുകൾ എത്തിക്കുന്നതിൽ റോയൽ മെയിൽ വലിയ വീഴ്ച വരുത്തുന്നതു ചൂണ്ടിക്കാട്ടി തിങ്കളാഴ്ച ബിബിസി പനോരമയിൽ വന്ന പരിപാടിക്ക് പിന്നാലെയാണ് സ്റ്റാംപ് വില വർധിപ്പിക്കാനുള്ള തീരുമാനവും പുറത്തുവന്നിരിക്കുന്നത്.
2022ലെ ഫസ്റ്റ് ക്ലാസ് സ്റ്റാംപിന്‍റെ വിലയാണ് ഈ ഏപ്രിൽ മുതൽ സെക്കൻഡ് ക്ലാസ് സ്റ്റാംപിന് ഈടാക്കുന്നത്. 20 ബില്യൻ കത്തുകൾ വിതരണം ചെയ്തിരുന്ന ശൃംഖല അതേപടി നിലർനിർത്തിക്കൊണ്ട് കേവലം ഏഴു ബില്യൻ കത്തുകൾ വിതരണം ചെയ്യുക സാധ്യമല്ലാത്തതിനാലാണ് നിരക്കു വർധന നിർബന്ധിതമാകുന്നതെന്ന് റോയൽ മെയിൽ ചീഫ് കൊമേർഷ്യൽ ഓഫിസർ നിക്ക് ലാൻഡൺ വ്യക്തമാക്കി. കത്തുകളുടെ എണ്ണം കുറഞ്ഞതോടെ മുൻപുണ്ടായിരുന്ന അത്രയും കത്തുകൾ വിതരണം ചെയ്യാൻ പോസ്റ്റുമാൻമാർ മൂന്നിരട്ടി ദൂരം സഞ്ചരിക്കേണ്ട സാഹചര്യമാണുള്ളത്. ഇത് ഓരോ കത്ത് വിതരണം ചെയ്യുന്ന ചെലവ് വർധിപ്പിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു. വില വർധിപ്പിച്ചാലും ഇപ്പോഴും റോയൽ മെയിൽ ഈടാക്കുന്നത് യൂറോപ്യൻ ശരാശരിയിലും കുറഞ്ഞ നിരക്കാണെന്നാണ് കമ്പനി ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ സാമ്പത്തികവർഷം 419 മില്യൻ പൗണ്ടിന്‍റെ നഷ്ടമാണ് റോയൽ മെയിൽ രേഖപ്പെടുത്തിയത്. തിങ്കൾ മുതൽ ശനി വരെ ആഴ്ചയിൽ ആറു ദിവസവവും കത്തുകളും തിങ്കൾ മുതൽ വെള്ളിയാഴ്ചവരെ അഞ്ചുദിവസവും പാഴ്സലുകളും മുടക്കം കൂടാതെ രാജ്യത്തെ 32 മില്യൻ മേൽവിലാസങ്ങളിൽ വിതരണം ചെയ്യണം എന്നതാണ് റഗുലേറ്റർ നിശ്ചയിച്ചിട്ടുള്ള റോയൽ മെയിലിന്‍റെ സർവീസ് കടപ്പാട്. ഫസ്റ്റ്ക്ലാസ്, സെക്കൻൻഡ് ക്ലാസ് സ്ട്രീമുകളിൽ ഈ സേവനം തുടരണണമെന്നും റഗുലേറ്റർ നിർദേശിക്കുന്നു.