ADVERTISEMENT

ലണ്ടൻ ∙ ആറ് ലോക മാരത്തണുകളും വിജയകരമായി പൂർത്തിയാക്കി 'സിക്സ് സ്റ്റാർ ഫിനിഷർ' പദവി നേടി ലണ്ടൻ മലയാളിയായ മേജർ ജോളി ലാസർ. നേരത്തെ മറ്റ് അഞ്ച് മാരത്തണുകളും പൂർത്തിയാക്കിയിരുന്ന ജോളി കഴിഞ്ഞദിവസം ടോക്കിയോ മാരത്തണും ഓടിയതോടെയാണ് സിക്സ് സ്റ്റാർ ഫിനിഷർ  പദവിയിലെത്തിയത്. ഇന്ത്യയിൽനിന്നും കേവലം 101 പേർ മാത്രം കൈവരിച്ചിട്ടുള്ള ഈ അപൂർവ നേട്ടത്തിലെത്തുന്ന മൂന്നോ നാലോ മലയാളികളിൽ ഒരാളാണ് ജോളി. 

ന്യൂയോർക്ക്, ഷിക്കാഗോ, ബോസ്റ്റൺ, ബർലിൻ, ടോക്കിയോ, ലണ്ടൻ എന്നീ ലോകോത്തര മാരത്തണുകൾ ആറെണ്ണവും വിജയകരമായി ഓടുന്നവർക്ക് ലഭിക്കുന്ന അത്യപൂർവ ബഹുമതിയാണ് സിക്സ് സ്റ്റാർ ഫിനിഷർ. ഇതിൽ ഏറ്റവും കഠിനമായ ബോസ്റ്റൺ കുന്നുകളിലെ ഓട്ടം രണ്ടുവർഷം മുമ്പ് 03:29:12 എന്ന സമയത്തിൽ പൂർത്തിയാക്കിയ ജോളി കഴിഞ്ഞ ഒക്ടോബറിൽ ഷിക്കാഗോയും പൂർത്തിയാക്കിയാണ് ടോക്കിയോയിൽ അന്തിമ നേട്ടം കൈവരിച്ചത്.  മലയാളികളായ മനോജ് കുര്യാക്കോസ്, രമേശ് പണിക്കർ, എഡ്ഗാർ പിന്റോ എന്നിവർ ഇതിനു മുമ്പ് സിക്സ് സ്റ്റാർ ഫിനിഷർമാരായിട്ടുണ്ട്. ഇതുവരെ ലോകത്താകെ 11,000 പേർക്കുമാത്രമാണ് ഈ ബഹുമതി ലഭിച്ചിട്ടുള്ളത്. ഇന്ത്യയിൽനിന്നും ആകെയുള്ളത് 101 പേരും.  

മഴയും വെയിലും മഞ്ഞും തണുപ്പും എല്ലാം അവഗണിച്ച്  നടത്തിയ കഠിന പരിശ്രമത്തിന്‍റെ ഫലമാണ് ടോക്കിയോയിലെ ജോളിയുടെ നേട്ടം. ഞായറാഴ്ച നടന്ന മാരത്തണിൽ മൂന്നു മണിക്കൂർ 28 മിനിറ്റുകൊണ്ട്   42.2 കിലോമീറ്റർ ദൂരം താണ്ടിയാണ് ജോളി യുകെ മലയാളികളുടെയെല്ലാം അഭിമാന താരമായി മാറിയത്. ഇന്ത്യൻ ആർമിയിൽനിന്നും മേജർ പദവിയിൽ വിരമിച്ച ജോളി കുടുംബസമേതം ഈസ്റ്റ് ലണ്ടനിലെ ഡെഗ്നാമിലാണ് താമസിക്കുന്നത്. നോക്കിയ, നീറ്റ്ആപ്പ്, എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ച ജോളി ഇപ്പോൾ ലണ്ടനിലെ റെഡ്ഹാറ്റ് എന്ന സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. തൃശൂർ മണ്ണുത്തി പാറയിൽ  ലാസറിന്‍റെയും തങ്കമ്മയുടെയും മകനാണ്. ഭാര്യ: വിനീത, വിദ്യാർഥികളായ ജോവിൻ ജെന്നിഫർ എന്നിവർ മക്കളാണ്. ഇന്ത്യക്ക് അകത്തും പുറത്തുമായി ഇതിനോടകം 15 മാരത്തണുകൾ ജോളി പൂർത്തിയാക്കിയിട്ടുണ്ട്. കുടുംബത്തിന്‍റെയും കൂട്ടുകാരുടെയും സഹകരണവും ഏതു പ്രതികൂല സാഹചര്യത്തിലും കഠിനാധ്വാനം ചെയ്യാനുള്ള മനസുമാണ് ജോളിയെ ഈ വിജയദൂരങ്ങളത്രയും താണ്ടാൻ സഹായിക്കുന്നത്. 

മിക്ക മാരത്തണുകൾക്കും നറുക്കെടുപ്പിലൂടെയാണ് ഓട്ടക്കാർ യോഗ്യത നേടുന്നത്. എന്നാൽ ലോകത്തെ  ആറ് വലിയ മാരത്തണുകളിൽ ഏറ്റവും പ്രയാസപ്പെട്ട ബോസ്റ്റൺ മാരത്തണിൽ പങ്കെടുക്കണമെങ്കിൽ മൂന്നു മണിക്കൂർ 20 മിനിറ്റിൽ മറ്റേതെങ്കിലും പ്രധാന മാരത്തൺ ഓടി യോഗ്യത നേടണം. ഈ കടമ്പ നേരത്തെ പൂർത്തിയാക്കിയിരുന്ന ജോളിക്ക് അതുകൊണ്ടുതന്നെ സിക്സ് സ്റ്റാർ ഫിനിഷർ   നേട്ടത്തിലേക്ക് എത്താൻ ടോക്കിയോയിലെ ഓട്ടം  ഒരു വലിയ കടമ്പയേ ആയിരുന്നില്ല. ടോക്കിയോയിൽ നിന്നും ഇന്നലെ രാത്രി ലണ്ടൻ ഹീത്രുവിൽ മടങ്ങിയെത്തിയ ജോളിക്ക് ലണ്ടനിലെ സുഹൃത്തുക്കൾ ചേർന്ന് സ്വീകരണം ഒരുക്കി. ലണ്ടനിലെ ജോയ് ആലൂക്കാസ് ജ്വല്ലറി ഗ്രൂപ്പിന്‍റെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ പ്രത്യേകം സ്വീകരണവും നൽകി. 

English Summary:

Six Star Finisher -Major Jolly Lazar has completed six world marathons

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com