ADVERTISEMENT

ഡബ്ലിൻ∙ അയർലൻഡ് പ്രധാനമന്ത്രി ലിയോ വരദ്കർ രാജിവച്ചു. ഇന്ന് രാവിലെ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിനു ശേഷമാണ് രാജി സമർപ്പിക്കുന്നതായി അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. വ്യക്തിപരവും, രാഷ്ട്രീയവുമായ കാരണങ്ങളാലാണ് രാജി എന്ന് വികാരഭരിതമായ പ്രഖ്യാപനത്തിൽ ലിയോ വരദ്കർ വ്യക്തമാക്കി. പ്രധാനമന്ത്രി സ്ഥാനം ഒഴിയുന്നതിനൊപ്പം തന്നെ ഫൈൻ ഗാൽ പാർട്ടി പ്രസിഡന്‍റ്, നേതാവ് എന്നീ ചുമതലകളിൽ നിന്നും താൻ പടിയിറങ്ങുകയാണെന്നും ലിയോ വരദ്കർ അറിയിച്ചു.

പ്രധാനമന്ത്രി എന്ന നിലയിൽ രാജ്യത്തെ നയിച്ച കാലഘട്ടമാണ് തനിക്ക് ഏറ്റവും തൃപ്തി നൽകിയതെന്ന് രാജി പ്രഖ്യാപന വേളയിൽ ലിയോ വരദ്കർ പറഞ്ഞു. അതേസമയം ഇപ്പോഴത്തെ സഖ്യസർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന പ്രതീക്ഷ ലിയോ വരദ്കർ പങ്കുവച്ചു. രാജി പ്രഖ്യാപിച്ചെങ്കിലും ഏപ്രിലിൽ നടക്കുന്ന ഫൈൻ ഗാൽ പാർട്ടിയുടെ വാർഷിക സമ്മേളനത്തിൽ പുതിയ ലീഡറെ തെരഞ്ഞെടുത്തതിന് ശേഷം മാത്രമേ പാർലമെന്‍റ് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുകയുള്ളു. അതുവരെ ലിയോ വരദ്കർ തൽസ്ഥാനത്തു തുടരും.

അയർലൻഡിൽ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന റെക്കോർഡ് ഇട്ടിരുന്നു ഡോക്ടർ കൂടിയായ ലിയോ വരദ്കർ. 2017 ജൂൺ 13 ന് ആദ്യ തവണ പ്രധാനമന്ത്രിയായപ്പോൾ പ്രായം 38. അയർലൻഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയും രാജ്യത്തെ ആദ്യ സ്വവർഗ അനുരാഗിയായ പ്രധാനമന്ത്രിയും ലിയോ വരദ്കർ ആണ്. ഡബ്ലിൻ വെസ്റ്റ് മണ്ഡലത്തിൽ നിന്നും 2007 മുതൽ ഫൈൻ ഗാൽ പാർട്ടി ടിഡി ആണ്. ഇന്ത്യൻ വംശജനായ ലിയോ വരദ്കർ, മുംബൈ സ്വദേശി അശോക് വരദ്കറുടെയും അയർലൻഡ് സ്വദേശിനി മിറിയത്തിന്റെയും ഇളയ മകനായി ഡബ്ലിനിലാണു ജനിച്ചത്.

English Summary:

Ireland’s PM Leo Varadkar announces resignation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com