കൊളോണിലെ സീറോ മലബാര്‍ കമ്യൂണിറ്റിയില്‍ പെസഹാ ആചരണം പാരമ്പര്യം പുതുക്കലായി

Mail This Article
കൊളോണ്‍ ∙ കൊളോണ്‍ ആസ്ഥാനമായുള്ള സീറോ മലബാര്‍ സമൂഹം പാരമ്പര്യക്രമത്തില്‍ പെസഹാ ആചരിച്ചു. മാര്‍ച്ച് 28-ന് വ്യാഴാഴ്ച വൈകുന്നേരം ആറു മണിയ്ക്ക് പെസഹാ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. കമ്യൂണിറ്റി വികാരി ഫാ. ഇഗ്നേഷ്യസ് ചാലിശേരി സി.എം.ഐ. തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. റോമില്‍ ഉപരിപഠനം നടത്തുന്ന ഫാ.ലിസ്ററണ്‍ ഒലക്കേങ്കില്‍ സിഎംഐ, ഫാ.ബിനോയ് മുളയ്ക്കല്‍ സിഎംഐ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ഫാ.ലിസ്ററണ്‍ ഒലക്കേങ്കില്‍ സന്ദേശം നല്‍കി. ദിവ്യബലി, കാലുകഴുകല്‍ ശുശ്രൂഷ, അപ്പം മുറിയ്ക്കല്‍, ആരാധന തുടങ്ങിയവയായിരുന്നു പ്രധാന ചടങ്ങുകള്‍.
യൂത്ത് കൊയറിന്റെ ഗാനാലാപനം തിരുക്കര്‍മ്മങ്ങള്‍ക്ക് ഭക്തിസാന്ദ്രതയും ആത്മീയ ഉണര്‍വും പകര്‍ന്നു. "താലത്തില്‍ വെള്ളമെടുത്തു, വെണ്‍കച്ചയും അരയില്‍ ചുറ്റി, മിശിഹാതന്‍ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി.' എന്നുതുടങ്ങുന്ന സീറോമലബാര്‍ സഭയുടെ പുരാതനവും അര്‍ത്ഥഭംഗിയില്‍ ശ്രേഷ്ഠവുമായ ഗാനം യൂത്ത് ഗായകസംഘം ആലപിക്കവേ 12 യുവാക്കളുടെ പാദങ്ങള്‍ കുഴുകി ചുംബിച്ചാണ് ഫാ.ഇഗ്നേഷ്യസ് ചാലിശേരി ഈശോ തന്റെ പന്ത്രണ്ട് ശിഷ്യന്മാരുടെ പാദക്ഷാളനം നടത്തി ചുംബിച്ച് മാതൃക കാട്ടിയതിന്റെ ഓര്‍മ പുതുക്കിയത്. ദിവ്യബലിയ്ക്കു ശേഷം നടന്ന പെസഹാ ശുശ്രൂഷയില്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി അപ്പം മുറിച്ച് ആശീര്‍വദിച്ച് വിശ്വാസികള്‍ക്ക് നല്‍കി. ജോസ്/മേരി പുതുശേരി കുടുംബമാണ് പാല്‍ തയ്യാറാക്കിയത്. അഗാപ്പെയ്ക്കു ശേഷം തിരുമണിക്കൂര്‍ ആരാധനയും ഉണ്ടായിരുന്നു. കൊളോണ്‍ മ്യൂള്‍ഹൈമിലെ തിരുഹൃദയ ദേവാലയത്തില്‍ നടന്ന കര്‍മ്മങ്ങളില്‍ ജര്‍മനിയില്‍ പഠനത്തിനും ജോലിയ്ക്കുമായെത്തിയ മലയാളി യുവനവാഗതര്‍ ഉള്‍പ്പടെ ഏതാണ്ട് മുന്നൂറോളം വിശ്വാസികള്‍ പങ്കെടുത്തു. പരിപാടികള്‍ക്ക് കമ്യൂണിറ്റിയുടെ കോഓര്‍ഡിഷേന്‍ കമ്മറ്റി നേത്വത്വം നല്‍കി.