തുര്‍ക്കി പ്രാദേശിക തിരഞ്ഞെടുപ്പില്‍ എർദൊഗാന് തിരിച്ചടി
Mail This Article
അങ്കാറ ∙ തുര്‍ക്കിയയിലെ പ്രാദേശിക തിരഞ്ഞെടുപ്പില്‍ പല പ്രധാന നഗരങ്ങളിലും തുർക്കി പ്രസിഡന്റ് റസിപ് തയ്യിപ് എർദൊഗാന്‍റെ പാര്‍ട്ടിക്ക് തിരിച്ചടി. പ്രതിപക്ഷമായ സി.എച്ച്.പിയാണ് വിജയം നേടിയിരിക്കുന്നത്. ഇസ്തംബുളിലും തലസ്ഥാനമായ അങ്കാറയിലും വലിയ വിജയം നേടിയതായി പാര്‍ട്ടി അവകാശപ്പെട്ടു. തലസ്ഥാനമായ അങ്കാറയില്‍ സി.എച്ച്.പിക്കാരനായ മേയര്‍ മന്‍സൂര്‍ യാവാസ് വിജയച്ചതായിട്ടാണ് റിപ്പോർട്ടുകൾ. ഇസ്തംബുളില്‍ ഞായറാഴ്ച 95 ശതമാനം ബാലറ്റ് പെട്ടികളും തുറന്നപ്പോള്‍ സി.എച്ച്.പി നേതാവായ മേയര്‍ ഇക്രെം ഇമാമോഗ്ളു വിജയം അവകാശപ്പെട്ടു. എർദൊഗാന്‍റെ എ.കെ.പിയെ ദശലക്ഷത്തിലേറെ വോട്ടുകള്‍ക്ക് പിന്നിലാക്കിയതായി ഇദ്ദേഹം പറഞ്ഞു.
തുര്‍ക്കിയയിലെ വലിയ മൂന്നാമത്തെ നഗരമായ ഇസ്മീറിലും സി.എച്ച്.പിയാണ് മുന്നില്‍. 81 പ്രവിശ്യകളില്‍ 36-ലും സി.എച്ച്.പിക്കാണ് വ്യക്തമായ മുന്നേറ്റമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. തന്‍റെ പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റതായി 2002 മുതല്‍ തുര്‍ക്കിയില്‍ അധികാരത്തിലിരിയ്ക്കുന്ന പ്രസിഡന്‍റ് എര്‍ദോഗാന്‍ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ നടത്തിയ പ്രസംഗത്തില്‍ സമ്മതിക്കുകയും ചെയ്തു. തെറ്റുകളും അബദ്ധങ്ങളും തിരിച്ചറിഞ്ഞ് തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ചില്‍ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് തന്റെ രാഷ്ട്രീയ ജീവിതത്തിലെ അവസാനത്തേതായിരിക്കുമെന്ന് എർദൊഗാൻ നേരത്തെ പറഞ്ഞിരുന്നു.