ADVERTISEMENT

ബര്‍ലിന്‍ ∙ നാസികള്‍ ഉപയോഗിച്ചിരുന്ന എസ് എസ് ചിഹ്നവുമായി സാമ്യമുണ്ടെന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് ജര്‍മന്‍ ഫുട്ബോള്‍ ടീമിന്‍റെ നാല്‍പ്പത്തിനാലാം നമ്പര്‍ ജഴ്സി വിവാദത്തിലായി. യൂറോ കപ്പിനു വേണ്ടി തയാറാക്കിയ പുതിയ ഡിസൈനില്‍ 44 എന്നെഴുതിയിരിക്കുന്നതിനാണ് എസ് എസ് ചിഹ്നവുമായി സാദൃശ്യം ആരോപിക്കപ്പെടുന്നത്. ഏതായാലും സംഭവം വിവാദമായതോടെ പുതിയ കിറ്റിലെ 44-ാം നമ്പര്‍ ജഴ്സി ആരാധകര്‍ ആരും വാങ്ങരുതെന്ന് അഡിഡാസ് അഭ്യര്‍ഥിച്ചിരിക്കുകയാണ്. പുതിയ ഡിസൈനില്‍ 44–ാം നമ്പര്‍ കിറ്റ് ഇറക്കുമെന്നും അധികൃതര്‍ അറിയിച്ചു. 1950കള്‍ മുതല്‍ ജര്‍മന്‍ ജഴ്സി നിര്‍മിക്കുന്നത് അഡിഡാസ് ആണ്. ഈ വര്‍ഷം നടക്കുന്ന യൂറോ കപ്പിന്‍റെ ആതിഥേയരെന്ന നിലയില്‍ ജര്‍മന്‍ ടീമിന്‍റെ ജഴ്സിക്ക് അഭൂതപൂര്‍വമായ ഡിമാന്‍ഡാണ് രാജ്യത്തെ വിപണികളിലുള്ളത്.

രണ്ടാം ലോക മഹായുദ്ധ കാലത്ത് അഡോള്‍ഫ് ഹിറ്റ്ലറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച സൈനിക വിഭാഗമായിരുന്നു എസ്എസ്. യുദ്ധകാല ക്രൂരതയില്‍ ഏറ്റവും കുപ്രസിദ്ധി നേടിയ വിഭാഗങ്ങളിലൊന്നായിരുന്നു എസ്.എസ് യൂണിറ്റ്. 1929ലാണ് എസ്.എസ് യൂണിറ്റ് രൂപംകെണ്ടത്. ഹിറ്റ്ലറുടെ രഹസ്യ പൊലീസ് ആയിരുന്ന ഗസ്റ്റപോ ഏജന്‍റുമാര്‍ മുതല്‍ ദശലക്ഷക്കണക്കിനാളുകള്‍ കൊല്ലപ്പെട്ട കോണ്‍സന്‍ട്രേഷന്‍ ക്യാംപ് ഗാര്‍ഡുമാര്‍ വരെ എസ്.എസ് അംഗങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. ജഴ്സി നമ്പറിന് നാസി ചിഹ്നവുമായുള്ള സാമ്യത ആദ്യം ചൂണ്ടിക്കാട്ടിയത് ചരിത്രകാരനായ മൈക്കല്‍ കോനിങ് ആയിരുന്നു. പിന്നീട് മാധ്യമങ്ങളും ഇത് ഏറ്റെടുത്തു. അതേസമയം, നാസി ചിഹ്നങ്ങളുമായുള്ള സാമ്യം ഉള്‍പ്പെടുത്തിയത് മനഃപൂര്‍വമാണെന്ന ആരോപണം അഡിഡാസ് വക്താവ് ഒലിവര്‍ ബ്രൂഗന്‍ നിഷേധിച്ചു. ജര്‍മന്‍ ഫുട്ബാള്‍ അസോസിയേഷനും പങ്കാളികളുമാണ് ഈ നമ്പര്‍ രൂപകല്‍പന ചെയ്തതെന്നും ഇതിന്‍റെ അനുമതിക്കായി യുവേഫക്ക് സമര്‍പ്പിച്ചപ്പോള്‍ നാസി ചിഹ്നവുമായി ആരും സാമ്യം കണ്ടെത്തിയിരുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു. എവേ മത്സരങ്ങള്‍ക്ക് പിങ്ക് നിറത്തിലുള്ള ജഴ്സി ഇറക്കിയതിനെ ചൊല്ലിയും വിവാദം ഉടലെടുത്തിരുന്നു. രാജ്യത്തിന്‍റെ വൈവിധ്യത്തെയാണ് നിറം പ്രതിനിധീകരിക്കുന്നതെന്ന് ഇതിനെ പിന്തുണക്കുന്നവര്‍ പറയുമ്പോള്‍ ഇത് പാരമ്പര്യേതരമാണെന്നും ജര്‍മന്‍ ഫുട്ബാള്‍ അസോസിയേഷന് പണം സ്വരൂപിക്കുന്നതിനായി അവതരിപ്പിച്ചതാണെന്നുമാണ് വിമര്‍ശകരുടെ ആരോപണം.

English Summary:

44 Number Jersey of the German Football Team is in Controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com